'കല്യാണിയെ മൂത്ത മകളായി വളർത്താൻ എനിക്ക് തോന്നി '; ഹൃദയം ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ജോണി ആന്റണി
നമുക്ക് ഒരുപാട് സിനിമകൾ സമ്മാനിച്ച പ്രിയദർശന്റേയും നായിക ആയിരുന്ന ലിസി പ്രിയദർശന്റയും മകൾ എന്ന ലേബലിലാണ് കല്യാണി പ്രിയദർശൻ എന്ന താരപുത്രി സിനിമയിലേക്ക് എത്തിയത്. 2017ൽ ആയിരുന്നു അഭിനയരംഗത്തേക്ക് കല്യാണിയുടെ തുടക്കം. ആദ്യകാലം ഒക്കെ തമിഴ്, തെലുഗു സിനിമകളിൽ ആയിരുന്നു. ആദ്യം അഭിനയിച്ച സിനിമ ഹലോയായിരുന്നു. അഖിൽ അക്കിനേനിയായിരുന്നു ചിത്രത്തിൽ നായകൻ. പിന്നീട് തെലുങ്കിൽ തന്നെ സായ് ധരം തേജിനൊപ്പം ചിത്രലഹരി എന്ന സിനിമയിലും കല്യാണി നായികയായി. ശിവകാർത്തികേയൻ നായകനായ ഹീറോയാണ് കല്യാണിയുടെ ആദ്യ തമിഴ് സിനിമ.
പിന്നീടാണ് 2020 ൽ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവിശ്യമുണ്ട് എന്ന സിനിമയിൽ ദുൽഖറിന്റെ നായികയായി മലയാളത്തിൽ കല്യാണി തുടക്കം കുറിച്ചത്. അഭിനയ ശൈലി കൊണ്ട് എല്ലാവരുടെ ഇടയിലും ഒരു സിനിമ കൊണ്ട് സ്ഥാനം പിടിച്ചു പറ്റിയ നായിക ആണ് കല്യാണി. പിന്നീട് കാളിദാസ് ജയറാമിന്റെ നായികയായി പുത്തം പുതു കാലൈയിലും കല്യാണി അഭിനയിച്ചു. വരനെ ആവശ്യമുണ്ട് സിനിമയ്ക്ക് ശേഷം ചെയ്ത മലയാളം സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹമായിരുന്നു. ചിത്രത്തിൽ കുട്ടിക്കാലം മുതലുള്ള സുഹൃത്ത് പ്രണവിന്റെ നായികയായിരുന്നു കല്യാണി.

ചെറുതായിരുന്നു എങ്കിലും ഉള്ള ഭാഗം നന്നായി തന്നെ കല്യാണി ചെയ്തു. ശേഷം കല്യാണിയുടേതായി പുറത്തിറങ്ങിയ സിനിമകൾ ബ്രോ ഡാഡിയും ഹൃദയവുമാണ്. ബ്രോ ഡാഡിയിൽ പൃഥ്വിരാജിന്റെ നായികയായിരുന്നു കല്യാണി. അന്ന കുര്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കല്യാണി അവതരിപ്പിച്ചത്. ഹൃദയത്തിലെ നിത്യ എന്ന കല്യാണിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നസ്രിയയ്ക്ക് ശേഷം മലയാളത്തിന് ലഭിച്ച ക്യൂട്ട്നെസുള്ള നായികയാണ് കല്യാണി എന്ന തരത്തിലുള്ള ചിത്രങ്ങളും പോസ്റ്ററുകളും താരത്തിന്റെ ആരാധകർ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഹൃദയം വലിയ വിജയമായി പ്രദർശനം തുടരുമ്പോഴും കല്യാണി അമേരിക്കയിലാണ്. പ്രമോഷൻ പരിപാടികൾക്കൊന്നും കല്യാണി പങ്കെടുത്തിരുന്നില്ല. ഹലോ സിനിമ കണ്ടിട്ടാണ് ഹൃദയത്തിലേക്ക് കല്യാണിയെ തെരഞ്ഞെടുത്തതെന്ന് മുമ്പ് വിനീത് പറഞ്ഞിട്ടുണ്ട്.

മലയാളം എഴുതാനും വായിക്കാനും അറിയാത്ത കല്യാണി ഇപ്പോൾ മലയാളി പഠിക്കുന്നുണ്ടെന്നും വിനീത് പറഞ്ഞിരുന്നു. ഹൃദയത്തിൽ കല്യാണിയുടെ അച്ഛനായി അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് സംവിധായകനും നടനുമായ ജോണി ആന്റണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'കല്യാണി വളരെ വിനയമുള്ള കുട്ടിയാണ്. എല്ലാവരോടും ഇടപെടുന്നത് വളരെ സ്നേഹത്തോടെയാണ്. എന്നോടെന്ന് മാത്രമല്ല എല്ലാവരോടും കല്യാണി അങ്ങനെ തന്നെയാണ് പെരുമാറുന്നത്. ആ കുട്ടിയുടെ പെരുമാറ്റം കണ്ടിട്ട് ഞാൻ എന്റെ മക്കളോട് പറയാറുണ്ട്. അവളെ വീട്ടിൽ കൊണ്ടുവന്ന് മൂത്തകുട്ടിയായി വളർത്തിയാൽ കൊള്ളാമെന്ന് തോന്നാറുണ്ടെന്ന്' ജോണി ആന്റണി പറയുന്നു. തിരിമാലി എന്ന ജോണി ആന്റണി കേന്ദ്രകഥാപാത്രമായ സിനിമയുടെ വിശേഷങ്ങൾ ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചപ്പോഴാണ് കല്യാണിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം ജോണി ആന്റണി പങ്കുവെച്ചത്.
Recommended Video

പ്രണവായിരുന്നു വിനീത് സംവിധാനം ചെയ്ത ഹൃദയത്തിൽ നായകൻ. പ്രണവിന്റെ കരിയറിലെ നാലാമത്തെ സിനിമയായിരുന്നു ഹൃദയം. ചെന്നൈ കഥാപശ്ചാത്തലമാക്കുന്ന ചിത്രം ഇപ്പോൾ സൗത്ത് ഇന്ത്യയിലും മികച്ച പ്രതികരണത്തോടെ പ്രദർശിപ്പിക്കുകയാണ്. ജേക്കബിൻറെ സ്വർഗ്ഗരാജ്യത്തിന് ശേഷമുള്ള വിനീത് ശ്രീനിവാസൻ ചിത്രം നിർമ്മിച്ചിരിക്കുന്നത് മെറിലാൻഡ് സിനിമാസ് ആണ്. ഒരു കാലത്ത് മലയാളത്തിലെ മുൻനിര ബാനർ ആയിരുന്നു മെറിലാൻഡിൻറെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. വിശാഖ് സുബ്രഹ്‍മണ്യം ആണ് നിർമ്മാതാവ്. ഹിഷാം അബ്‍ദുൾ വഹാബ് ഒരുക്കിയിരിക്കുന്ന 15 ഗാനങ്ങളാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. ചിത്രത്തിൻറെ ഓഡിയോ കാസറ്റുകളും അണിയറക്കാർ പുറത്തിറക്കിയിരുന്നു.


Click it and Unblock the Notifications