'അയാൾ വിളിച്ച് അത്തരത്തിലുള്ള എല്ലാ സ്വഭാവവും നിർത്തിയെന്ന് പറഞ്ഞു, ലാലേട്ടൻ ഒരിക്കൽ മാത്രമാണ് ദേഷ്യപ്പെട്ടത്'
ഛായാഗ്രഹകൻ, സംവിധായകൻ എന്നീ നിലകളിൽ കഴിഞ്ഞ കുറച്ച് അധികം വർഷമായി മലയാള സിനിമയുടെ ഭാഗമാണ് ജിബു ജേക്കബ്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും, മേ ഹൂം മൂസ എന്നീ ശ്രദ്ധേയ സിനിമകളുടെ സംവിധായകനും ഛായാഗ്രഹകനുമായ ജിബു ജേക്കബ് പുതിയ പ്രൊഡക്ഷൻ കമ്പനിക്ക് കുറച്ചുനാൾ മുമ്പ് തുടക്കം കുറിച്ചിരുന്നു. ജിബു ജേക്കബ് എന്‍റര്‍ടെയ്ൻമെന്‍റ് എന്ന പേരിലാണ് കമ്പനി ആരംഭിച്ചത്. കമ്പനിയുടെ ആദ്യ സംരംഭമായി കൂടെവിടെ എന്ന ഹ്രസ്വചിത്രം ഒരുക്കിയതും ശ്രദ്ധ നേടിയിരുന്നു.
ജിബു ജേക്കബ് സംവിധാനം നിര്‍വ്വഹിച്ച സിനിമകളിൽ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയ സിനിമയാണ് മോഹൻലാലും മീനയും നായകനും നായികയുമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ഉലഹന്നാനായി മോഹൻലാൽ ജീവിച്ച സിനിമ 2017ലെ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു. ഓഫ് സീസൺ ടൈമിൽ ഒരു ഫാമിലി സബ്ജക്റ്റുമായി വന്ന് വേൾഡ് വൈഡായി 44 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ചിത്രവുമാണ് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ.

വി.ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ഈ ചലച്ചിത്രം. അനൂപ് മേനോൻ, അലൻസയർ ലേ ലോപസ്, നേഹ സക്സെന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചത്. സിന്ധു രാജ് തിരക്കഥയെഴുതിയ സിനിമയുടെ പ്രേക്ഷകർ അറിയാത്ത പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ജിബു ജേക്കബ്.
സിനിമയുടെ ഷൂട്ടിനായി കോഴിക്കോട് എത്തിയ മോഹൻലാൽ ആരാധകർക്കിടയിൽ കുടുങ്ങിപ്പോയ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും ജിബു ജേക്കബ് സഫാരി ചാനലിലെ ലൊക്കേഷൻ ഹണ്ട് എന്ന പ്രോഗ്രാമിൽ സംസാരിക്കവെ വെളിപ്പെടുത്തി. മോഹൻലാൽ അവതരിപ്പിച്ച ഉലഹന്നാനും കുടുംവും താമസിക്കുന്ന ഹൗസിങ് കോളനിയുടെ ലൊക്കേഷൻ കണ്ടുപിടിക്കാൻ അലഞ്ഞ നാളുകൾ ഓർത്തുകൊണ്ടാണ് ജിബു ജേക്കബ് സംസാരിച്ച് തുടങ്ങിയത്.
ഇടത്തരക്കാരനായ സർക്കാർ ജീവനക്കാരൻ ഉലഹന്നാൻ താമസിക്കുന്ന ഹൗസിങ് കോളനിക്കായി ലൊക്കേഷൻ കണ്ടുപിടിക്കാൻ ഏറെ ബുദ്ധിമുട്ടി. പിന്നീട് കോഴിക്കോട് ബിലാത്തിക്കുളത്തുള്ള കോളനി കണ്ടുപിടിച്ചത്. അവിടെ താമസമില്ലാത്ത ഫ്ലാറ്റ് കണ്ടെത്താനും പാടുപെട്ടു. മുമ്പൊരു ഷൂട്ടിങ് നടന്നപ്പോൾ അവിടെയുള്ള കോളനിക്കാർ വളരെ അധികം ബുദ്ധിമുട്ട് അനുഭവിച്ചതുകൊണ്ട് തന്നെ ഞങ്ങൾ ഷൂട്ടിങിന് പെർമിഷൻ ചോദിച്ചപ്പോൾ അവർ ആദ്യം സമ്മതിച്ചില്ല.
പിന്നീട് അസോസിയേഷൻ കൂടി തീരുമാനിച്ചും നായകൻ ലാലേട്ടനായതുകൊണ്ടും മാത്രമാണ് ഷൂട്ടിങിനുള്ള പെർമിഷൻ അവർ തന്നത്. അവിടെയുള്ള എല്ലാ വീട്ടുകാരും വളരെ അധികം സഹകരിച്ചു. ഞങ്ങളുടെ ഭക്ഷണം പോലും അവിടെയുള്ള വീടുകളിൽ നിന്നായിരുന്നു. അവിടെയുള്ള ആളുകൾ സിനിമയിലെ ഒരു പാട്ട് സീനിൽ അഭിനയിക്കുകയും ചെയ്തു.

ഡയറക്ടർ ഫ്രണ്ട്ലിയായിട്ടുള്ള നടനാണ് ലാലേട്ടൻ. എത്ര ടേക്ക് പോയാലും അദ്ദേഹം പ്രശ്നമുണ്ടാക്കില്ല. വർഷങ്ങൾക്കുശേഷമാണ് ലാലേട്ടൻ കോഴിക്കോട് ഒരു സിനിമ ഷൂട്ടിങിന് എത്തുന്നത്. സിനിമയിലെ ബസ്സിലെ സീൻ ഷൂട്ട് ചെയ്യാൻ വേണ്ടി ബൈപ്പാസായിരുന്നു തെരഞ്ഞെടുത്തത്. ഗട്ടറില്ലാത്ത റോഡിന് വേണ്ടിയാണ് ബൈപ്പാസ് തെരഞ്ഞെടുത്തത്. പക്ഷെ അവിടെ ലാലേട്ടൻ വന്ന് ഇറങ്ങിയപ്പോഴേക്കും ആളുകൾ തടിച്ച് കൂടി ആകെ ബഹളമായി.
ലാലേട്ടനെ കാരവാനിലേക്ക് എത്തിക്കാൻ പോലും സാധിച്ചില്ല. പിന്നീട് പോലീസ് വന്നാണ് തിരക്ക് നിയന്ത്രിച്ചത്. അന്ന് മാത്രമാണ് എന്നോട് ലാലേട്ടൻ കുറച്ച് ദേഷ്യപ്പെട്ട് സംസാരിച്ചത്. കാരണം തടിച്ച് കൂടിയ ആളുകൾ സ്നേഹപ്രകടിപ്പിക്കാനായി അടുത്ത് കൂടിയപ്പോൾ ഉന്തിലും തള്ളിലും ലാലേട്ടനും പെട്ടു. അതുപോലെ കോഴിക്കോട് തന്നെയുള്ള ഒരു ഗ്രാമത്തിലെ വാഴത്തോട്ടത്തിലാണ് പഞ്ചായത്ത് ഓഫീസിന്റെ സെറ്റിട്ടത്.
ക്ലൈമാക്സിൽ ലാലേട്ടന്റെ സജഷനുണ്ടായിരുന്നു. ആ സജഷൻ കൂടി ചേർത്താണ് ഇപ്പോഴുള്ള ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ ലൈഫുമായി കണക്ടായ സിനിമയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോഴെന്ന് പലരും പറഞ്ഞിട്ടുണ്ട്.
സിനിമയിലെ അനൂപ് മേനോന്റെ ക്യാരക്ടറിനുള്ള സ്വഭാവമുള്ള ഒരാൾ വിളിച്ച് സിനിമ കണ്ടശേഷം അയാളുടെ ആ സ്വഭാവങ്ങളും മോശം പരിപാടികളും എല്ലാം നിർത്തിയെന്ന് എന്നോട് പറഞ്ഞു. സിനിമ കണ്ടശേഷം കണ്ണുനിറഞ്ഞ് ഭാര്യയുടെ കയ്യിൽ മുറുക്കി പിടിച്ചുവെന്നും അയാൾ എന്നെ ഫോൺ വിളിച്ച് പറഞ്ഞുവെന്നും ജിബു ജേക്കബ് പറഞ്ഞു.


Click it and Unblock the Notifications











