'മഞ്ഞുമ്മൽ ബോയ്സിന്റെ അപ്ഡേറ്റുകൾ കണ്ടപ്പോൾ ലേഡി ക്യാരക്ടർ ഇല്ലല്ലോയെന്ന് തോന്നി, ഓടുമോയെന്നും തോന്നി'
മമ്മൂട്ടി നായകനായ ബോംബെ മാര്‍ച്ച് 2012 എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ജ്യോതി കൃഷ്ണ. വിവാഹ ശേഷം സിനിമ വിട്ട താരം ഇപ്പോള്‍ ദുബായില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്. സിനിമയിൽ സജീവമല്ലെങ്കിലും നടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 2019 നവംബറിലായിരുന്നു ജ്യോതിയുടെ വിവാഹം. ദുബായിൽ സെറ്റിൽഡായ അരുണാണ് ജ്യോതിയെ വിവാഹം ചെയ്തത്.
ഇരുവർക്കും ഇപ്പോൾ ഒരു ആൺ കുഞ്ഞുണ്ട്. മകൻ ജനിക്കും മുമ്പ് വരെ ജ്യോതി ദുബായിൽ ജോലി ചെയ്തിരുന്നു. ആമി എന്ന സിനിമയോടെയാണ് അഭിനയത്തിൽ നിന്നും ജ്യോതി വിട്ടുനിൽക്കാൻ തുടങ്ങിയത്. എന്നാൽ അഭിനയം അവസാനിപ്പിച്ചതായിരുന്നില്ല അവസരങ്ങൾ കിട്ടാതെയായപ്പോൾ സിനിമ വിട്ട് മറ്റ് മേഖലകളിലേക്ക് താൻ തിരിയുകയായിരുന്നുവെന്നാണ് ജ്യോതി പറയുന്നത്.

തന്റെ സിനിമാ തെരഞ്ഞെടുപ്പ് മോശമായതും കരിയറിനെ ബാധിച്ചതായി നടി പറയുന്നു. ഇനി സിനിമയിലേക്ക് തിരിച്ച് വരികയാണെങ്കിൽ എങ്ങനെ സിനിമ സെലക്ട് ചെയ്യുമെന്നതിൽ താൻ ആശയകുഴപ്പത്തിലാണെന്നും മലയാള സിനിമ ഒരുപാട് മാറിയെന്നും താരം പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. മഞ്ഞുമ്മൽ ബോയ്സിന്റെ വിജയം തന്നെ ഞെട്ടിച്ച ഒന്നാണെന്നും ജ്യോതി പറയുന്നു.
സിനിമ തെരഞ്ഞെടുക്കുക എന്നത് ഭയങ്കരമായി കൺഫ്യൂസ് ചെയ്യിപ്പിക്കുന്ന ഒന്നാണ്. എന്റെ ഒരു സുഹൃത്ത് മഞ്ഞുമ്മൽ ബോയ്സിന്റെ അസോസിയേറ്റായി വർക്ക് ചെയ്തിരുന്നു. ആ സുഹൃത്തിന്റെ സോഷ്യൽമീഡിയ സ്റ്റാറ്റസുകളിൽ മഞ്ഞുമ്മൽ ബോയ്സിന്റെ ലൊക്കേഷൻ ഫണ്ണും മറ്റുമൊക്കെ ഉണ്ടാവുമായിരുന്നു.
അത് കാണുമ്പോൾ ഞാൻ ഇങ്ങനെ ആലോചിക്കാറുണ്ട്. ഒരു ലേഡി ക്യാരക്ടർ പോലും ഇതിൽ ഇല്ലല്ലോയെന്ന്. മാത്രമല്ല മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചവരെല്ലാം സൂപ്പർ വാല്യുവുള്ള ആർട്ടിസ്റ്റുകളല്ല എല്ലാം ചെറിയ ആർട്ടിസ്റ്റുകളുമാണ്. ഇവരെ വെച്ച് എങ്ങനെ ഈ സിനിമ ഓടും എന്ന ചിന്തയാണ് ആദ്യം എന്റെ മനസിൽ വന്നത്. ഞാൻ ഇക്കാര്യം എന്റെ ഭർത്താവിനോട് പറയുകയും ചെയ്തിരുന്നു. പക്ഷെ ആ സിനിമ എല്ലാവരേയും ഞെട്ടിച്ച് വലിയ ഹിറ്റായി.
ആ വിജയം കണ്ടശേഷം എനിക്ക് കൺഫ്യൂഷനാണ് എങ്ങനെയാണ് ഒരു സിനിമ ചൂസ് ചെയ്യേണ്ടതെന്ന്. പണ്ടൊക്കെ പുതിയ ആൾക്കാർ വരുമ്പോൾ അവർ ആദ്യം പ്രൂവ് ചെയ്യണം. എന്നാൽ മാത്രമെ നല്ലൊരു ആർട്ടിസ്റ്റിന്റെ ഡേറ്റ് അയാൾക്ക് കിട്ടു. എന്നാൽ ഇപ്പോൾ പുതിയ ആൾക്കാരാണ് വന്ന് ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.

ഇതൊക്കെ കണ്ടശേഷം എങ്ങനെയാണ് സിനിമ തെരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിയില്ല. ഇനി മുതൽ എന്നെ തേടി ഒരു കഥ വന്നാൽ അത് കേട്ട് എനിക്ക് ഇഷ്ടപ്പെട്ടാൽ അത് ചെയ്യാം എന്ന ചിന്തയിലാണ് ഞാൻ. എങ്ങനെയൊക്കെ മാറും എന്നതിനെ കുറിച്ച് എനിക്കൊന്നും മനസിലാവുന്നില്ല. ഇപ്പോൾ വരുന്നവരെല്ലാം നല്ല കഴിവുള്ളവരാണ്. മാത്രമല്ല സിനിമയുടെ മേക്കിങ് തന്നെ മാറി.
അതുകൊണ്ട് തന്നെ പഴയ ആളുകൾ അവരുടെ പാറ്റേൺ വിട്ട് വരാത്തതുകൊണ്ട് ഇപ്പോൾ സിനിമ ചെയ്യുമ്പോൾ ഫ്ലോപ്പ് ആകുന്നുമുണ്ടല്ലോ. ഇനിയിപ്പോൾ സിനിമ ചൂസ് ചെയ്യാൻ ന്യൂ ജനറേഷനിനുള്ള ആളുകളുടെ ഹെൽപ്പൊക്കെ തേടേണ്ടി വരുമെന്ന് തോന്നുന്നു. സിനിമയിലുള്ള വളരെ കുറച്ചുപേരുമായി മാത്രമെ ഞാൻ സൗഹൃദം സൂക്ഷിക്കുന്നുള്ളു. അവരൊക്കെ ദുബായിൽ വരുമ്പോൾ അറിയിക്കും. അപ്പോൾ പോയി മീറ്റ് ചെയ്യും.
പക്ഷെ അവരോടൊക്കെ ചാൻസ് ചോദിക്കാൻ ഒരു മടിയാണ്. അതിന് പകരം തിരിച്ച് വരാൻ പ്ലാനുണ്ട് എന്നൊക്കെ ഞാൻ ഇങ്ങനെ പറയും എന്നാണ് ജ്യോതി പറയുന്നത്. ലൈഫ് ഓഫ് ജോസൂട്ടി, ഞാൻ, ആമി, ബോംബെ മാർച്ച് 12 എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട ജ്യോതിയുടെ സിനിമകൾ.


Click it and Unblock the Notifications











