മെഗാസ്റ്റാറിന്റെ സന്ദർശനംകൊണ്ട് വാർത്തകളിൽ നിറഞ്ഞ ആരാധകനും ജ്യൂസ് കടയുടെ ഉടമയുമായ ഭാസ്‌ക്കർ പറയുന്നു
മൂന്ന് പതിറ്റാണ്ടോളമായി മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ സജീവ പ്രവർത്തകനും ഇപ്പോൾ രക്ഷാധികാരിയുമായ തിരുവനന്തപുരം സ്വദേശി വി.ഭാസ്‌ക്കറിന്റെ ജ്യൂസ് ഷോപ്പിൽ മെഗാ സ്റ്റാർ എത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത ആയിരുന്നു. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ഭാസ്‌ക്കർ തിരുവനന്തപുരത്ത് ആദ്യമായി മമ്മൂട്ടി ഫാന്‍സ് ക്ലബ്ബ് തുടങ്ങാൻ മുൻകൈ എടുത്ത വ്യക്തി കൂടിയാണ്.താനും സുഹൃത്ത് അശോകനും മറ്റ് ചിലരും ചേർന്നാണ് അസ്സോസിയേഷൻ ആരംഭിക്കാൻ പ്രയത്നിച്ചതെന്ന് അഭിമാനത്തോടെ ഓർക്കുകയാണ് ഭാസ്‌ക്കർ . കട തുടങ്ങുന്ന സമയത്ത് താൻ മമ്മൂക്കയെ വീട്ടില്‍ പോയി ക്ഷണിച്ചിരുന്നുവെന്നും അന്ന് അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ലെന്നും ഭാസ്‌ക്കർ പറഞ്ഞു

വാക്കു പാലിക്കുന്നു
തിരുവനന്തപുരത്ത് വരുമ്പോള്‍ തീര്‍ച്ചയായും വരാം എന്ന് വാക്ക് പറഞ്ഞ മെഗാ സ്റ്റാർ ആറ്റുകാൽ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ജ്യൂസ് കടയിൽ എത്തിയത്.മലയാളത്തിന്റെ മഹാനടനുമായി വർഷങ്ങളായുള്ള അടുപ്പവും അദ്ദേഹത്തിന്റെ സ്നേഹവും കരുതലും തന്റെ മഹാഭാഗ്യമായി കരുതാനാണ് ഭാസ്ക്കറിന് ഇഷ്ടം.

മമ്മുക്കയുടെ ഇടപെടൽ
ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഫാൻസ് അസോസിയേഷൻ കൂടുതലായി നടത്തേണ്ടതെന്ന് മമ്മൂക്ക നിഷ്ക്കർഷിക്കാറുണ്ടെന്ന് ഭാസ്‌ക്കർ പറയുന്നു. മറ്റ് സിനിമകളെയോ താരങ്ങളെയോ അധിക്ഷേപിക്കുന്ന വാചകങ്ങൾ ഫ്ളക്സുകളിലോ ബാനറുകളിലോ ഉണ്ടാകാൻ പാടില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മമ്മൂക്ക തന്റെ ജ്യൂസ് കട സന്ദർശിച്ചത് ഒരു സ്വപ്നം പോലെയാണ് ഇപ്പോഴും തോന്നുന്നത് എന്നാണ് ഭാസ്‌ക്കർ പറയുന്നത്.

ജ്യൂസ് കുടിച്ചോ?
അദ്ദേഹം കടയിൽ നിന്ന് ജ്യൂസ് കുടിച്ചോ എന്ന ചോദ്യത്തിന് ഭാസ്ക്കറിന്റെ മറുപടി ഇങ്ങനെ - \"മമ്മൂക്കയെ വർഷങ്ങളായി അറിയാം, അദ്ദേഹത്തിന്റെ ശീലങ്ങളെക്കുറിച്ചും ആഹാര കാര്യങ്ങളിലെ നിഷ്ക്കർഷകളെക്കുറിച്ചുമൊക്കെ ധാരണയുണ്ട്.വലിയ ഹോട്ടലുകളിൽ ആയാലും അദ്ദേഹം ഇത്തരം കാര്യങ്ങൾ പാലിക്കാറുണ്ട്. ഇതൊക്കെ കൃത്യമായി അറിയാവുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന് ജ്യൂസ് ഒന്നും കൊടുത്തില്ല. തനിക്ക് ഇഷ്ടമുള്ള പല ആഹാരങ്ങൾ പോലും ത്യജിച്ചുകൊണ്ടാണ് അദ്ദേഹം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിയ്ക്കുന്നത്.

സന്ദർശനം തന്നെ പിന്തുണ
മമ്മൂക്ക എന്റെ ചെറിയ സംരംഭത്തിന് നൽകിയ പിന്തുണയാണ് അദ്ദേഹത്തിന്റെ സന്ദർശനം". ഭാഷാ ഭേദങ്ങളില്ലാതെ പേരൻപ്, യാത്ര എന്നീ സിനിമകളിലൂടെ മലയാള സിനിമയുടെ യശ്ശസ് വാനോളം ഉയർത്തുന്ന 'ദി ഫെയ്സ് ഓഫ് ഇന്ത്യൻ സിനിമ' എന്ന വിശേഷണത്തിന് എക്കാലവും അർഹനായ മമ്മൂട്ടിയുടെ മധുരരാജ, ഉണ്ട, മാമാങ്കം തുടങ്ങി എല്ലാ സിനിമകൾക്കുമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഭാസ്‌ക്കർ, മറ്റേതൊരു മമ്മൂട്ടി ആരാധകനെപ്പോലെ


Click it and Unblock the Notifications











