'എന്തെങ്കിലുമൊന്ന് സംസാരിക്ക്, ഉള്ളിലുള്ളത് ഞാനെങ്ങനെ മനസിലാക്കുമെന്ന് ചോദിക്കും; സൂര്യ അങ്ങനെയാണ്'
ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറവും സന്തോഷകരമായി ജീവിക്കുന്ന ഇരുവരെയും മാതൃകാ ദമ്പതികളായാണ് ആരാധകർ കാണുന്നത്. 2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. ഒരുമിച്ച് അഭിനയിക്കുന്ന കാലത്ത് പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരുടെ എതിർപ്പ് വന്നു. സൂര്യയുടെ വീട്ടുകാരാണ് എതിർപ്പറിയിച്ചത്. മുംബൈക്കാരിയും നടിയുമായ ജ്യോതികയെ മരുമകളായി സ്വീകരിക്കാൻ സൂര്യയുടെ മാതാപിതാക്കൾ മടിച്ചു.
എന്നാൽ പിന്നീട് ഇവർ ബന്ധത്തിന് സമ്മതിച്ചു. വീട്ടുകാരുടെ സമ്മതപ്രകാരം ആഘോഷപൂർവമാണ് വിവാഹം നടന്നത്. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സൂര്യയെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതിക. മിതഭാഷിയാണ് സൂര്യയെന്ന് ജോയ്തിക പറയുന്നു. സൂര്യ വളരെ കുറച്ചേ സംസാരിക്കൂ. എന്തെങ്കിലും പറയൂ, നിങ്ങളുടെ മനസിലെന്താണെന്ന് എനിക്കെങ്ങനെ മനസിലാകുമെന്ന് ചോദിച്ച് ഞാനദ്ദേഹത്തെ പിടിച്ച് കുലുക്കും. എല്ലാ ഭാര്യക്കും ഭർത്താവിനും ഇടയിൽ ഇങ്ങനെയുണ്ടാകുമെന്നാണ് ഞാൻ കരുതുന്നു.

പക്ഷെ അദ്ദേഹം ഭാര്യയായത് കൊണ്ട് എന്നെ വേറെ രീതിയിൽ കാണില്ല. എപ്പോഴും ബഹുമാനം തരും. എന്റെ പടത്തിന്റെ റിലീസിന് അദ്ദേഹം എന്നേക്കാൾ കൂടുതൽ ആവേശം കാണിക്കും. ജെൻഡറിന്റെ പേരിൽ ഒരു ഹൈറാർക്കിയും സൂര്യ കാണിക്കില്ല. നല്ല അച്ഛനുമാണ്. രണ്ട് പേരും ജോലിക്ക് പോകുന്നതിനാൽ കുടുംബ ജീവിതം ബാലൻസ് ചെയ്യേണ്ടതുണ്ട്. ഞങ്ങളിൽ ആരെങ്കിലും ഒരാൾ എപ്പോഴും മക്കൾക്കൊപ്പമുണ്ട്. പത്ത് പന്ത്രണ്ട് വയസ് വരെയേ ആരെങ്കിലും ഒപ്പം വേണ്ടതുള്ളൂ എന്നാണ് ഞാൻ കരുതിയത്.
പക്ഷെ മക്കൾ ഇപ്പോൾ ടീനേജിലാണ്. തീർച്ചയായും ഒരാൾ ഒപ്പം വേണ്ടതുണ്ടെന്ന് ജ്യോതിക ചൂണ്ടിക്കാട്ടി. 'കാഖ കാഖ' എന്ന സിനിമയിൽ സൂര്യയെ ഹീറോയാക്കണമെന്ന് ആവശ്യപ്പെട്ടത് താനാണെന്ന ഗോസിപ്പുകളെക്കുറിച്ചും ജ്യോതിക സംസാരിച്ചു. സംവിധായകൻ ഗൗതം വാസുദേവുമായി അത്തരമാെരു ചർച്ച നടന്നിട്ടുണ്ടെന്ന് ജ്യോതിക പറയുന്നു. ഗൗതം സൂര്യയുടെ നന്ദ എന്ന സിനിമ തിയറ്ററിൽ പോയി കണ്ടു. തന്റെ സിനിമയിലെ കഥാപാത്രത്തിന് സൂര്യ ചേരുമെന്ന് അദ്ദേഹത്തിന് തോന്നി.

താൻ പറഞ്ഞത് കൊണ്ട് മാത്രം സൂര്യയെ നായകനാക്കേണ്ട ആവശ്യം സംവിധായകനുണ്ടോയെന്നും ജ്യോതിക ചോദിച്ചു. കരിയറിൽ നായിക നടിയായി തിളങ്ങിയ കാലഘട്ടത്തെക്കുറിച്ചും ജ്യോതിക സംസാരിച്ചു. അന്ന് തമിഴ് തീരെ അറിയില്ല. പ്രോംപ്റ്റിംഗ് ആയിരുന്നു. ഓരോ വാക്കിന്റെയും അർത്ഥം പറഞ്ഞ് തരികയായിരുന്നെന്നും ജ്യോതിക വ്യക്തമാക്കി. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും മാറി നിന്ന ജ്യോതിക 2015 ൽ പുറത്തിറങ്ങിയ 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ കാതൽ എന്ന മലയാള ചിത്രത്തിൽ ശ്രദ്ധേയ വേഷം ജ്യോതികയ്ക്ക് ലഭിച്ചു. കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് കാതലെന്ന് ജ്യോതിക വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു സിനിമയിൽ താരപദവി മാറ്റി വെച്ച് അഭിനയിക്കാൻ തയ്യാറായതിൽ നടൻ മമ്മൂട്ടിയെ ജ്യോതിക പ്രശംസിക്കുകയും ചെയ്തു.
കാതലിന് ശേഷം ജ്യോതികയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ജ്യോതികയുടെ അടുത്ത സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മുമ്പത്തെ പോലെ തിരക്ക് പിടിച്ച് തുടരെ സിനിമകൾ ചെയ്യാൻ ജ്യോതിക ഇപ്പോൾ തയ്യാറല്ല.


Click it and Unblock the Notifications