'കരൾ പകുത്ത് കൊടുക്കാൻ പൂർണ സമ്മതമായിരുന്നു, സുബി എനിക്ക് സഹോദരിയെപ്പോലെയാണ്'; കരൾ നൽകാനിരുന്ന ജിഷ!
കഴിഞ്ഞ ദിവസം രാവിലെ മലയാളികൾ ഉണർന്നത് താങ്ങാവുന്നതിലും അപ്പുറത്തുള്ള ഒരു ദുരന്ത വാർത്ത കേട്ടാണ്. പ്രിയപ്പെട്ട ടിവി-സിനിമാ താരം സുബി സുരേഷ് ഈ ലോകത്ത് നിന്നും പോയി എന്നതായിരുന്നു ആ വാർത്ത.
സ്വഭാവ സവിശേഷതകൾ കൊണ്ടും പ്രകടനങ്ങൾ കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ജനമനസുകളിൽ കയറിക്കൂടിയ താരത്തിന്റെ അപ്രതീക്ഷിത വേർപാടിൽ തകർന്നിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും സിനിമാ ലോകവും ബന്ധുക്കളും.
മലയാള ചലച്ചിത്ര, ടെലിവിഷൻ, മിമിക്രി താരം എന്ന നിലകളിൽ തിളങ്ങിയ സുബി സ്വപ്രയത്നം കൊണ്ട് പ്രേക്ഷകർക്കിടയിൽ സ്ഥാനം ഉണ്ടാക്കി എടുക്കുകയായിരുന്നു. സ്വന്തം അസുഖത്തിന്റെ അവസ്ഥ പോലും നോക്കാതെ സ്വപ്നങ്ങൾക്ക് പുറകെയായിരുന്നു സുബി.
സുബിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഏതൊരു വ്യക്തിയ്‌ക്കും പ്രചോദനം നൽകുന്ന ഇന്ന് കാണുന്ന അവരുടെ ജീവിതം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തീയതിവരെ നിശ്ചയിച്ചിരിക്കവെയാണ് സുബി അന്തരിച്ചത്.

സുബിയുടെ ബന്ധുവായ ജിഷയായിരുന്നു സുബിക്ക് കരൾ നൽകാൻ തയ്യാറായി മുന്നോട്ട് വന്നത്. ഇപ്പോഴിത സുബിയുടെ കുടുംബവുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് ജിഷ പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. സുബിക്ക് കരൾ കൊടുക്കാൻ കൂടുതൽ തനിക്ക് ആലോചിക്കേണ്ടി വന്നില്ലെന്നാണ് ജിഷ പറയുന്നത്.
'എന്റെ വല്യമ്മയുടെ മകളുടെ മകളാണ് സുബി. സുബിക്ക് കുറച്ചുനാളുകളായി സോഡിയം, പൊട്ടാസ്യം എന്നിവയെല്ലാം കുറഞ്ഞ് കുറച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ കരളിന് ഇത്രയും പ്രശ്നം വന്നത് മഞ്ഞപ്പിത്തം വന്നശേഷമാണ്.'

'അത് വരെ സുബി നല്ല ആക്ടീവായി സംസാരിക്കുകയും പരിപാടി ചെയ്യുകയുമൊക്കെ ചെയ്തിരുന്നതാണ്. മഞ്ഞപ്പിത്തം വന്നതോടെ ലിവർ പെട്ടന്ന് ഫെയിലിയറായി. അതിനുശേഷം അതിനോട് അനുബന്ധിച്ചുള്ള മറ്റ് അവയവങ്ങളുടെ പ്രവർത്തനവും പ്രശ്നത്തിലായി.'
'പതിനഞ്ച് ദിവസമായി സുബിക്ക് കരൾ മാറ്റിവെക്കാനുള്ള പേപ്പർ വർക്കുകൾ വേഗത്തിൽ നടക്കുകയായിരുന്നു. എമർജൻസിയായിട്ട് സർജറി ചെയ്യണമെന്നായിരുന്നു. സുബിയുടെ അമ്മ എനിക്ക് എന്റെ അമ്മയെപ്പോലെയാണ്. സുബി എനിക്ക് സഹോദരിയെപ്പോലെയാണ്.'

'സുബിയുടെ അമ്മയ്ക്കൊപ്പം നിന്നാണ് ഞാൻ പഠിച്ചത്. അതുകൊണ്ട് തന്നെ സുബിയുടെ അമ്മയുമായും സുബിയുമായും വിവരിക്കാൻ പറ്റുന്നതിനുമപ്പുറം അടുപ്പം ഉണ്ട്. എന്നോട് ആന്റി കരൾ മാറ്റിവെക്കലിനെ കുറിച്ച് സംസാരിച്ചപ്പോൾ തന്നെ ഞാൻ പൂർണ്ണ സമ്മതം പറഞ്ഞിരുന്നു.'
'ലാസ്റ്റ് നിമിഷം വരെ സർജറി കഴിഞ്ഞ് തിരിച്ച് പ്രോഗ്രാമൊക്കെ ചെയ്യാൻ പോകാൻ പറ്റുമെന്ന നല്ല കോൺഫിഡൻസായിരുന്നു സുബിക്ക്. ലാസ്റ്റ് രണ്ട് ദിവസമാണ് സുബിക്ക് ബോധമില്ലാതെയായിപ്പോയത്. ബാക്കിയെല്ലാ ദിവസങ്ങളിലും കാര്യങ്ങൾ സുബി അറിഞ്ഞും മനസിലാക്കിയുമാണ് ഇരുന്നിരുന്നത്.'

'പ്രഷർ കൂടിയതുകൊണ്ടാണ് ഓപ്പറേഷൻ ചെയ്യാൻ കുറച്ച് കൂടി കാത്തിരുന്നത്' ജിഷ പറഞ്ഞു. ടിനി ടോം അടക്കമുള്ളവർ സുബിയുടെ ചികിത്സാ ആവശ്യങ്ങൾ നന്നായി നടക്കുന്നതിനുള്ള ഓട്ടപാച്ചിലിലായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി. 'കഴിഞ്ഞ പത്ത് പതിനേഴ് ദിവസമായി രാജഗിരി ഹോസ്പിറ്റലില്‍ ആയിരുന്നു സുബി.'
'ഞാന്‍ സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു സുബി. ഞങ്ങള്‍ എല്ലാം പരമാവധി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ശ്രമം നടത്തി നോക്കി. സുബിയുടെ അമ്മയുടെ ചേച്ചിയുടെ മകള്‍ കരള്‍ നല്‍കാന്‍ തയ്യാറായിരുന്നു.'

'അതിന്‍റെ നടപടി ക്രമങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ സുരേഷ് ഗോപിയും ഹൈബി ഈഡന്‍ ഇങ്ങനെ രാഷ്ട്രീയ സംസ്കാരിക രംഗത്തെ ആള്‍ക്കാരെ ബന്ധപ്പെട്ട് ഈ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷര്‍ വര്‍ധിക്കുകയായിരുന്നു.'
'തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല. കിഡ്നിയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി വെന്‍റിലേറ്ററിലേക്ക് മാറ്റി. പിന്നെ മരണം സംഭവിച്ചു' എന്നാണ് ടിനി ടോം പറഞ്ഞത്.


Click it and Unblock the Notifications