ടൊവിനോ മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ലെന്ന് ജൂഡ്, ഒറ്റയ്ക്ക് വഴിവെട്ടി വന്നവനല്ലേ അങ്ങനെയേ വരൂവെന്ന് ആരാധകർ
ബോക്‌സ് ഓഫീസില്‍ 87 കോടിക്ക് മുകളില്‍ കലക്ഷന്‍ സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം. ചിത്രത്തിന്റെ വിജയത്തില്‍ സംവിധായകനേയും ഹീറോ ടൊവിനോയേയും അണിയറപ്രവര്‍ത്തകരെയും പ്രശംസിച്ച് പ്രേക്ഷകരും സെലിബ്രിറ്റകളുമെല്ലാം എത്തുന്നുണ്ട്. കൂടുതല്‍ ആഘോഷിക്കപ്പെടേണ്ടതും സംസാരിക്കപ്പെടേണ്ടതുമായ സിനിമയാണ് അജയന്റെ രണ്ടാം മോഷണമെന്നും ആദ്യ സിനിമയെന്ന് തോന്നിപ്പിക്കാത്ത തരത്തിലുള്ള പ്രൊഡക്ഷന്‍ ക്വാളിറ്റിയും ക്രാഫ്റ്റുമാണ് സിനിമയുടേതെന്നുമാണ് താരങ്ങൾ അടക്കം കുറിക്കുന്നത്.
ടൊവിനോയും സംവിധായകൻ ജിതിൻ ലാലുമെല്ലാം വർഷങ്ങളോളം ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നു. ടൊവിനോയുടെ സിനിമാ കരിയറിലെ അമ്പതാമത്തെ സിനിമ കൂടിയാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തിൽ മൂന്ന് വ്യത്യസ്ത കഥപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. മൂന്നും മൂന്ന് പേർ ചെയ്തിരിക്കുന്നുവെന്ന തോന്നലാണ് സിനിമ കാണുന്നവർക്ക് തോന്നുക.

അത്രത്തോളം ആ കഥാപാത്രങ്ങൾക്ക് വേണ്ടി ടൊവിനോ പ്രവർത്തിച്ചിട്ടുണ്ടെന്നത് വ്യക്തം. ഇപ്പോഴിതാ അജയന്റെ രണ്ടാം മോഷണത്തിലെ ടൊവിനോയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ ജൂഡ് ആന്റണി സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ബെയ്ലിനോടാണ് ടൊവിനോയുടെ കഠിനാധ്വാനത്തെ ജൂഡ് ഉപമിച്ചത്.
കഥാപാത്രത്തിന്റെ പരിപൂർണതയ്ക്കായി ശരീരത്തിൽ അതിസാഹസിക പരിണാമങ്ങൾ നടത്തിയ മഹാനടന്മാരെ പട്ടികപ്പെടുത്താൻ തുനിഞ്ഞാൽ അതിൽ ആദ്യം ചേർക്കേണ്ട പേര് ക്രിസ്റ്റ്യൻ ബെയ്ലിന്റേത് തന്നെയാണ്. ഇദ്ധേഹത്തേപ്പോലെ ബോഡി ട്രാൻസ്ഫോർമേഷൻസ് നടത്തിയ മുഖ്യധാര നായക നടന്മാർ വേറേയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബാറ്റ്മാനായി വന്ന ഏറ്റവും പ്രായം കുറഞ്ഞ നോൺ അമേരിക്കൻ നടന് ലോകത്തെമ്പാടുമായി കോടിക്കണക്കിന് ആരാധകരുണ്ട് ഇന്ന്.
അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് കഥാപാത്രങ്ങൾക്ക് വേണ്ടിയും രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങൾ കൊണ്ടുവന്നിരുന്നു ടൊവിനോ. ജൂഡ് ആന്റണിയുടെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം... ഒരു നടൻ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ച് മിനുക്കണമെന്ന് പഠിക്കാൻ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യൻ. മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയിലെന്ന് വേണമെങ്കിൽ പറയാം.
അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടോവി എടുക്കുന്നുണ്ട്. നമുക്കുള്ളതിൽ ഏറ്റവും കഠിനാധ്വാനിയായ നടൻ. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറ് ശതമാനം ആത്മാർത്ഥതയുമാണ്. ഇന്നലെ അജയന്റെ രണ്ടാം മോഷണം കണ്ടപ്പോഴും ഞാൻ ആ പാഷിനേറ്റ് ആക്ടറേ വീണ്ടും കണ്ടു.

ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ്. എആർഎം ടീമിന് അഭിനന്ദനങ്ങൾ എന്നാണ് ജൂഡ് കുറിച്ചത്. ജൂഡിന്റെ നിരീക്ഷണം ശരിയാണെന്നാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വന്ന ഏറെയും കമന്റുകൾ. ഒറ്റയ്ക്ക് വഴിവെട്ടി വന്നവനല്ലേ... അത് അങ്ങനെയേ വരൂവെന്നാണ് ഒരാൾ കുറിച്ചത്. എആർഎമ്മിൽ അഭിനയിക്കുന്നത് കണ്ടപ്പോൾ മുതൽ ഞാൻ ടൊവിനോ തോമസിന്റെ ആരാധകനായി.
അദ്ദേഹത്തിൻ്റെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും അഭിനന്ദനങ്ങൾ. ഒരുപാട് ദൂരം സഞ്ചരിക്കാൻ അദ്ദേഹത്തിലെ നടന് കഴിയട്ടെ എന്നിങ്ങനെയും ടൊവിനോയെ അഭിനന്ദിച്ച് കമന്റുകൾ വന്നു. ജൂഡിന്റെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് ടൊവിനോയും എത്തി.
അതേസമയം ടൊവിനോയെ ക്രിസ്റ്റ്യൻ ബെയ്ലിനോട് ഉപമിച്ചതിനോട് അതൃപ്തി പ്രകടിപ്പിച്ചും ചിലർ എത്തി. അഭിനയം മെച്ചപ്പെട്ടുവെന്നേയുള്ളു. ക്രിസ്റ്റ്യൻ ബെയ്ലിനോടൊക്കെ ഉപമിക്കുന്നത് കുറച്ച് കൂടുതലല്ലേ എന്നാണ് മറ്റ് ചിലർ ജൂഡിന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് കുറിച്ചത്.
അതേസമയം ടൊവിനോയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ഏറെ നാളുകള്‍ക്ക് ശേഷം മലയാളി പ്രേക്ഷകര്‍ക്ക് ലഭിച്ച 3ഡി ചിത്രമെന്ന നിലയില്‍ ഇരുകയ്യും നീട്ടിയാണ് എആര്‍എമ്മിനെ പ്രേക്ഷകര്‍ വരവേറ്റത്.


Click it and Unblock the Notifications











