നിങ്ങൾ അടിപൊളിയാണ്, മരിക്കുന്നതിന് മുമ്പ് അമ്മയോട് പറയാനായതിൽ സന്തോഷം; ജ്യോതിർമയി
ബോഗെയ്ൻവില്ല എന്ന അമൽ നീരദ് ചിത്രം കാത്തിരിപ്പിനൊടുവിൽ റിലീസ് ചെയ്തപ്പോൾ ഏവരും ശ്രദ്ധിച്ചത് ജ്യോതിർമയിയുടെ അത്യുഗ്രൻ പ്രകടനമാണ്. വർഷങ്ങളായി സിനിമാ രംഗത്ത് നിന്നും മാറി നിന്ന ജ്യോതിർമയി ശക്തമായ തിരിച്ച് വരവാണ് ഈ സിനിമയിലൂടെ നടത്തിയിരിക്കുന്നത്. എന്റെ വീട് അപ്പുവിന്റെയും, മീശമാധവൻ തുടങ്ങിയ സിനിമകളിലൂടെയാണ് ജ്യോതിർമയി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്.
ഒരു ഘട്ടത്തിൽ നടി കരിയറിൽ നിന്നും മാറി നിന്നു. സംവിധായകൻ അമൽ നീരദിനെ വിവാഹം ചെയ്ത ശേഷം സ്വകാര്യ ജീവിതത്തിലേക്ക് കടന്നു. ഇപ്പോഴിതാ അടുത്തിടെ വിട പറഞ്ഞ തന്റെ അമ്മയെക്കുറിച്ചും ഭർതൃ പിതാവിനെക്കുറിച്ചും സംസാരിക്കുകയാണ് ജ്യോതിർമയി ഇപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി ഓർമകൾ പങ്കുവെച്ചത്.

അമ്മയുടെയും അമലിന്റെ അച്ഛന്റെയും ഫോട്ടോ വെച്ചിട്ടാണ് സിനിമ തുടങ്ങുന്നത്. ഷൂട്ടിംഗ് തുടങ്ങി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അമലിന്റെ അച്ഛൻ മരിച്ചു. അതിന് ശേഷം ഷൂട്ട് കഴിഞ്ഞ് വന്ന് കുറച്ച് ദിവസത്തിനുള്ളിൽ അമ്മയും മരിച്ചു. ഷൂട്ടിംഗ് സമയത്തേ അമ്മയുടെ ആരോഗ്യം മോശമായിരുന്നു. എനിക്കും അമലിനും ഈ സിനിമ ഷൂട്ട് ചെയ്ത സമയം കുറച്ച് ബുദ്ധിമുട്ടായിരുന്നു. അമലിന്റെ അച്ഛൻ ഒന്നിലും പതറില്ല. എന്തിലും ഒരു തീരുമാനം ഉണ്ടായിരുന്നു. അച്ഛൻ എത്തീസ്റ്റ് ആയിരുന്നു.
അമലും എത്തീസ്റ്റ് ആണ്. അമ്മ വിശ്വാസിയും. പക്ഷെ അച്ഛൻ അമ്മയിൽ അദ്ദേഹത്തിന്റെ ആശയം അടിച്ചേൽപ്പിച്ചിട്ടില്ല. അച്ഛൻ അമ്മയ്ക്ക് അമ്മയുടേതായ സ്പേസ് കൊടുക്കും. എനിക്കത് മനോഹരമായി തോന്നി. അമലിലും ആ ഗുണമുണ്ട്. അതെന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. എനിക്കത് ഇഷ്ടമായില്ല, പക്ഷെ നിന്റെ തീരുമാനമാണെന്ന് പറയും. അല്ലാതെ നമ്മളെ അങ്ങ് താഴ്ത്തി കെട്ടില്ല. അത് അച്ഛനിൽ നിന്ന് കിട്ടിയതായിരിക്കും.
എന്റെ അമ്മ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്ന ആളാണ്. ഞാനും അമ്മയും എത്ര നേരം വേണമെങ്കിലും വർത്തമാനം പറഞ്ഞിരിക്കും. ചായ കുടിക്കുന്ന സമയമാെക്കെ ഞങ്ങൾക്ക് ആഘോഷം പോലെയാണ്. സുഹൃത്തുക്കൾക്കെല്ലാം അമ്മയെക്കുറിച്ച് നല്ല ഓർമകളാണ്. അമ്മ മരിച്ച ശേഷം പ്രതീക്ഷിക്കാത്ത, അത്ര കോൺടാക്ടില്ലാത്ത ഫ്രണ്ട്സ് പോലും വരികയും വിളിക്കുകയും ചെയ്തു.
ഞാൻ അച്ഛൻ കുട്ടിയാണെന്നാണ് എപ്പോഴും വിചാരിച്ചിരുന്നത്. അമ്മയ്ക്ക് വയ്യാതായപ്പോഴും അമ്മ പോയപ്പോഴുമാണ് അവർ എനിക്ക് എത്രമാത്രം പ്രധാനപ്പെട്ട ആളായിരുന്നെന്ന് തിരിച്ചറിയുന്നത്. സന്തോഷമുള്ള കാര്യം അമ്മ മരിക്കുന്നതിന് മുമ്പ് നിങ്ങളാെരു വണ്ടർഫുൾ മദറാണ്, അടിപൊളിയാണെന്ന് ഞാൻ പറഞ്ഞു. ആണോയെന്ന് അമ്മ. അമ്മയ്ക്ക് ഭയങ്കര സന്തോഷമായിരുന്നു. അങ്ങനെ പറയാൻ പറ്റിയെന്നതിൽ സന്തോഷമുണ്ടെന്നും ജ്യോതിർമയി വ്യക്തമാക്കി.


Click it and Unblock the Notifications











