പത്ത് ദിവസത്തിനുള്ളിൽ ഞങ്ങൾ ഡിവോഴ്സായി, മകനെ കണ്ടത് ഒരു പ്രാവശ്യം, കാരണമുണ്ട്: ജിഷിൻ മോഹൻ
വ്യക്തി ജീവിതത്തിൽ പല ഘട്ടങ്ങൾ നടൻ ജിഷിൻ മോഹന് നേരിടേണ്ടി വന്നിട്ടുണ്ട്. നടി വരദയുമായുള്ള വിവാഹവും വേർപിരിയലും ഏറെ ചർച്ചയായതാണ്. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായവരാണ് ജിഷിനും വരദയും. വിവാഹ ശേഷം ഇവർക്കൊരു മകനും പിറന്നു. എന്നാൽ അസ്വാരസ്യങ്ങൾ വന്നതോടെ പിരിഞ്ഞു. വിവാഹമോചനത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. എന്നാൽ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഇരുവരും അന്ന് തയ്യാറായില്ല.
ഇപ്പോഴിതാ ആദ്യമായി വേർപിരിയലിനെക്കുറിച്ച് മനസ് തുറക്കുകയാണ് ജിഷിൻ. വേർപിരിയൽ തന്നെ മാനസികമായി ബാധിച്ചിരുന്നെന്ന് ജിഷിൻ മോഹൻ പറയുന്നു. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. ഞാൻ ഒരു അഭിമുഖത്തിലും എന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. അത് വ്യക്തിപരമായി കാര്യമാണെന്ന് കരുതുന്നു. എന്നാൽ മുൻ ഭാര്യ തന്നെക്കുറിച്ച് മോശമായി സംസാരിച്ചത് താനറിഞ്ഞിട്ടുണ്ടെന്നും മരിച്ച് പോയ തന്റെ ചേട്ടനെക്കുറിച്ച് പോലും മോശമായി പറഞ്ഞെന്നും ജിഷിൻ ആരോപിക്കുന്നു.

അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഓരോരുത്തരുടെയും സ്വഭാവമാണ്. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലായിരുന്നു. ഡിവോഴ്സ് ആവശ്യപ്പെട്ടത് അവളാണ്. പത്ത് ദിവസത്തിനുള്ളിൽ ഞങ്ങൾ ഡിവോഴ്സായി. ഇത്രയ്ക്ക് എളുപ്പമായിരുന്നോ ഡിവോഴ്സ് എന്ന് തോന്നി. ചിരിച്ച് കൊണ്ട് പറയുന്നെങ്കിലും ആ ഘട്ടം കടന്ന് കിട്ടുക വലിയ പാടാണ്. പെൺകുട്ടികളെ സംബന്ധിച്ച് ഒരാളെ മറക്കാൻ സെക്കന്റുകൾ മതി. ആണുങ്ങൾക്ക് അങ്ങനെയല്ല.
മനസ് തകർന്ന ഘട്ടത്തിൽ സുഹൃത്ത് അമേയ തന്നെ ആശ്വസിപ്പിച്ചിട്ടുണ്ടെന്നും ജിഷിൻ വ്യക്തമാക്കി. ആണുങ്ങൾ കരയരുത് എന്ന് ചിന്തിച്ച ആളാണ് ഞാൻ. എന്നാൽ കരുതുന്നത് ഹീലിംഗ് ആണെന്ന് അമേയ തന്നെ പഠിപ്പിച്ചെന്നും ജിഷിൻ പറയുന്നു. ഡിവോഴ്സിന് ശേഷം മകനെ ഞാൻ ഒറ്റ പ്രാവശ്യമേ കണ്ടിട്ടുള്ളൂ. പിന്നെ കണ്ടിട്ടില്ല. എന്റെ തെറ്റായിരിക്കാം. മറക്കാൻ പ്രയാസമാണ്. ഞാനും മകനും വലിയ അടുപ്പമായിരുന്നു.

ഷൂട്ട് കഴിഞ്ഞ് വന്നാൽ പിന്നെ ഫോണൊന്നും എടുക്കില്ല. അവന്റെ കൂടെത്തെന്നെയായിരിക്കും. ഞാനവന്റെ കൂടെ ഓടിച്ചാടി കളിക്കും. മകനെ താൻ കാണാതിരുന്നതിന് കാരണമുണ്ടെന്ന് ജിഷിൻ വ്യക്തമാക്കി. ഇടയ്ക്കിടെ പോയി കണ്ട് അവനെ ഓർമ്മിപ്പിക്കേണ്ട എന്ന് കരുതി. കുട്ടികൾക്ക് പെട്ടെന്ന് മറക്കാൻ പറ്റുമായിരിക്കും. എവിടെയെങ്കിലും പോകുമ്പോൾ ഞാനവന് ഡ്രസുകൾ വാങ്ങിക്കും. അത് കൊടുക്കാൻ പോലും പറ്റിയില്ല.
അവൻ മറക്കാൻ സാധ്യതയില്ല. അവനെ എന്റെ കൂടെ തനിയെ വിടാനുള്ള പ്രായമായിട്ടില്ല. ആ സമയമാകുമ്പോൾ ഒന്നിച്ച് കറങ്ങാനാകുമെന്ന് കരുതുന്നെന്നും ജിഷിൻ പറഞ്ഞു. അതേസമയം മകനെ കാണുന്നതിൽ മുൻ ഭാര്യയുടെ എതിർപ്പില്ലെന്നും തന്റെ തീരുമാനമാണെന്നും ജിഷിൻ വ്യക്തമാക്കി. അച്ഛനും അമ്മയും കുട്ടിയുമാണ് കുടുംബം. എല്ലാവർക്കും അത് നേടാൻ പറ്റിയെന്ന് വരില്ല. അപ്പോൾ മറ്റ് സന്തോഷങ്ങളിലേക്ക് കടക്കണം. ഡിപ്രഷനായിട്ട് കാര്യമില്ല. ജീവിതം തീർന്നു എന്ന് കരുതുന്നതിന് പകരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും ജിഷിൻ വ്യക്തമാക്കി.
നടി അമേയ നായരുമായുള്ള അടുപ്പത്തെക്കുറിച്ചും ജിഷിൻ സംസാരിക്കുന്നുണ്ട്. നല്ല ക്വാളിറ്റിയുള്ള കുട്ടിയാണ് അമേയ. ക്ഷമാശീലം സമ്മതിക്കണം. തന്നെ സഹിക്കുക എന്നത് പാടാണെന്നും രണ്ട് പേരും പരസ്പരം മനസിലാക്കുന്നവരാണെന്നും ജിഷിൻ മോഹൻ വ്യക്തമാക്കി. തന്റെ വിവാഹമോചനത്തിന് കാരണം അമേയ അല്ലെന്നും ജിഷിൻ പറഞ്ഞു. അമേയയെ പരിചയപ്പെട്ടിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. മൂന്ന് വർഷം മുമ്പാണ് താൻ വിവാഹമോചനം നേടിയതെന്നും നടൻ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications