ഒരു അനുഭവത്തിൽ നിന്ന് മനസിലായില്ലേ, അമ്മയോട് എനിക്ക് പറയാനുള്ളത്; വൈകാരികമായി ജിഷിൻ
സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായ നടൻ ജിഷിൻ മോഹന്റെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. നടി വരദയാണ് ജിഷിന്റെ മുൻ ഭാര്യ. 2014 ൽ വിവാഹിതരായ ഇരുവരും 2022 ൽ വേർപിരിയുകയായിരുന്നു. ഒരു മകനുണ്ട്. പിരിഞ്ഞത് ഏറെ വിഷമിപ്പിച്ചെങ്കിലും തളർന്ന് പോകാതെ മുന്നോട്ട് പോകുകയാണ് ജിഷിൻ. ദുഖിച്ചിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് നടൻ പറയുന്നത്. അടുത്തിടെയാണ് നടി അമേയ നായരുമായുള്ള ജിഷിന്റെ സൗഹൃദം ചർച്ചയായത്.
അമേയയും താനും പരസ്പരം മനസിലാക്കുന്നവരാണെന്നും ജീവിതത്തിൽ തനിക്ക് താങ്ങായത് അമേയയാണെന്നും ജിഷിൻ വ്യക്തമാക്കിയിട്ടുണ്ട്. അമേയയുമായുള്ള ജിഷിന്റെ ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങളും വന്നിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് തന്റെ അമ്മയോട് പറയാനാഗ്രഹിക്കുന്ന കാര്യങ്ങൾ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ജിഷിൻ. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

അമ്മയോട് നേരിട്ട് പറയണമെന്ന് ആഗ്രഹിച്ച ചില കാര്യങ്ങളുണ്ട്. അമ്മയുടെ മോൻ നശിച്ച് പോകേണ്ട മോനായിരുന്നു. ആ മോനെ നല്ല വഴിക്ക് കൊണ്ട് വരാൻ ഒരാളെ കാെണ്ട് പറ്റി. എന്റെ ജീവിതത്തിലുണ്ടായതെല്ലാം അമ്മ കണ്ടതാണ്. അങ്ങനെ പോയിക്കൊണ്ടിരുന്ന ഒരുത്തനെ നല്ല രീതിയിലേക്ക് കൊണ്ട് വന്നു എന്ന് മാത്രം ചിന്തിച്ചാൽ മതി.
അല്ലാതെ കുടുംബക്കാർ ചോദിക്കുന്നു, ഞാനിതെന്താണ് പറയേണ്ടത്, നിനക്ക് ഒരു അനുഭവത്തിൽ നിന്ന് മനസിലായില്ലേ എന്ന് പറഞ്ഞ് എന്നെ ചീത്ത പറയുന്നതിലും നല്ലത് അങ്ങനെ പോയിക്കൊണ്ടിരുന്ന മകനെ നല്ല വഴിക്ക് ഒരാൾ കൊണ്ട് വന്നല്ലോ എന്ന് ചിന്തിക്കുന്നതാണ്. ചില കുടുബക്കാർ പറയുന്നത് കേൾക്കേണ്ട. അമ്മയുടെ മകൻ എന്താണെന്ന് അമ്മ മനസിലാക്കിയാൽ മതിയെന്നും ജിഷിൻ അമ്മയോടായി പറഞ്ഞു.

തന്റെ വിവാഹ മോചനത്തിന് കാരണം അമേയ അല്ലെന്നും ജിഷിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. അമേയയെ പരിചയപ്പെട്ടിട്ട് ഒരു വർഷമേ ആയുള്ളൂ. മൂന്ന് വർഷം മുമ്പാണ് താൻ വിവാഹ മോചനം നേടിയത്. അഭ്യൂഹങ്ങൾ തെറ്റാണെന്ന് ജിഷിൻ വ്യക്തമാക്കി. നല്ല ക്വാളിറ്റിയുള്ള ആളാണ് അമേയ. ക്ഷമാശീലമുണ്ട്. തന്നെ സഹിക്കുക പാടാണ്. രണ്ട് പേരും നന്നായി മനസിലാക്കുന്നവരാണെന്നും ജിഷിൻ മോഹൻ പറഞ്ഞു.
വരദയുമായി പിരിഞ്ഞതിനെക്കുറിച്ചും നടൻ തുറന്ന് സംസാരിച്ചു. വിവാഹമോചനത്തിന് ഫയൽ ചെയ്തത് വരദയാണ്. താനത് നൽകി. പ്രശ്നങ്ങളൊന്നുമില്ലാതെ പിരിഞ്ഞു. തമാശയായി പറയുന്നെങ്കിലും ആ സാഹചര്യം കടന്ന് കിട്ടുക ബുദ്ധിമുട്ടായിരുന്നെന്നും ജിഷിൻ വ്യക്തമാക്കി. മകനെ ഡിവോഴ്സിന് ശേഷം ഒരു തവണയാണ് കണ്ടത്. തന്റെ ഓർമകൾ മകനെ വിഷമിപ്പിക്കേണ്ടെന്ന് തോന്നിയത് കൊണ്ട് കാണാത്തതാണെന്നും ജിഷിൻ വ്യക്തമാക്കി. സീരിയൽ രംഗത്ത് ജിഷിനും വരദയും സാന്നിധ്യം അറിയിക്കുന്നുണ്ട്. വിവാഹമോചനത്തെക്കുറിച്ച് വരദ എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. മകന്റെ കാര്യങ്ങളും കരിയറിലെ തിരക്കുകളുമായി മുന്നോട്ട് പോകുകയാണ് വരദ.


Click it and Unblock the Notifications