മിണ്ടാൻ കഴിയില്ലെങ്കിലും അടുത്തു; ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്യാനൊരുങ്ങി നടി അഭിനയ, ഫോട്ടോയുമായി താരം!
സംസാരശേഷിയും കേൾവി ശക്തിയുമില്ലെങ്കിലും മറ്റുള്ള നായികമാരെ അപേക്ഷിച്ച് നടി അഭിനയ ഇതുവരെ കരിയറിൽ ചെയ്തതെല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാണ്. പതിനഞ്ച് വർഷമായി തെന്നിന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന താരം മലയാളികൾക്ക് സുപരിചിതയാകുന്നത് ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭമായ പണി എന്ന സിനിമയിൽ നടന്റെ നായിക റോളിൽ എത്തിയ ശേഷമാണ്.
ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും കുറവുകൾ ലക്ഷ്യത്തിന് തടസമല്ലെന്ന് തെളിയിച്ച് മുന്നേറുകയാണ് അഭിനയ. നാടോടികൾ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബിഗ് സ്ക്രീനിൽ എത്തുന്നത്. ഇതിനോടകം അഭിനയിച്ച് തീർത്തത് 58 ചിത്രങ്ങളാണ്. കുട്ടിക്കാലം മുതൽ അഭിനയയ്ക്ക് അഭിനയത്തോട് താൽപര്യമുണ്ടായിരുന്നു.

സംസാരശേഷിയും കേൾവി ശക്തിയുമില്ലെങ്കിലും സിനിമയിൽ അഭിനയ ചെയ്യുന്ന കഥാപാത്രങ്ങളൊന്നും അത്തരത്തിലുള്ളവയല്ല. ട്രാൻസിലേറ്ററിന്റെയും മറ്റും സഹായത്തോടെ ഡയലോഗുകൾ മനപാഠമാക്കി ടൈമിങിൽ ഡയലോഗ് ഡെലിവറി നടത്തി അഭിനയ പലപ്പോഴും സഹതാരങ്ങളെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷത്തിന്റെ വിശേഷം പങ്കിട്ട് എത്തിയിരിക്കുകയാണ് നടി.
താരം വിവാഹിതയാകാൻ പോകുന്നു. അതിന് മുന്നോടിയായി കഴിഞ്ഞ ദിവസം വിവാഹനിശ്ചയം നടന്നു. അമ്പലമണി മുഴക്കുന്ന ഭാവിവരന്റെയും തന്റെയും കയ്യുടെ ഫോട്ടോ പങ്കിട്ടാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം അഭിനയ ആരാധകരെ അറിയിച്ചത്. എന്നാൽ വരന്റെ ഫോട്ടോകളോ മറ്റ് വിവരങ്ങളോ നടി പങ്കിട്ടിട്ടില്ല. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് അഭിനയ വെളിപ്പെടുത്തിയത്.
പതിനഞ്ച് വർഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാൻ പോകുന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്താണെന്നും അഭിനയ വെളിപ്പെടുത്തിയിരുന്നു. ഞാൻ റിലേഷൻഷിപ്പിലാണ്. എനിക്ക് ബോയ്ഫ്രണ്ടുണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങൾ. പതിനഞ്ച് വർഷമായി തുടരുന്ന പ്രണയ ബന്ധമാണ്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്മെന്റും ഇല്ലാതെ എന്നെ കേൾക്കും. സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലാണ്.
വിവാഹത്തെ കുറിച്ച് ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല. ഒരുപാട് സമയമുണ്ടെന്നുമാണ് നടി പറഞ്ഞത്. നടി പ്രണയം വെളിപ്പെടുത്തി ഒരു മാസം പിന്നിടുമ്പോഴാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നത്. അതിനാൽ തന്നെ ആരാധകർക്കും അതൊരു സർപ്രൈസായിരുന്നു. മണികൾ മുഴങ്ങട്ടെ അനുഗ്രഹങ്ങൾ വാർഷിക്കട്ടെ എന്നേക്കും എന്നേക്കുമായുള്ള യാത്രയുടെ തുടക്കം കുറിക്കുന്നു എന്നാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം പുറത്തുവിട്ട് അഭിനയ കുറിച്ചത്.

പണിയിൽ അഭിനയയുടെ സഹതാരങ്ങളായിരുന്ന അഭയ ഹിരൺമയി, ജുനൈസ് തുടങ്ങിയവരെല്ലാം അഭിനയയ്ക്ക് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. വിവാഹം ഉടനുണ്ടാകുമോയെന്ന ചോദ്യങ്ങളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്. ഒരിടയ്ക്ക് അഭിനയ തമിഴ് നടൻ വിശാലുമായി പ്രണയത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിൽ സത്യമില്ലെന്ന് നടി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. വിശാലെന്നെ പ്രൊപ്പോസ് ചെയ്തു, വിവാഹം ചെയ്യുന്നു എന്നതെല്ലാം തെറ്റായ അഭ്യൂഹങ്ങളാണ്.
അവരുടെ ഉപജീവനത്തിന് എന്തെങ്കിലും പറയുന്നുവെന്ന് കരുതി ഞാൻ വിട്ടു. ഞാനത് കാര്യമാക്കുന്നില്ലെന്നുമാണ് അഭിനയ ഗോസിപ്പുകളോട് പ്രതികരിച്ച് പറഞ്ഞത്. സൈന്യത്തിൽ നിന്നും വിരമിച്ച ചെന്നൈ സ്വദേശിയായ ആനന്ദിന്റെ ഇളയമകളാണ് അഭിനയ. ആനന്ദും ചില സിനിമകളിൽ അഭിനയിച്ചിരുന്നു. അടുത്തിടെയാണ് അമ്മ ഹേമലതയെ അഭിനയയ്ക്ക് നഷ്ടപ്പെട്ടത്. അമ്മയെ നഷ്ടപ്പെട്ടെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ പറ്റിയിട്ടേയില്ല.
അമ്മ ഉണ്ടായിരുന്ന സമയത്ത് അമ്മ തന്നെയായിരുന്നു എനിക്കെല്ലാം. എന്ത് കാര്യത്തിനും അമ്മ ഒപ്പം നില്‍ക്കുമായിരുന്നു. എല്ലാം കൃത്യമായിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ തന്നെ എല്ലാം സ്വന്തമായി ചെയ്യണം. സഹോദരങ്ങള്‍ സഹായിക്കാറുണ്ട്. യാത്രയിലും പ്രമോഷന്‍ പരിപാടികളിലുമെല്ലാം മേക്കപ്പ് ടീമിലുള്ള രണ്ടുപേരാണ് സഹോദരങ്ങളെ പോലെ ഒപ്പമുള്ളത്. തീര്‍ച്ചയായും അമ്മയൊരു മിസ്സിങ്ങാണ്. അമ്മ എപ്പോഴും പറയുന്നത് എന്റെ കല്യാണത്തിന്റെ കാര്യമായിരുന്നു. കറക്റ്റായ ഒരാളെ കണ്ടുപിടിക്കണം എന്നായിരുന്നു എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് എന്നുമാണ് അമ്മയെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ അഭിനയ പറഞ്ഞത്.


Click it and Unblock the Notifications