'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍'; എത്രകേട്ടാലും മതിവരാത്ത മനോഹര ഗാനം പിറന്ന കഥ ഇങ്ങനെ
'അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ'
ജീവിതത്തില്‍ ഒരു തവണയെങ്കിലും ഈ ഈരടികള്‍ മൂളാത്ത മലയാളികള്‍ വിരളമായിരിക്കും. അത്രമേല്‍ ഒരോ കേരളീയന്‍റേയും ആസ്വാദക ഹൃദയത്തോട് അലിഞ്ഞ് ചേര്‍ന്ന ഒരു സിനിമാ ഗാനമാണ് ഇത്. ജേസിയുടെ സംവിധാനത്തില്‍ 1987 ല്‍ പുറത്തിറങ്ങിയ 'നീയെത്ര ധന്യ' എന്ന ചിത്രത്തിലൂടെയാണ് ഒ എന്‍ വി കുറുപ്പിന്‍റെ രചനയില്‍ വിടര്‍ന്ന ഈ ഗാനം മലയാളിയുടെ കാതുകളിലേക്ക് എത്തിയത്.

പട്ടികപ്പെടുത്തുമ്പോള്‍ സിനിമാ ഗാനം എന്ന ചട്ടക്കൂടില്‍ ഒതുങ്ങുമെങ്കിലും ഒ എന്‍ വി കുറുപ്പിന്‍റെ മറ്റേത് കവിതകളോടും ചേര്‍ത്ത് നിര്‍ത്താവുന്ന കാവ്യ മനോഹാരിത ഈ ഗാനത്തിലെ ഓരോ വരികള്‍ക്കുമുണ്ട്. ജി ദേവരാജന്‍ മാസ്റ്ററുടെ ഈ ണം കൂടി ചേര്‍ന്നതോടെയാണ് ഗാനത്തിന്‍റെ മനോഹാരിത കൊടുമുടി കയറിയെതെന്ന് നിസംശയം പറയാം. ഗാനം പോലെ തന്നെ മനോഹരമായ ഒരു കഥ ഈ ഗാനത്തിന്‍റെ പിറവിക്ക് പിന്നിലുണ്ടെന്നാണ് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഓര്‍ത്തെടുക്കുന്നത്.

സഫാരി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'സ്മൃതി' എന്ന പരിപാടിയില്‍ ഒ എന്‍ വി കുറിപ്പിനെ കുറിച്ചുള്ള അനുസ്മരണത്തിലാണ് 'അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പിറവിക്ക് പിന്നിലെ കഥ ജോണ്‍ പോള്‍ വെളിപ്പെടുത്തുന്നത്. തമ്മിലുണ്ടായ ഒരു ചെറിയ പിണക്കം ഒഎന്‍വി കുറുപ്പിനേയും ദേവരാജന്‍ മാസ്റ്ററേയും അകറ്റി നിര്‍ത്തിയ 13 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇരുവരും ഒന്നിച്ച ആദ്യ ചിത്രത്തലാണ് ഈ ഗാനം പിറന്നതെന്ന് ജോണ്‍ പോള്‍ വെളിപ്പെടുത്തുന്നു.

'ദേവരാജനുമായി ഒഎന്‍വി അകന്ന് നിന്ന നാളുകളിലാരിക്കല്‍ സംവിധായകനായ ജെസിക്കും എനിക്കും തോന്നിയ ആഗ്രഹമായിരുന്നു ഇവരെ വീണ്ടും യോജിപ്പിച്ച് കൊണ്ട് ഈ അകല്‍ച്ച ഇല്ലാതാക്കണം എന്നത്.
ആദ്യം സംസാരിച്ചത് ഒഎന്‍വിയോട് തന്നെയാണ്. ദേവരാജന് വിരോധമില്ലെങ്കില്‍ എനിക്കെന്താണ്, എനിക്ക് സന്തോഷമേയുള്ളു.. എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി' — ജോണ്‍ പോള്‍ പറയുന്നു.

'ഇതേ മറുപടി തന്നെയാണ് ദേവരാജനും പറഞ്ഞത് അദ്ദേഹം തുടരുന്നു. അങ്ങനെ 'നീ എത്ര ധന്യ' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ വീണ്ടും അത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം മുഖാമുഖം ഇരുന്ന് പാട്ടുകള്‍ ഒരുക്കുന്നത്'.
'എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട് എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു കംപോസിങ് തീരുമാനിച്ചിരുന്നത്. ഒഎന്‍വി തലേന്നെ എത്തി. അദ്ദേഹം അവിടിരുന്ന് പാട്ടുകളുടെ സിറ്റുവേഷന്‍ കേട്ടു, എഴുതുന്നതില്‍ ധ്യാനനിമഗ്നനായി'.

'പിറ്റേ ദിവസം ഉച്ചയ്ക്കാണ് ദേവരാജന്‍ മാസ്റ്റര്‍ വരുന്നത്. രാവിലെ ഒരു സ്നേഹാന്വേഷണത്തിനായി കടന്നു വന്ന ഒഎന്‍വി വളരെ അസ്വസ്ഥനായിരുന്നു. അദ്ദേഹം എഴുതിയ മൂന്ന് പാട്ടുകള്‍ എനിക്ക് വായിക്കാന്‍ തന്നു. അവിടെ ഒഎന്‍വിയുടെ അസ്വസ്ഥതയ്ക്ക് കാരണം നാലാമത്തെ ഗാനരംഗത്തിന് വേണ്ടിയുള്ള വരികള്‍ അദ്ദേഹത്തിന് എഴുതാന്‍ കഴിഞ്ഞിട്ടില്ല എന്നതായിരുന്നു' — ജോണ്‍ പോള്‍ ഓര്‍ത്തെടുക്കുന്നു.

'അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു — ദേവരാജന്‍ മാസ്റ്റര്‍ ഇന്ന് ഉച്ച തിരിഞ്ഞല്ലേ വരൂ, തുടങ്ങാന്‍ മൂന്ന് പാട്ടുകള്‍ നമുക്ക് ഉണ്ടല്ലോ.'
'അപ്പോള്‍ അദ്ദേഹം ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഒരു സിഗരറ്റ് എടുത്ത് ചുണ്ടില്‍ വച്ചു. അപൂര്‍വ്വമായാണ് ഒഎന്‍വി സിഗരറ്റ് വലിക്കുക. മനസില്‍ വല്ലാത്ത ടെന്‍ഷന്‍ വന്നാല്‍ അദ്ദേഹം ആരുടേയും കയ്യില്‍ നിന്ന് ഒരു സിഗരറ്റ് വാങ്ങി രണ്ട് പുകയെടുത്ത ശേഷം പിന്നീട് ഉപയോഗിക്കാതെ മാറ്റിവെയ്ക്കും. അന്ന് അത് ആവര്‍ത്തിച്ച ശേഷം അദ്ദേഹം പറഞ്ഞു.'

'ഈ ദേവരാജന് ഒരു കുഴപ്പം ഉണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ട്ടപ്പെട്ടില്ലാന്ന് നാലാള് കേള്‍ക്കെ മുഖത്ത് നോക്കി പറയും. ഇന്നലെ പുലര്‍ച്ചയ്ക്ക് എഴുതാനിരുന്നപ്പോള്‍ വല്ലാത്ത മഴയായിരുന്നു. കാറ്റത്ത് ജനലൊക്കെ കിടന്ന് കടകടാന്ന് അടിക്കുകയും അതിനിടയില്‍ വെള്ളം എറാമ്പലില്‍ നിന്ന് താഴേക്ക് ഇറ്റി വീഴുകയും, എങ്ങാണ്ട് നിന്ന് വന്ന ഒരു പക്ഷി അവിടെ നിന്ന് കാ.. കീന്ന് ഒച്ചയെടുക്കുകയൊക്കെ ചെയ്തതോടെ ടോട്ടലി ഡിസ്റ്റേര്‍ബ് ആയി'.

'ഞാന്‍ അദ്ദേഹത്തിന്‍റെ പാട്ടിനെ വിട്ട് ദേവരാജന്‍ മാസ്റ്ററെ സ്വീകരിക്കാന്‍ പോയി. പിന്നീട് ദേവരാജന്‍റെ മുറിയിലേക്ക് ഒഎന്‍വിയെ കൈപിടിച്ച് ആനയിച്ചത് എംഡി ജോര്‍ജ്ജും ജെസിയും ചേര്‍ന്നാണ്. നാല് ഗാനങ്ങളില്‍ ഒഎന്‍വി ആദ്യം മീതെ വെച്ചിരുന്നത് എഴുതാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്ന നാലാമത്തെ ഗാനമാണ്. ആ വരികള്‍ വായിച്ച ശേഷം ദേവരാജന്‍ മാസ്റ്റര്‍ എന്‍റെ കയ്യില്‍ ആ നാലാമത്തെ ഗാനത്തിന്‍റെ ലിഖിതരൂപം കൈമാറി. അത് വായിച്ച ശേഷം ഒഎന്‍വിയുടെ മുഖത്ത് നോക്കി ഞാന്‍ ആദരപൂര്‍വ്വം തൊഴുതു...'

അദ്ദേഹം അതില്‍ എഴുതിയിരിക്കുന്ന നാല് വരികള്‍ മാത്രം ഞാന്‍ ഇവിടെ ഓര്‍മ്മയില്‍ നിന്ന് എടുത്ത് ഉദ്ധരിക്കാം.
'രാത്രിമഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റുവീഴും നീര്‍ തുള്ളിതന്‍ സംഗീതം
ഹൃതന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക-
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍'


Click it and Unblock the Notifications