'ഒരു വൃത്തികേട് ചെയ്തോട്ടെയെന്ന് അമലേട്ടൻ, കാസ്റ്റിങ് കൗച്ച് ആണോയെന്ന് ഭയന്നു, സിനിമയിലേക്ക് വന്നതേയുള്ളു'
മികച്ച മേക്കിങും കൺസപ്റ്റും കൊണ്ട് ഒട്ടുമിക്ക സിനിമാപ്രേമികൾക്കും പ്രിയപ്പെട്ട സിനിമയാണ് കുള്ളന്റെ ഭാര്യ. അഞ്ച് സുന്ദരികൾ എന്ന ആന്തോളജിയിലെ ഒരു ഹ്രസ്വചിത്രം കുള്ളന്റെ ഭാര്യയായിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ഈ സിനിമയിൽ കുള്ളനായി അഭിനയിച്ചത് നടനും ആർജെയും എല്ലാമായ ജിനു ബെന്നാണ്. ഇന്നും ജിനുവിനെ ആളുകൾ തിരിച്ചറിയുന്നത് കുള്ളന്റെ ഭാര്യയിലെ നായകൻ എന്ന നിലയിലാണ്. കുട്ടിക്കാലം മുതൽ അഭിനയമോഹം ഉള്ളിലുള്ള ജിനു നടൻ മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന അഞ്ച് പേരിൽ ഒരാളാണ്.
കുള്ളന്റെ ഭാര്യയിൽ നായകനായ കഥയും മമ്മൂട്ടിയുടെ ഫോളോയിങ് ലിസ്റ്റിൽ ഇടംപിടിച്ച കഥയും ദി ഇ-കോം ഷോ ബൈ ഷാൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജിനു പങ്കുവെച്ചു. പണ്ട് മുതൽ അഭിനയിക്കാൻ ആഗ്രഹമുള്ളയാളാണ് ഞാൻ. സ്കൂളിൽ പഠിക്കുന്ന സമയത്ത് സീരിയൽ ഓഡീഷനൊക്കെ പോയിട്ടുണ്ട്.

പക്ഷെ കിട്ടിയില്ല. അന്നും ഇന്നും അഭിനയിക്കാനുള്ള ആഗ്രഹം തിളച്ച് നിൽക്കുന്നുണ്ട്. അങ്ങനെയാണ് മീഡിയ മേഖലയിലേക്ക് പോകാമെന്ന് തീരുമാനിച്ചതും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ചതും. പിന്നീട് രസികരാജ നമ്പർ വൺ എന്ന ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറായി കേറി. ചെന്നൈ എവിഎം സ്റ്റുഡിയോയിലായിരുന്നു ഷൂട്ട്. രണ്ട് സീസൺ മുഴുവൻ അസിസ്റ്റ് ചെയ്തു. പിന്നീട് ദിനതന്തിയിൽ സൗണ്ട് എഞ്ചിനീയറായി ജോലിക്ക് കേറി. പക്ഷെ പണി അറിയില്ലായിരുന്നു.
2007ലാണ് ഇത് നടക്കുന്നത്. 12000 രൂപയായിരുന്നു ശമ്പളം. ജോലിക്ക് കേറിയശേഷം പണി പഠിക്കാമെന്ന മൈന്റായിരുന്നു. ശേഷം റേഡിയോ മാംഗോയിൽ ആർജെയായി ജോലി കിട്ടി. ഒന്നര വർഷത്തോളം അവിടെ ജോലി ചെയ്തു. പിന്നീട് റെഡ്ഡ് എഫ്എമ്മിലേക്ക് മാറി. അതിനുശേഷം സിനിമയിൽ ഡബ്ബ് ചെയ്തും തുടങ്ങി. ദൃശ്യത്തിൽ വരുൺ എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് ഞാനാണ്.
പിന്നീട് അമ്പതോളം സിനിമകൾക്ക് ഡബ്ബ് ചെയ്തു. അതിനിടയിലാണ് കുള്ളന്റെ ഭാര്യ എന്ന സിനിമ സംഭവിക്കുന്നത്. റേഡിയോയിലെ സുഹൃത്തുക്കൾ വഴിയാണ് അമൽ ചേട്ടന്റെ കുള്ളന്റെ ഭാര്യയിലേക്ക് അവസരം കിട്ടുന്നത്. രണ്ട് മണിക്കൂർ എടുത്ത് സിനിമാറ്റിക്കായാണ് അമൽ ചേട്ടൻ എനിക്ക് കഥ പറഞ്ഞ് തന്നത്. അന്ന് ക്ലൈമാക്സിൽ ചെറിയ വ്യത്യാസങ്ങളുണ്ടായിരുന്നു. കഥ ഇഷ്ടപ്പെട്ടോയെന്ന് എന്നോട് ചോദിച്ചു. കൊള്ളാമെന്ന് ഞാനും പറഞ്ഞു.
അതിനുശേഷം ജിനു ഞാൻ ഒരു വൃത്തികേട് ചെയ്തോട്ടെയെന്ന് അമൽ ചേട്ടൻ ചോദിച്ചു. ദൈവമേ കാസ്റ്റിങ് കൗച്ച് വല്ലതുമാണോയെന്ന് ഒരു നിമിഷം ഞാൻ മനസിൽ ചിന്തിച്ചു. കാരണം ഞാനാണെങ്കിൽ സിനിമയിലേക്ക് കാലെടുത്ത് വെച്ചതല്ലേയുള്ളു. ഒന്നും അറിയില്ലല്ലോ. അമലേട്ടൻ എഴുന്നേറ്റ് പോയി. തിരിച്ച് വന്നശേഷം എഴുന്നേറ്റ് ഭിത്തിയോട് ചേർന്ന് നിൽക്കാമോയെന്ന് ചോദിച്ചു. കൺഫ്യൂഷനായി കഴിഞ്ഞാൽ എല്ലാം യാന്ത്രികമാകുമല്ലോ.

പുള്ളി ഭിത്തിയോട് ചേർന്ന് നിൽക്കാൻ പറഞ്ഞത് എന്റെ ഉയരം പുള്ളിക്ക് അടയാളപ്പെടുത്താൻ വേണ്ടിയായിരുന്നു. അതിനിടയിൽ എന്റെ വൃത്തികെട്ട ചിന്തയിലൂടെ എന്തൊക്കയോ പോയി. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. എന്റെ ഉയരം അടയാളപ്പെടുത്തിയതിന് താഴെയും മുകളിലും വേറെയും ആൾക്കാരുടെ ഉയരം അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. പക്ഷെ അവർക്ക് ആർക്കും കുള്ളന്റെ ഭാര്യയിൽ ഭാഗമാകാനുള്ള തലവര ഉണ്ടായിരുന്നില്ലെന്നതാണ് സത്യം ജിനു പറഞ്ഞു. മമ്മൂക്ക തന്നെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാനുള്ള കാരണവും ജിനു പങ്കുവെച്ചു.
സത്യം പറഞ്ഞാൽ ഇതേ കുറിച്ച് പുറത്ത് പറയാൻ ഞാൻ വളരെ അധികം പേടിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ആ രഹസ്യം എന്നോട് കൂടി ഭൂമിയിൽ അലിഞ്ഞ് ചേരട്ടെ എന്ന് മാത്രമെ ഞാൻ വിചാരിക്കാറുള്ളു. അദ്ദേഹത്തിന്റെ വലിയ മനസാണ് എന്നെ ഫോളോ ചെയ്തുവെന്നത്. മെറ്റയിൽ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹവുമായി ഞാൻ ഒരുപാട് ഇന്ററാക്ട് ചെയ്യുമായിരുന്നു.
അങ്ങനെ ഇൻസ്റ്റഗ്രാമിൽ അദ്ദേഹം അക്കൗണ്ട് ഓപ്പൺ ചെയ്ത സമയത്ത് എന്നെ ഫോളോ ചെയ്തത് തന്നെയാണ്. ഞാൻ ഇതേ കുറിച്ച് അദ്ദേഹത്തോട് ഒരിക്കൽ ചോദിച്ചിട്ടുണ്ട്. കുഴപ്പമുണ്ടോയെന്നാണ് എന്നോട് തിരിച്ച് ചോദിച്ചത്. ഇല്ല കുഴപ്പമൊന്നുമില്ല. അവിടെ ഇരുന്നോട്ടെ... അവിടെ ഇരിക്കുന്നത് കൊണ്ട് ഗുണം മാത്രമെയുള്ളു എന്ന് ഞാനും പറഞ്ഞു.


Click it and Unblock the Notifications











