രാംചരണിന്റെ കൺമണിയെ കാണാൻ ജൂനിയർ എൻടിആറും കുടുംബവുമെത്തി, സമ്മാനമായി നൽകിയത് സ്വർണ്ണനാണയങ്ങൾ!
അടുത്തിടെയാണ് തെലുങ്ക് താരം രാംചരൺ തേജയ്ക്കും ഭാര്യ ഉപാസന കാമിനേനിക്കും ആദ്യത്തെ കൺമണി പിറന്നത്. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മാലാഖ കുഞ്ഞിന് ക്ലിൻ കാര കോനിഡേല എന്നാണ് താരകുടുംബം പേരിട്ടിരിക്കുന്നത്.
ഇപ്പോഴിതാ കുഞ്ഞിനെ കാണാൻ രാംചരണിന്റെ ഉറ്റ സുഹൃത്തും നടനുമായ ജൂനിയർ എൻടിആറും കുടുംബവും എത്തിയിരിക്കുകയാണ്. നിരവധി സ്പെഷ്യൽ സമ്മാനങ്ങളുമായാണ് കുഞ്ഞിനെ കാണാൻ ജൂനിയർ എൻടിആർ എത്തിയത്. വളരെ കാലങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ജൂനിയർ എൻടിആറും രാംചരണും.
ഇരുവരും കേന്ദ്രകഥാപാത്രങ്ങളായ ആർആർആർ ഓസ്കാർ നേടി നിൽക്കുമ്പോഴാണ് രാംചരണിന് കൺമണി പിറന്നത്. നിറവയറുമായാണ് ഉപാസന രാംചരണിനൊപ്പം ഓസ്കാർ വീക്ഷിക്കാൻ പോയത്.
ഇടൈംസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ജൂനിയർ എൻടിആർ രാംചരണിന്റെ മകൾ ക്ലിൻ കാര കോനിഡേലയ്ക്ക് വളരെ സവിശേഷമായ സമ്മാനങ്ങൾ നൽകിയെന്നാണ് അറിയാൻ കഴിയുന്നത്. ഏറെ പ്രത്യേകതകൾ നിറഞ്ഞ സ്വർണ്ണനാണയങ്ങളാണ് രാംചരണിന്റെ കുഞ്ഞിന് ജൂനിയർ എൻടിആറിന്റെ കുടുംബം നൽകിയത്.

രണ്ട് സ്വർണ്ണനാണയങ്ങളാണ് ക്ലിൻ കാരയ്ക്ക് താരം നൽകിയത്. അതിൽ ഒന്നിൽ ക്ലിൻ കാരയുടെ പേരും മറ്റൊന്നിൽ രാംചരണിന്റെയും ഉപാസനയുടെയും പേരും ആലേഖനം ചെയ്തിരുന്നു. കുടുംബസമേതമാണ് ജൂനിയർ എൻടിആർ എത്തിയത്.
ഓൺസ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും ഇരുവരും തമ്മിൽ ആഴമായ സൗഹൃദമുണ്ടെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നാണ് ജൂനിയർ എൻടിആർ രാംചരണിന്റെ മകളെ കാണാൻ എത്തി എന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ ആരാധകർ കുറിക്കുന്നത്. പിറന്ന അന്ന് മുതൽ നിരവധി സമ്മാനങ്ങളാണ് ക്ലിൻ കാരയെ തേടി രാംചരണിന്റെ വസതിയിലേക്ക് എത്തുന്നത്.
താരദമ്പതികളുടെ മകൾക്ക് സ്വർണ്ണ തൊട്ടിലാണ് അംബാനി കുടുംബം സമ്മാനിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ബോളിവുഡ് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു കോടിയ്ക്ക് മുകളിൽ വിലമതിക്കുന്ന തൊട്ടിൽ അംബാനി കുടുംബത്തിൽ നിന്നുള്ള സ്‌നേഹ സമ്മാനമാണ്. ചിരഞ്ജീവിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് മുകേഷ് അംബാനിയ്ക്കുള്ളത്.
അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗികമായി അംബാനി കുടുംബമോ ചിരഞ്ജീവി കുടുംബമോ പ്രതികരിച്ചിട്ടില്ല. ജൂൺ 20നാണ് രാം ചരണിനും ഭാര്യ ഉപാസനയ്ക്കും മകൾ ജനിച്ചത്. താരകുടുംബത്തിന് ആശംസകൾ നേർന്ന് നിരവധി പേർ എത്തിയിരുന്നു. ഇതുവരെയും കുഞ്ഞിന്റെ ചിത്രങ്ങൾ താരകുടുംബം പുറത്ത് വിട്ടിട്ടില്ല. പേരിടൽ ചടങ്ങ് ആഘോഷമായി നടത്തിയപ്പോഴും കുഞ്ഞിന്റെ ചിത്രങ്ങൾ കുടുംബം പുറത്തുവിട്ടില്ല.

2012ലാണ് രാംചരണും ഉപാസനയും വിവാഹിതരായത്. കഴിഞ്ഞ ഡിസംബറിലാണ് അച്ഛനാകാൻ പോകുന്ന സന്തോഷവാർത്ത രാംചരൺ പങ്കുവെച്ചത്. രാംചരണിന് മകൾ പിറന്നശേഷം അവൾ തങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യമാണെന്നാണ് ചിരഞ്ജീവി പറഞ്ഞത്. അവൾ വരവ് അറിയിച്ചപ്പോൾ മുതൽ കുടുംബത്തിൽ ഉയർച്ച മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു.
ഇടയ്ക്കിടെ മകളുടെ മുഖം വെളിപ്പെടുത്താതെ ചില ചിത്രങ്ങൾ ഉപാസന സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. മകളുടെ നഴ്സറി റൂമിന്റെ ചിത്രങ്ങൾ ഉപാസന അടുത്തിടെ പങ്കുവെച്ചിരുന്നു. തൊട്ടിലിൽ ഉറങ്ങുന്ന ക്ലിൻ കാരയെ സമീപത്ത് നിന്ന് ഉപാസനയുടെ വളർത്തുനായ വീക്ഷിക്കുന്ന കൗതുകമുണർത്തുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
പേസ്റ്റൽ നിറത്തിലുള്ള വസ്തുക്കൾ കൊണ്ടാണ് മകളുടെ നഴ്‌സറി റൂം ഉപാസനയും രാംചരണും ഒരുക്കിയിരിക്കുന്നത്. നിരവധി കളിപ്പാട്ടങ്ങളും തൊട്ടിലും ചെറിയ സോഫകളുമെല്ലാം ക്ലിൻ കാരയുടെ നഴ്സറി റൂമിൽ സജീകരിച്ചിട്ടുണ്ട്.
കുട്ടികൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ സാമ്പത്തികമായി സുരക്ഷിതരാകണമെന്ന് താനും രാം ചരണും തീരുമാനിച്ചിരുന്നതാണെന്ന് ഉപാസന മുമ്പ് വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്.


Click it and Unblock the Notifications











