'ഒരു കോടി ഇങ്ങോട്ട് അയക്ക്', ജോജുവിനെ പോലെ തന്റേടമുള്ള നടൻ; വളർന്ന് വന്നത് കണ്ണിന്റെ മുന്നിൽ കണ്ടു: സംവിധായകൻ
നടനായും ഫിലിം മേക്കറായും ജനപ്രീതി നേടിയ ജോജു ജോർജിന് ഇന്ന് തുടരെ പ്രൊജക്ടുകളാണ്. ജോജു സംവിധാനം ചെയ്ത് നായകനായെത്തിയ പണി എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ജോജുവിന് കരിയറിലുണ്ടായ വളർച്ച സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. തുടക്ക കാലത്ത് ചെറിയ വേഷങ്ങൾ ചെയ്ത ജോജു ജോർജ് പിന്നീട് നായകനായി മാറി. സിനിമാ നിർമാണ മേഖലയിലും ജോജു ജോർജ് പ്രബല സാന്നിധ്യമാണ്. ജോജു ജോർജിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിജു വർമ. ഇദ്ദേഹത്തിന്റെ ഓടും രാജ ആടും റാണി എന്ന സിനിമയിൽ ജോജു ജോർജ് അഭിനയിച്ചിട്ടുണ്ട്.
ജോജു നടൻ എന്നതിലുപരി എന്റെ അടുത്ത സുഹൃത്താണ്. ഓടും രാജ ആടും റാണി എന്ന പടം ചെയ്യുമ്പോഴും ജോജു കരിയറിൽ വളർന്ന് കൊണ്ടിരിക്കുന്ന സമയമാണ്. രാജാധി രാജയിൽ അയ്യപ്പൻ എന്ന കഥാപാത്രം ജോജു ചെയ്യുന്ന സമയത്താണ് എന്റെ സിനിമയുടെ ഷൂട്ട് നടക്കുന്നത്. ജോജു വളരെ ഹാർഡ് വർക്കിംഗ് ആണ്. സിനിമയിൽ ഇത് പോലെ തന്റേടം കാണിക്കുന്നയാളില്ല. പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. ഒരു പ്രൊഡക്ഷനിലേക്ക് വന്നാൽ ഫോൺ ചെയ്ത് ഒരു കോടി ഇങ്ങോട്ട് അയക്ക് എന്ന് പറയും. ഒരു പ്രൊജക്ട് പിച്ച് ചെയ്യാനാണ് എന്ന് ആലോചിക്കണം.

പുള്ളി ഇറങ്ങിയാൽ പിന്നെ അതിന് വേണ്ടി മരിച്ച് നിൽക്കും. പുള്ളി വേറൊന്തൊക്കെയോ ബിസിനസ് ഇതിന് മുമ്പേ ചെയ്തിരുന്നു. ബിസിനസിലായാലും സിനിമയിൽ ആയാലും കൺസിസ്റ്റന്റ് ആയ എഫേർട്ട് എടുത്ത് വളർന്ന് വന്നത് കണ്ണിന്റെ മുന്നിൽ കണ്ടു. ജോജുവിനൊപ്പം ഒരു പ്രൊജക്ടുണ്ടായിരുന്നു. കൊവിഡ് കാരണം നടക്കാതെ പോയി. നല്ല കഴിവുള്ള നടനാണ്. പക്ഷെ ടെെപ് കാസ്റ്റിംഗായിപ്പോകുന്നുണ്ടെന്ന് ജോജുവിനോട് പേഴ്സണലായി പറഞ്ഞിട്ടുണ്ടെന്നും വിജു വർമ പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും വിജു വർമ സംസാരിക്കുന്നുണ്ട്. പ്രൊഡ്യൂസർക്ക് വീണ്ടും സിനിമ ചെയ്യാനാകണം എന്ന ചിന്തയോടെ താരങ്ങൾ പ്രവർത്തിക്കണം. സിനിമയിലെ അണിയറപ്രവർത്തകരിൽ പലർക്കും ചെറിയ പ്രതിഫലമാണ്. എടുക്കുന്ന എഫർട്ടിന് ദിവസക്കൂലി പോലും ലഭിക്കാത്ത സാഹചര്യമുണ്ടെന്നും വിജു വർമ തുറന്നടിച്ചു.

ജോജു ജോർജിനെക്കുറിച്ച് വിജു വർമയ്ക്ക് പുറമെ മറ്റ് ചിലരും അടുത്തിടെ സംസാരിച്ചിരുന്നു. ജോജുവിന്റെ പ്രതിഫലം കോടികളാണെന്ന് പ്രൊഡക്ഷൻ മാനേജർ രമേശ് മണക്കാട് പറയുകയുണ്ടായി. 1995 ൽ മഴവിൽക്കൂടാരം എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായാണ് ജോജു ജോർജ് കരിയർ തുടങ്ങുന്നത്. ചെറിയ റോളുകൾ അക്കാലത്ത് നടൻ ചെയ്തു.
പിന്നീട് ക്യാരക്ടർ റോളുകൾ ലഭിച്ചു. ഒരു സെക്കന്റ് ക്ലാസ് യാത്ര, യാത്ര ചോദിക്കാതെ, ലുക്കാ ചുപ്പി എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക പരാമർശം ലഭിച്ചു. 2018 ൽ ജോസഫ് എന്ന സിനിമയിലെ നായക വേഷത്തിലൂടെ ജോജു ജോർജ് വലിയ ജനപ്രീതി നേടി. എം പദ്മകുമാറാണ് ഈ സിനിമ സംവിധാനം ചെയ്തത്.


Click it and Unblock the Notifications











