സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വരുമോ? ജോണി ആന്റണി പറയുന്നത്
ജനപ്രിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ജോണി ആന്റണി. സംവിധാനത്തിനപ്പുറം ഇപ്പോൾ നടനെന്ന നിലയിലാണ് പ്രേക്ഷകർക്ക് ജോണി ആന്റണി സുപരിചിതൻ. ഹൃദയം ജോ ആന്റ് ജോ തുടങ്ങിയ സിനിമകളിലെ ജോണി ആന്റണിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ബേസിൽ ജോസഫിനൊപ്പം അഭിനയിക്കുന്ന പാൽതു ജാൻവർ എന്ന സിനിമയും റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

ജോണി ആന്റണിയുടെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു സിഐഡി മൂസ. ദിലീപും ഭാവനയും നായികാ നായകൻമാരായെത്തിയ സിനിമ വൻ വിജയമായിരുന്നു. ചിത്രത്തിലെ കോമഡി സീനുകൾ ഇപ്പോഴും ജനപ്രിയമാണ്. ഏറെ നാളായി പറഞ്ഞു കേൾക്കുന്ന കാര്യമാണ് സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നത്.
മുമ്പ് പല തവണ ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും സിനിമയുടെ രണ്ടാം ഭാഗം ഇതുവരെ നടന്നിട്ടില്ല. ഇപ്പോൾ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് ജോണി ആന്റണി. നല്ല തിരക്കഥ വരികയാണെങ്കിൽ സിഐഡി മൂസയുടെ രണ്ടാം ഭാഗം ചെയ്യുമെന്നാണ് ജോണി ആന്റണി പറയുന്നത്. ഡൂൾ ന്യൂസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

'സിഐഡി മൂസയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് എല്ലാവരും ചോദിക്കുന്നുണ്ട്. തിരക്കഥയും കാര്യങ്ങളുമെല്ലാം നല്ല രീതിയിൽ വന്നാൽ തീർച്ചയായും സിനിമ ചെയ്യും. ഹരിശങ്കർ ചെയ്ത സിഐഡി മൂസയുടെ കവർ സോങിനെക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. അത് ദിലീപും ഹരിശങ്കറും കൂടി തീരുമാനിച്ച് ചെയ്തതാണ്. ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് ഞാനറിയുന്നത്,' ജോണി ആന്റണി പറഞ്ഞു.

സംവിധാനം ചെയ്തതിലൂടെ തനിക്ക് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നെന്നും സിനിമയിൽ അഭിനയച്ച് തുടങ്ങിയപ്പോഴാണ് ഈ കടങ്ങളിൽ 80 ശതമാനവും വീട്ടിയതെന്നും ജോണി ആന്റണി അടുത്തിടെ പറഞ്ഞിരുന്നു.
'സംവിധാന കാലം എന്നെ കടക്കാരനാക്കി. ആ കടങ്ങളിൽ 80 ശതമാനവും സിനിമകളിൽ അഭിനയിച്ച് വീട്ടി. ആദ്യ സിനിമയായ സിഐഡി മൂസയ്ക്ക് രണ്ട് ലക്ഷം രൂപയാണ് ലഭിച്ച പ്രതിഫലം. രണ്ടാം സിനിമയ്ക്ക് 7 ലക്ഷവും. ആകെ 19 സിനിമ ചെയ്തിട്ട് എല്ലാം കൂടി ഒരു കോടി രൂപ ലഭിച്ചിട്ടുണ്ടാവും,' ജോണി ആന്റണി പറഞ്ഞു.

സിഐഡി മൂസയ്ക്ക് അന്ന് രണ്ട് ലക്ഷം രൂപ പ്രതിഫലം ലഭിച്ചത് അന്ന് വലിയ കാര്യമാണെന്നും ഇന്നത്തെ 30 ലക്ഷം രൂപയോളം വരും അതെന്നും ജോണി ആന്റണി പറഞ്ഞു. സിഐഡി മൂസയ്ക്ക് ശേഷം കൊച്ചി രാജാവ്, തുറുപ്പ് ഗുലാൻ തുടങ്ങിയ ജോണി ആന്റണി ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പന് ശേഷമാണ് സംവിധാനത്തിൽ നിന്നും അദ്ദേഹം ഇടവേള എടുത്തത്.


Click it and Unblock the Notifications











