മഞ്ജു വാര്യര്‍ മാത്രമേ അങ്ങനൊരു മാറ്റം കൊണ്ട് വന്നിട്ടുള്ളു! അഭിനയം ഉപേക്ഷിച്ചതിനെ പറ്റി നടി മാന്യ
വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മാന്യ. ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്കിലാണ് നടി നായികയായി ആദ്യം അഭിനയിക്കുന്നത്. 2000 ത്തില്‍ ദിലീപിന്റെ നായികയായി ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് മാന്യ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് നിരവധി സിനിമകള്‍ മലയാളത്തില്‍ ചെയ്തു. ഈ കാലയളവില്‍ പ്രശസ്തിയിലേക്ക് ഉയരാനും നടിയ്ക്ക് സാധിച്ചു. വിവാഹിതയായതോട് കൂടിയാണ് മാന്യ പൂര്‍ണമായും സിനിമ ഉപേക്ഷിക്കുന്നത്. ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ നടി തന്നെ കുറിച്ചുള്ള ട്രോളുകളും ഷെയര്‍ ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയ മാന്യയുടെ വീഡിയോയാണ് വൈറലാവുന്നത്. ആദ്യമായി അഭിനയിക്കാന്‍ വന്നത് മുതല്‍ ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്നതിനെ കുറിച്ചടക്കം ബിഹൈന്‍ഡ്‌വുഡ് ഐസിന് നല്‍കിയ അഭിമുഖത്തിലൂടെ നടി സംസാരിച്ചിരുന്നു.
ഞാന്‍ ജനിച്ചതിന് ശേഷം മാതാപിതാക്കള്‍ ലണ്ടനില്‍ സെറ്റില്‍ഡായി. എനിക്ക് എട്ടോ ഒന്‍പതോ വയസുള്ളപ്പോഴാണ് നാട്ടിലേക്ക് വരുന്നത്. അത് അപ്പയുടെ തീരുമാനമായിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത സമയത്ത് എന്റെ പിതാവിന് ഹാര്‍ട്ട് അറ്റാക്ക് വന്നു. എനിക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം എനിക്കായി. അങ്ങനെയാണ് ഈയൊരു കരിയറിലേക്ക് എത്തുന്നത്.
ആദ്യം മോഡലിങ്ങാണ് ചെയ്തത്. അതിന് ശേഷം തെലുങ്കിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകള്‍ ലഭിച്ചു. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയായിരിക്കും ഒരു സിനിമാ നടിയുടെ നല്ലകാലമെന്ന് പറയുന്നത്. അതിന് ശേഷം വിവാഹിതയാവുകയും പിള്ളേര്‍ ജനിക്കുകയും ചെയ്താല്‍ ആ കരിയര്‍ ഉണ്ടാവില്ല.

എന്നും ജോക്കര്‍ പോലൊരു സിനിമയൊന്നും എനിക്ക് കിട്ടില്ല. അതെനിക്ക് തന്നെ മനസിലായത് കൊണ്ടാണ് പഠിച്ചൊരു ജോലി നോക്കാമെന്ന് തീരുമാനിച്ച് ന്യൂയോര്‍ക്കിലേക്ക് പോകുന്നത്. ഞാനിപ്പോള്‍ ഓഡിറ്റര്‍ മാനേജരായി സിറ്റി ബാങ്കില്‍ ജോലി ചെയ്യുകയാണ്.
സിനിമയില്‍ അഭിനയിക്കുന്ന നായികമാരുടെ ഒക്കെ അവസ്ഥ അങ്ങനെയാണ്. അതൊരു റിയാലിറ്റിയാണ്. ആ ചരിത്രം മറികടന്ന മലയാളത്തിലെ ഒരേയൊരു നടി മഞ്ജു വാര്യരാണ്. വളരെ മനോഹരമായ കഥാപാത്രങ്ങള്‍ ചേച്ചി ചെയ്യുന്നുണ്ട്. അതുപോലെ ഇപ്പോഴും കാണാന്‍ സുന്ദരിയായി ഇരിക്കുന്നു. മഞ്ജു ചേച്ചിയുടെ കാര്യത്തില്‍ എനിക്ക് വളരെ അഭിമാനമുണ്ടെന്നും മാന്യ പറയുന്നു.
എന്റെ പേര് മന്യ ആണോ മാന്യ ആണോ എന്നൊരു സംശയം പലര്‍ക്കും ഉണ്ട്. മാന്യ എന്നാണ് ശരിക്കും. ഈ പേര് പറഞ്ഞ് ജയറാമേട്ടന്‍ എന്നെ കളിയാക്കാറുണ്ട്.


Click it and Unblock the Notifications











