നൂറ് സാഹചര്യം എനിക്ക് ചൂണ്ടിക്കാണിക്കാം; ഞാൻ ഭാഗ്യമാണെന്ന് സൂര്യ പറയും, പക്ഷെ...; ജ്യോതിക
ആരാധകരുടെ പ്രിയ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ആഘോഷമാക്കി. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2006 ലായിരുന്നു താര വിവാഹം. സൂര്യയെ വിവാഹം ചെയ്യാൻ വേണ്ടി ജ്യോതികയ്ക്ക് നഷ്ടപ്പെടുത്തേണ്ടി വന്നത് കരിയറാണ്. വിവാഹിതയാകുന്ന സമയത്ത് തമിഴകത്തെ തിരക്കേറിയ നടിയാണ് ജ്യോതിക. തുടരെ ഹിറ്റുകളുമായി താരപദവി ലഭിച്ചിരിക്കുന്ന സമയം. ജ്യോതികയെ വെച്ച് വലിയ സിനിമകൾ ചെയ്യാൻ ഫിലിം മേക്കേർസ് തുടരെ വരുന്ന കാലത്താണ് വിവാഹം ചെയ്യാൻ നടി തീരുമാനിച്ചത്.
വിവാഹ ശേഷം ജ്യോതിക ഇടവേളയെടുത്തു. റിപ്പോർട്ടുകൾ പ്രകാരം ജ്യോതിക അഭിനയ രംഗത്ത് തുടരുന്നതിൽ സൂര്യയുടെ പിതാവ് ശിവകുമാറിന് താൽപര്യമില്ലായിരുന്നു. എന്നാൽ പിന്നീട് സാഹചര്യം മാറി. ജ്യോതിക അഭിനയ രംഗത്ത് വീണ്ടും സജീവമായി. ഇതിനിടെ നടിയും സൂര്യയും മക്കളോടൊപ്പം ചെന്നെെയിൽ നിന്ന് മുംബെെയിലേക്ക് താമസം മാറി. ഇന്ന് ഒന്നിന് പിറകെ ഒന്നായി നടി പ്രൊജക്ടുകൾ ചെയ്യുന്നു.

സൂര്യയുടെ ഭാര്യയെന്ന ലേബലിൽ നേരിടുന്ന ചില സെക്സിറ്റ് പരാമർശങ്ങൾ ചൂണ്ടിക്കാണിക്കുകയാണിപ്പോൾ ജ്യോതിക. സൂര്യയെ വിവാഹം ചെയ്തതിൽ ഭാഗ്യവതിയാണെന്ന് ഞാൻ പറഞ്ഞാൽ സൂര്യ നല്ലയാളാണെന്ന് ആളുകൾ പ്രശംസിക്കും. എന്നെ വിവാഹം ചെയ്തതിൽ ഭാഗ്യവാനാണെന്ന് സൂര്യ പറഞ്ഞാൽ ആളുകൾ അപ്പോഴും പറയുക സൂര്യ നല്ല വ്യക്തിയാണ്, ഭാര്യയെക്കുറിച്ച് ചിന്തിക്കുന്നു എന്നാണ്. ചിലപ്പോൾ ഇത് ഒരു ഐഡന്റിറ്റി ക്രെെസിസിൽ എത്തും. ഇത്തരത്തിൽ നൂറ് കണക്കിന് സാഹചര്യങ്ങൾ തനിക്ക് ചൂണ്ടിക്കാണിക്കാനാകുമെന്ന് ജ്യോതിക പറയുന്നു.
ഡബ്ബ കാർട്ടൽ ആണ് ജ്യോതികയുടെ പുതിയ സിനിമ. ജ്യോതികയ്ക്കൊപ്പം മുംബൈയിലേക്ക് താമസം മാറിയതിനെക്കുറിച്ച് അടുത്തിടെ സൂര്യ സംസാരിച്ചിരുന്നു. മുംബെെയിലാണ് ജ്യോതികയുടെ മാതാപിതാക്കളുള്ളത്. മുംബെെയിലെ ലെെഫ് സ്റ്റെെൽ ത്യജിച്ചാണ് ജ്യോതിക ചെന്നെെയിൽ നിന്നത്. അത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു മാറ്റമെന്ന് സൂര്യ വ്യക്തമാക്കി. പുരുഷൻ ആഗ്രഹിക്കുന്നതെല്ലാം സ്ത്രീയും ആഗ്രഹിക്കുന്നുണ്ടെന്നും സൂര്യ അന്ന് ചൂണ്ടിക്കാട്ടി.

മുംബെെയിലെത്തിയ ശേഷം ജ്യോതിക പഴയത് പോലെ കരിയറിൽ സജീവമായതിൽ ആരാധകരും സന്തോഷത്തിലാണ്. സൂര്യയുടെ പിതാവ് ശിവകുമാറുമായുള്ള അസ്വാരസ്യങ്ങൾ കാരണമാണ് ജ്യോതിക മുംബെെയിലേക്ക് മാറിയതെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ നടി ഈ വാദത്തെ എതിർത്തു. ഭർതൃപിതാവും താനും തമ്മിൽ പ്രശ്നങ്ങളില്ല, തന്റെ കരിയറിനെ അദ്ദേഹം പിന്തുണയ്ക്കുന്നുണ്ടെന്നും ജ്യോതിക വ്യക്തമാക്കി.
അതേസമയം വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം ശിവകുമാറിനെതിരെ ഇന്നും ജ്യോതികയുടെ ആരാധകർ ചൂണ്ടിക്കാണിക്കാറുണ്ട്. 2015 ൽ 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. ഈ സിനിമയുടെ ഇവന്റിൽ ശിവകുമാർ സംസാരിച്ചു. സിനിമയേക്കാളും വലുതാണ് ഭർത്താവും കുടുംബവും, അത് കഴിഞ്ഞേ സിനിമയുള്ളൂയെന്ന് അന്ന് ശിവകുമാർ ജ്യോതികയ്ക്ക് ആശംസകൾ അറിയിക്കവെ പറഞ്ഞിരുന്നു. ജ്യോതിക-സൂര്യ വിവാഹത്തെ ആദ്യം എതിർത്തതും ശിവകുമാറായിരുന്നു.


Click it and Unblock the Notifications











