'ചേട്ടനും മക്കളും പോയശേഷം വേറൊരു മാനസീകാവസ്ഥയിലേക്കായി മനുഷ്യരെ ആരെയും കാണാൻ താൽപര്യമുണ്ടായിരുന്നില്ല'
അനശ്വരമായ ഗാനങ്ങൾ കൊണ്ട് ആസ്വാദകരുടെ മനസിൽ ഇടംപിടിച്ച സംഗീത സംവിധായകനാണ് ജോൺസൺ മാസ്റ്റർ. അദ്ദേഹം ഓർമയായിട്ട് പതിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും മലയാളികളുടെ ചുണ്ടിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ നിരന്തരം വന്ന് പോകാറുണ്ട്. ദേവാംഗണങ്ങള്‍ കൈയ്യൊഴിഞ്ഞ താരം, ദേവീ, കുന്നിമണിചെപ്പുതുറന്ന്, പാലപ്പൂവേ, ആടിവാ കാറ്റേ, രാജഹംസമേ, മോഹം കൊണ്ടു ഞാന്‍, മനസിന്‍ മടിയിലെ, ഗോപികേ നിന്‍ വിരല്‍, മധുരം ജീവാമൃത ബിന്ദു, അനുരാഗിണി തുടങ്ങിയവയാണ് ജോണ്‍സണ്‍ മാഷിന്റെ പ്രശസ്തമായ ഗാനങ്ങള്‍. 2011 ആഗസ്ത് 18ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടില്‍ വെച്ചായിരുന്നു ജോണ്‍സണ്‍ മാഷിന്റെ അന്ത്യം.
ഭർത്താവിന്റെ മരണശേഷം മക്കളായ ഷാനും റെന്നുമായിരുന്നു റാണി ജോൺസണിന്റെ ലോകം. പക്ഷെ അവരും ഇപ്പോൾ റാണിക്കൊപ്പമില്ല. സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്ന റെൻ ജോൺസൺ 2012 ഫെബ്രുവരി 25ന് ബൈക്കപകടത്തിൽ മരിച്ചു. ശേഷം 2016 ഫെബ്രുവരി അഞ്ചിന് ഷാനും മരിച്ചു. ചെന്നെയിലെ താമസസ്ഥലത്ത് ഷാനിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പിതാവിന്റെ പാത പിന്തുടർന്ന് മകൾ ഷാൻ ജോൺസൺ സംഗീത സംവിധാനത്തിലേക്ക് എത്തിയിരുന്നു. തിര, പ്രെയ്സ് ദി ലോഡ് അടക്കമുള്ള സിനിമകളിൽ പിന്നണി പാടിയിട്ടുണ്ട്. ഭർത്താവും മക്കളും പോയതോടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു റാണി. ജീവിതം തന്നെ കൈവിട്ട് പോകുമെന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ റാണിക്ക് കരുത്തായത് ബൈബിൾ വചനമായിരുന്നു. ഞാൻ വഴക്കിട്ടാലും ചേട്ടൻ മൈന്റ് ചെയ്യില്ല. വീട്ടിൽ അത്യാവശ്യം ദേഷ്യപ്പെടും.
പിന്നെ എല്ലാം തുറന്ന് പറയുന്ന പ്രകൃതമായിരുന്നു. മോളായിരുന്നു ചേട്ടന്റെ കമ്പനി. മോന് ഞാനുമായിട്ടായിരുന്നു അടുപ്പം. എനിക്ക് പാട്ട് കേൾക്കാൻ ഇഷ്ടമാണ്. മോളുണ്ടായിരുന്നപ്പോൾ അവൾ ഒരുപാട് പാട്ട് പാടി തരുമായിരുന്നു. വീട് നീറ്റായി സൂക്ഷിക്കണമെന്നത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.
ഇന്റർവ്യുവിന് വന്നാൽ അവരോട് പറയും പോകുമ്പോൾ എല്ലാം ഇരുന്നിടത്ത് വെച്ചിട്ടെ പോകാവൂവെന്ന്. പഠനം വിട്ടിട്ട് മ്യൂസിക്കിലേക്ക് ചാടരുതെന്ന് മോളോട് ചേട്ടൻ പറയുമായിരുന്നു. മോനും സംഗീതം ഇഷ്ടമായിരുന്നു.
എങ്കിലും ബൈക്ക് റേസിനോടായിരുന്നു കൂടുതൽ താൽപര്യം. എവിടെ പോയാലും എന്നേയും ചേട്ടൻ ഒപ്പം കൊണ്ടുപോകുമായിരുന്നു. അവസാനം പോയപ്പോൾ മാത്രം എന്നെ കൂട്ടിയില്ല. സിംപിൾ ലൈഫ് സ്റ്റൈലായിരുന്നു അദ്ദേഹത്തിന്റേത്. ചേട്ടനും മക്കളും പോയശേഷം ഞാൻ വേറൊരു മാനസീകാവസ്ഥയിലേക്കായി.
മനുഷ്യരെ ആരെയും കാണണ്ട എന്നൊരു അവസ്ഥയിലായിരുന്നു. പള്ളിയിൽ പോകും തിരിച്ച് വരും റൂമിൽ കയറി കതകടച്ച് ഇരിക്കും അതായിരുന്നു കുറേനാൾ എന്റെ ജീവിതം. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ അപ്പോൾ തന്നെ എനിക്ക് കരച്ചിൽ വരുമായിരുന്നു. വർത്തമാനം പറയാൻ പറ്റില്ലായിരുന്നു.
പിന്നെ പന്ത്രണ്ട് ദിവസം ബന്ധത്തിലുള്ള ഒരു വൈദീകന്റെ ധ്യാന കേന്ദ്രത്തിലായിരുന്നു. അവിടെയിരുന്ന് കരയാനുള്ളതെല്ലാം ഞാൻ കരഞ്ഞ് തീർത്തു. മനുഷ്യനിൽ ആശ്രയം വെക്കുന്നതിനേക്കാൾ നല്ലത് ദൈവത്തിൽ ആശ്രയം വെക്കുന്നതാണെന്ന വചനമാണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

അല്ലെങ്കിൽ നാലാമത്തെ ഫോട്ടോയായി അവർക്കൊപ്പം എന്നേയും നിങ്ങൾക്ക് കാണാമായിരുന്നു. അല്ലെങ്കിൽ ഏതെങ്കിലും മെന്റൽ ഹോസ്പിറ്റലിൽ ആകുമായിരുന്നുവെന്ന് വേദന നിറഞ്ഞ കാലങ്ങൾ മറികടന്ന് എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ റാണി പറഞ്ഞു. സംഗീത മേഖലയിലെ ജോൺസൺ മാസ്റ്ററിന്റെ സൗഹൃദങ്ങളെ കുറിച്ചും റാണി മനസ് തുറന്നു.
ചിത്ര ഇടയ്ക്ക് വിളിക്കും മെസേജ് അയക്കും കാര്യങ്ങൾ അന്വേഷിക്കും. ഞാൻ മെസേജ് അയച്ചാൽ തിരക്കില്ലെങ്കിൽ ഉടൻ ചിത്ര എന്നെ തിരികെ വിളിക്കും. ദേവരാജന് മാഷിന് അച്ഛന്റെ സ്ഥാനമാണ് ചേട്ടൻ നൽകിയിരുന്നത്. അദ്ദേഹത്തിന്റെ കുടുംബവുമായി ഇപ്പോഴും ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. ഭരതേട്ടനും പത്മരാജനും ഒപ്പം പ്രവർത്തിക്കുന്നത് ചേട്ടന് വളരെ കംഫേർട്ടായിരുന്നു. അതുപോലെ ചേട്ടന് ആദ്യത്തെ സ്റ്റേറ്റ് അവാർഡ് കിട്ടിയത് വിവാഹം നടന്ന വർഷമാണ്. പിന്നീട് നാഷണൽ അവാർഡും കിട്ടി. ദേശീയ അവാർഡ് കിട്ടിയ വിവരം വിളിച്ച് പറഞ്ഞത് മമ്മൂട്ടിയാണ്.
ഞങ്ങൾ എവിടെയോ പോയിട്ട് വന്നതേയുണ്ടായിരുന്നുള്ളു. അതുകൊണ്ട് ഞാനാണ് ഫോൺ എടുത്തത്. ആരാണ് സംസാരിക്കുന്നതെന്ന് ചോദിച്ചപ്പോൾ മമ്മൂട്ടിയാണെന്ന് പറഞ്ഞു. ഞാൻ ഉടനെ ചേട്ടനെ വിളിച്ചിട്ട് പറഞ്ഞു... ഏതോ ഒരു മമ്മൂട്ടി വിളിക്കുന്നുവെന്ന്. അന്ന് എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു. കാരണം മമ്മൂട്ടി അങ്ങനെ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. പൊന്തന്മാടയ്ക്ക് സംഗീതം ഒരുക്കിയതിനായിരുന്നു ആദ്യത്തെ ദേശീയ അവാർഡ് ചേട്ടന് കിട്ടിയത്.
സത്യൻ അന്തിക്കാടും ചേട്ടനും ഭയങ്കര കൂട്ടായിരുന്നു. എല്ലാ കാര്യങ്ങളും പരസ്പരം ഇരുവരും സംസാരിക്കുമായിരുന്നു. സത്യൻ എഴുതിയ വിശ്വം കാക്കുന്ന നാഥാ എന്ന പാട്ട് മോള് ഇടയ്ക്കിടെ പള്ളിയിൽ പാടുമായിരുന്നുവെന്നും റാണി പറയുന്നു. ജോൺസൺ മാസ്റ്ററും മക്കളും പോയശേഷം അമ്മയാണ് റാണിയുടെ ഏക കൂട്ട്.


Click it and Unblock the Notifications











