നിങ്ങൾക്ക് എന്തോ സ്പെഷ്യാലിറ്റിയുണ്ട്, എന്നും ആ സൗദഹൃദം നിലനിർത്തുന്നു; കാവ്യയും ജീവയും ഒരേ ഫ്രെയിമിൽ!
സിനിമാ താരങ്ങളോളം തന്നെ ആരാധകരുണ്ട് സീരിയൽ താരങ്ങൾക്കും. തങ്ങളുടെ സ്വീകരണമുറിയിലെ സ്ക്രീനിൽ നിത്യം വിരുന്നെത്തുന്ന താരങ്ങളെ സ്വന്തം വീട്ടിലെ അംഗമെന്ന രീതിയിലാണ് ടെലിവിഷൻ പ്രേക്ഷകരും നോക്കി കാണുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിൽ വിജയകരമായി സംപ്രേഷണം ചെയ്തിരുന്ന പരമ്പരയാണ് കസ്തൂരിമാൻ. ചലച്ചിത്ര താരങ്ങളായ പ്രവീണ മുതൽ സീനിയർ ആർട്ടിസ്റ്റ് രാഘവൻ വരെ ഭാഗമായ പരമ്പരയ്ക്ക് ഇന്നും വലിയൊരു ആരാധകവൃന്ദമുണ്ട്.
നടി റെബേക്കയും ശ്രീറാം രാമചന്ദ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ സീരിയലിൽ കൈകാര്യം ചെയ്തത്. വളരെ ചുരുങ്ങിയ കാലയളവിൽ റെബേക്കയും ശ്രീറാമും അവതരിപ്പിച്ച കഥാപാത്രങ്ങളായ കാവ്യയും ജീവയും മലയാളികൾക്ക് പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ദമ്പതികളായി മാറി. അവരുടെ കെമിസ്ട്രിക്ക് തന്നെയായിരുന്നു സീരിയലിന്റെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ആരാധകർ നൽകിയിരുന്നത്.

ജീവയെന്ന സിനിമാനടന്റെ കഥാപാത്രത്തെയാണ് ശ്രീറാം സീരിയലിൽ അവതരിപ്പിച്ചത്. അതേസമയം കാവ്യയെന്ന വക്കീലിന്റെ വേഷമായിരുന്നു റബേക്ക സന്തോഷിന്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയായിരുന്നു കസ്തൂരിമാന്റെ കഥ. കാവ്യ-ജീവ ജോഡിക്ക് ഇപ്പോഴും സോഷ്യൽമീഡിയയിൽ സജീവമായി നിലനിൽക്കുന്ന ഫാൻ പേജുകളുണ്ട്.
കസ്തൂരിമാനിനുശേഷം റെബേക്ക സന്തോഷ്-ശ്രീറാം രാമചന്ദ്രൻ ജോഡിയുടെ കെമിസ്ട്രി ഓൺ സ്ക്രീനിൽ പ്രേക്ഷകർക്ക് പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല. ഇരുവരും സിനിമാ-സീരിയൽ അഭിനയം, കുടുംബം എന്നിവയെല്ലാമായി തിരക്കിലാണ്. ഇപ്പോഴിതാ വളരെ നാളുകൾക്കുശേഷം കാവ്യ-ജീവ ജോഡി ഒറ്റ ഫ്രെയിമിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് വീണ്ടും റെബേക്ക സന്തോഷും ശ്രീറാമും ഒരുമിച്ച് പ്രവർത്തിച്ചത്.
ജീവ തിരിച്ചെത്തിയിരിക്കുന്നുവെന്ന തലക്കെട്ടോടെയാണ് റെബേക്ക പരസ്യ ചിത്രീകരണത്തിനിടെ പകർത്തിയ കപ്പിൾ ഫോട്ടോകളും വീഡിയോയും പങ്കിട്ടത്. ആ പഴയ കെമിസ്ട്രിയും ബോണ്ടിങ്ങും വർഷങ്ങൾക്കുശേഷം ഒരുമിച്ചപ്പോഴും ഇരുവരിലും കാണാൻ കഴിയുന്നുവെന്നാണ് ആരാധകർ കുറിച്ചത്. സീരിയൽ അവാർഡിന്റെ വേദിയിലേക്ക് നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചത് ഇപ്പോഴും ഓർക്കുന്നു... എന്നാണ് അവതാരകയായ മീര വിഷ്ണു കമന്റായി കുറിച്ചത്.
നിങ്ങൾ ഒരുമിച്ച് വീണ്ടും ഒരു സീരിയൽ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ആരാധകരെ നിരാശപ്പെടുത്തല്ലേ എന്നായിരുന്നു ഒരു ആരാധകൻ ആവശ്യപ്പെട്ടത്. വാക്കുകളില്ല സന്തോഷം... കണ്ണുകളിൽ നിന്ന് കണ്ണുനീർ മാത്രം വരുന്നു, നിങ്ങൾക്ക് രണ്ടുപേർക്കും എന്തോ സ്പെഷ്യാലിറ്റിയുണ്ട്. ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും മനോഹരമായ ബോണ്ടിങ് നിങ്ങൾക്കുണ്ട്. എന്നും ആ സൗദഹൃദം നിലനിർത്തുന്നു.

എത്രയോ കോമ്പോകൾ വന്ന് പോയി. പക്ഷെ നിങ്ങളെപ്പോലെ ആരും മനസിൽ കയറിയിട്ടില്ലെന്നും കമന്റുകളുണ്ട്. സീരിയൽ ചരിത്രത്തിലെ പകരം വയ്ക്കാനില്ലാത്ത ജോഡികൾ എന്നാണ് മറ്റ് ചില സീരിയൽ പ്രേമികൾ കുറിച്ചത്. സ്ക്രീനിലെ റൊമാന്റിക് കപ്പിളായ ഇരുവരും ഓഫ് സ്ക്രീനിൽ ടോമും ജെറിയുമാണ്. അത് ഇരുവരും മുമ്പ് സമ്മതിച്ചിട്ടുള്ള കാര്യവുമാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട് അഭിനയം അവസാനിപ്പിക്കാം എന്നുവരെ ചിന്തിച്ചിരുന്നു ഒരിടയ്ക്ക് റബേക്ക സന്തോഷ്.
അതിനടിയിൽ വീണുകിട്ടിയ അവസരമായിരുന്നു കസ്തൂരിമാൻ. അത് ആഘോഷമായി. കസ്തൂരിമാന്‍ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ നായികാവേഷം പ്രേക്ഷക മനസില്‍ ഇടംപിടിച്ചു. 2017ലാണ് റബേക്കയെ തേടി കസ്തൂരിമാനെത്തുന്നത്. ഇന്നും പ്രേക്ഷകര്‍ക്ക് റബേക്ക കാവ്യയാണ്. 'പതിനെട്ടാം വയസിലാണ് ഞാന്‍ ഇരുപത്തെട്ടുകാരിയായ വക്കീല്‍ കാവ്യയെ അവതരിപ്പിച്ചത്.
ഞാന്‍ ചെയ്തതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം അതായിരുന്നു എന്നാണ് മുമ്പൊരിക്കൽ റെബേക്ക കാവ്യ എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. വിനീത് ശ്രീനിവാസന്‍റെ മലർവാടി ആർട്സ് ക്ലബ്ബിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച ഒരു കൂട്ടം ആർട്ടിസ്റ്റുകളിൽ ഒരാളാണ് പിന്നീട് മിനിസ്ക്രീനിലൂടെ തിളങ്ങിയ ശ്രീറാം രാമചന്ദ്രൻ.


Click it and Unblock the Notifications