'നയൻതാരയെ കൊണ്ടുവന്നത് എന്റെ ബുദ്ധിയല്ല, കമല്‍ സാർ സംവിധാനത്തില്‍ കൈകടത്തുമെന്ന് പലരും പറഞ്ഞു'
ആളുകൾ സംവിധായകന്റെ പേര് നോക്കി തിയേറ്ററുകളിലേക്ക് എത്തുന്നുണ്ടെങ്കിൽ അക്കൂട്ടത്തിൽപ്പെടുന്ന ഒരാളാണ് ജീത്തു ജോസഫ്. ഡിറ്റക്ടീവ് മുതൽ നുണക്കുഴി വരെ എത്തിനിൽക്കുമ്പോൾ മിനിമം ഗ്യാരന്റിയുള്ള സിനിമകളായിരിക്കും ജീത്തുവിന്റേതെന്ന് പ്രേക്ഷകർക്ക് മനസിലായി കഴിഞ്ഞു. ഇതുവരെ പതിനെട്ടോളം സിനിമകൾ സംവിധാനം ചെയ്ത ജീത്തുവിന്റെ പേര് ഏറ്റവും കൂടുതൽ ചർച്ചയായത് ദൃശ്യം സീരിസിന്റെ റിലീസിനുശേഷമാണ്. ദൃശ്യം ഭാഷാതിര്‍ത്തികള്‍ കടന്ന് വന്‍ വിജയമായി മാറി. ചൈനീസ് അടക്കം ഏഴ് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട ഒരേയൊരു മലയാള സിനിമ കൂടിയാണ് ദൃശ്യം.
ചിത്രത്തിന്റെ തമിഴ് റീമേക്കിൽ അഭിനയിച്ചത് നടൻ കമൽഹാസൻ ആയിരുന്നു. എന്നാൽ ദൃശ്യം പോലൊരു ഹിറ്റ് തീർക്കാൻ പാപനാശത്തിന് കഴിഞ്ഞില്ല. സമ്മിശ്ര പ്രതികരണമാണ് സിനിമ നേടിയത്. ഇപ്പോഴിതാ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ചപ്പോഴുള്ള അനുഭവം ജീത്തു പങ്കിട്ടിരിക്കുകയാണ്.

റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീത്തു. ഞാൻ ആദ്യമായി ചെയ്ത തമിഴ് സിനിമയായിരുന്നു പാപനാശം. ലാലേട്ടനെ വെച്ച് സിനിമ ചെയ്യാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്നാൽ അവിടെ നിന്നും പോയി കമൽസാറിനെയും റിഷി സാറിനേയും എല്ലാം വെച്ച് പടം ചെയ്യാൻ പറ്റി. അതൊരു വലിയ ദൈവാനുഗ്രഹമാണ്. പാപനാശത്തിലെ സ്വയംഭൂലിംഗ നാടാര്‍ കുറച്ച് ഇമോഷണലാണ്.
അതുകൊണ്ടാണ് സിനിമയിൽ ചിലയിടങ്ങളിൽ അദ്ദേഹം ഡയലോഗ് പറയുന്നതിനിടയിൽ വിതുമ്പി പോയത്. ദൃശ്യം തമിഴില്‍ കമല്‍ഹാസനെ വെച്ച് ഞാന്‍ ചെയ്യുന്നുവെന്ന് ഉറപ്പിച്ചപ്പോള്‍ പലരും എന്നെ ഉപദേശിച്ചു. കമല്‍ ഹാസന്‍ പലപ്പോഴും സംവിധാനത്തില്‍ ഇടപെടും. നമ്മള്‍ വിചാരിച്ചതുപോലെ സിനിമ ചെയ്യാന്‍ പറ്റില്ല എന്നാണ് അവര്‍ പറഞ്ഞത്. എത്രയൊക്കെ കൈകടത്തിയാലും അവസാനം സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് നമ്മുടെ പേരായിരിക്കുമല്ലോമെന്ന് ഞാന്‍ അവരോട് തിരിച്ച് പറഞ്ഞു.
എന്നെ സംബന്ധിച്ച് കമല്‍ സാറിനെ വെച്ച് ഒരു സിനിമ ചെയ്യുന്നുവെന്നത് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇനി ആ പടം മുഴുവന്‍ കമല്‍ സാര്‍ ഡയറക്ട് ചെയ്താലും എനിക്ക് കുഴപ്പമില്ല. ബാക്കിയുള്ളവരോട് പറയുമ്പോള്‍ കമല്‍ ഹാസനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ പറ്റിയെന്ന് പറയാമല്ലോയെന്ന് മാത്രമെ ചിന്തിച്ചുള്ളൂ. പക്ഷെ അദ്ദേഹം അധികം കൈകടത്തല്‍ നടത്തിയിട്ടില്ല.
സ്വയംഭൂലിംഗ നാടാര്‍ എന്ന പേരും പാപനാശം എന്ന ടൈറ്റിലും അദ്ദേഹം സജസ്റ്റ് ചെയ്തതാണെന്നും ജീത്തു ജോസഫ് പറഞ്ഞു. പിന്നീട് സമ്മിശ്ര പ്രതികരണം നേടിയ ലൈഫ് ഓഫ് ജോസൂട്ടിയെന്ന ദിലീപ് സിനിമയെ കുറിച്ചും ജീത്തു ജോസഫ് സംസാരിച്ചു.
റിയാക്ഷനിലൂടെ കഥ പറയാൻ ഞാൻ ശ്രമിച്ചിട്ടില്ല. റിയാക്ഷന് ഇംപോർട്ടൻസ് കൊടുക്കണമെന്ന് തോന്നുമ്പോൾ അത് എടുക്കുന്നതാണ്. ഞാൻ ഒത്തിരി പടത്തിലൊന്നും അസിസ്റ്റ് ചെയ്തിട്ടില്ല. ഒരു പടമെ ചെയ്തിട്ടുള്ളു. അതുകൊണ്ട് തന്നെ ഫിലിം മേക്കിങിനെ കുറിച്ച് എനിക്ക് വലിയ ധാരണയില്ല.

എനിക്ക് തോന്നിയത് പോലെയാണ് ഞാൻ ചെയ്യുന്നത്. എന്റെ തോന്നലിലൂടെയാണ് ഞാൻ യാത്ര ചെയ്യുന്നത്. അതാണ് എപ്പോഴും നല്ലതെന്ന് തോന്നുന്നു. നിയമങ്ങൾ പഠിച്ചാൽ പിന്നെ അതിൽ നിന്ന് മാറാൻ പറ്റാതെ വരും. താൻ ചെയ്യുന്നത് തെറ്റാണോയെന്ന് തോന്നും. അതുപോലെ ലൈഫ് ഓഫ് ജോസൂട്ടിയുടെ ക്ലൈമാക്സിൽ നയൻതാരയെ കൊണ്ടുവന്നത് എന്റെ ബുദ്ധിയല്ല.
ക്ലൈമാക്സ് അങ്ങനെയായിരുന്നില്ല. ചർച്ചയിൽ വന്നതാണ്... ജോസൂട്ടിക്ക് നല്ലൊരു പെൺകുട്ടിയെ കിട്ടിയെന്ന സാറ്റിസ്ഫാക്ഷനിൽ ഓഡിയൻസിനെ ഇറക്കിവിടണമെന്ന് ചർച്ചയിൽ വന്നു. കാരണം ദുരന്തങ്ങളുടെ ഘോഷയാത്രയാണല്ലോ ജോസൂട്ടിയുടെ ലൈഫ്. ജോസൂട്ടി പത്ര പരസ്യം വായിച്ചിരിക്കുന്നിടത്ത് അവസാനിപ്പിക്കാം എന്ന രീതിയിലായിരുന്നു എന്റെ ക്ലൈമാക്സ്. അതൊന്നും ആളുകൾക്ക് അത്ര സുഖിച്ചില്ല. അതുപോലെ കുറച്ച് സീനുകൾക്ക് ക്രിട്ടിസിസവും വന്നു.
അവിടെയും എന്റെ കാൽക്കുലേഷൻ തെറ്റി. സ്ത്രീകൾക്ക് ചില സീനുകളിൽ വൾഗാരിറ്റി ഫീൽ ചെയ്തു. അതുകൊണ്ട് തന്നെ നേരിലെ റേപ്പ് സീൻ ചെയ്യുമ്പോൾ എനിക്ക് പേടിയായിരുന്നു. ഞാൻ ഇത്രയേറെ ഷൂട്ടിന് വിഷമിച്ച മറ്റൊരു സീനില്ല.
കാരണം ചിലപ്പോൾ റേപ്പാണെന്ന് പറഞ്ഞ് ഫാമിലി മാറി നിൽക്കും. പക്ഷെ റേപ്പ് കാണിക്കാതിരിക്കാനും പറ്റില്ല. അതുകൊണ്ട് വളരെ അധികം സൂക്ഷിച്ചാണ് ചെയ്തത്. നോബി മരിച്ച സീനും ആളുകളിൽ നെഗറ്റീവ് അടിപ്പിച്ചിരുന്നുവെന്നും ലൈഫ് ഓഫ് ജോസൂട്ടിയെ കുറിച്ച് സംസാരിക്കവെ ജീത്തു പറഞ്ഞു.


Click it and Unblock the Notifications











