എനിക്ക് ഓട്ടിസം, മൂന്ന് തവണ പരിശോധിച്ചു, കാണുമ്പോൾ അസുഖം ഉള്ളതുപോലെ തോന്നുകയില്ല; വെളിപ്പെടുത്തി ജ്യോത്സ്ന
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ. ഗാനരചയിതാവും ലൈഫ് കോച്ചുമെല്ലാമായ ഗായിക നടത്തിയ വെളിപ്പെടുത്തലാണിപ്പോൾ വൈറലാകുന്നത്. തനിക്ക് ഓട്ടിസം ഉണ്ടെന്നാണ് ടെഡ് എക്സ് ടോക്സിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കവെ ഗായിക പറഞ്ഞത്. മൂന്ന് തവണ പരിശോധിച്ചുവെന്നും ശേഷമാണ് ഓട്ടിസം സ്ഥിരീകരിച്ചതെന്നും ജ്യോത്സ്ന പറയുന്നു. കുടുംബസമേതം കഴിഞ്ഞ കുറച്ച് നാളുകളായി ജ്യോത്സ്ന യുകെയിലായിരുന്നു താമസം.
അവിടെ എത്തിയശേഷമാണ് ഓട്ടിസം ഗായികയിൽ കണ്ടെത്തിയത്. ജീവിതത്തിൽ എപ്പോഴെങ്കിലും ഞാൻ ആരാണ് എന്നുള്ള ചോദ്യം നിങ്ങൾ സ്വയം ചോദിച്ചിട്ടുണ്ടോ?. കേൾക്കുമ്പോൾ വളരെ എളുപ്പമുള്ള ചോദ്യമായി തോന്നുന്നുണ്ടാകും. നിങ്ങൾ ഈ ലോകത്തേക്ക് വന്ന് കഴിയുമ്പോൾ ജീവിത്തിൽ മുന്നോട്ടുള്ള വർഷങ്ങളിൽ പലതരത്തിലുള്ള മൈൽസ്റ്റോണുകൾ ഉണ്ടാകും. ഓരോന്നിനേയും എല്ലാവരും സമീപിക്കുന്ന രീതി വ്യത്യസ്തമായിരിക്കും.

ചിലർ വളരെ പതുക്കെയായിരിക്കും ഓരോ കാര്യങ്ങളുടെ അടുത്തേക്കും എത്തിച്ചേരുന്നത്. അതുകൊണ്ട് തന്നെ അവരുടെ നേരെ വിരലുകൾ ഉയരുകയും മാറ്റി നിർത്തപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. മത്സരം, താരതമ്യപ്പെടുത്തൽ, സമപ്രായക്കാരുടെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പ്രഷർ എല്ലാം ഉണ്ടാകും.
അതുകൊണ്ട് തന്നെ നേട്ടങ്ങൾ ഉണ്ടാക്കാനും മറ്റുള്ളവർക്ക് മുമ്പിൽ പലതും തെളിയിച്ച് കാണിച്ച് കൊടുക്കാനുമുള്ള നിങ്ങളുടെ ഓട്ടം ആരംഭിക്കും. ആ ഓട്ടം ഒരു വലിയ മതിലിൽ ഇടിച്ച് നിൽക്കും. സ്ട്രസ്, ആങ്സ്റ്റൈറ്റി ഡിസോഡർ, ക്ലിനിക്കൽ ഡിപ്രഷൻ എന്നിവയിൽ എന്തെങ്കിലുമൊക്കെയാകും ആ മതിൽ. പതിനാറ് വയസിലാണ് എനിക്ക് പ്രശസ്തി ലഭിക്കുന്നത്. ആ പ്രായത്തിൽ ടീച്ചറാകാൻ ആയിരുന്നു എന്റെ ആഗ്രഹം. പക്ഷെ ഒറ്റരാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞു.
സംഗീതത്തിലേക്ക് വന്നു. റെക്കോർഡിങ്, കോൺസേർട്സ് എല്ലാമായി ജീവിതം. ഇരുപത്തിമൂന്ന് വർഷത്തിലേറെയായി ഞാൻ ഇന്റസ്ട്രിയിലുണ്ട്. പക്ഷെ ഞാൻ വേണ്ടത്ര നന്നായി ഒന്നും ചെയ്യുന്നില്ലെന്ന പ്രതികരണങ്ങളാണ് വർക്കിങ് മദറായ എനിക്ക് കിട്ടിയതിൽ ഏറെയും. ഞാൻ ഇതേ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം നീ വളരെ സെൻസിറ്റീവാണ്, ഓവർ തിങ്കിങ് ചെയ്യുകയാണ്, റിലാക്സ് ചെയ്യൂ എന്നുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്.
അങ്ങനെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എല്ലാത്തിൽ നിന്നും ഓടി രക്ഷപ്പെടണമെന്ന് കരുതി ഇരിക്കുമ്പോൾ ഭർത്താവിന് യുകെയിൽ ജോലി ലഭിച്ചു. അങ്ങനെ യുകെയിലേക്ക് പോവുകയും ചെയ്തു. അവിടെ എത്തിയശേഷം തുടക്കത്തിൽ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. എന്റെ കംഫേർട്ട് സോൺ വിട്ടാണ് അവിടേക്ക് പോയത് എന്നതുകൊണ്ട് തന്നെ വ്യത്യസ്തമായ ജീവിതമായിരുന്നു. പക്ഷെ എല്ലാത്തിനും രണ്ട് വശമുണ്ടെന്ന് പറയുന്നതുപോലെ ഇവിടേയും അത് സംഭവിച്ചു.

അവിടെ ഒരു കോഴ്സിന് ചേർന്നു. ശേഷം എന്നെ കുറിച്ച് തന്നെ എനിക്ക് ചില ചോദ്യങ്ങളുണ്ടായി. അങ്ങനെ ഞാൻ മാനസികരോഗ വിദഗ്ധനെ സമീപിച്ചു. ശേഷം നടത്തിയ പരിശോധനയിൽ ഓട്ടിസം ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഒന്നല്ല മൂന്ന് തവണ പരിശോധിച്ചു. ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ടാണ് ഞാനെന്നാണ് പരിശോധനയിൽ മനസിലായത്. ഓട്ടിസം ഉള്ളതുപോലെ തോന്നുന്നില്ലല്ലോ പിന്നെന്താണ് ഇവൾ ഈ പറയുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.
എല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഓട്ടിസ്റ്റിക്കാണെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ അങ്ങനെയല്ല ഒന്നുകിൽ നിങ്ങൾക്ക് ഓട്ടിസം ഉണ്ടായിരിക്കും അല്ലെങ്കിൽ ഉണ്ടാവില്ല. വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും മനസിലാക്കുകയും ചെയ്യുന്നതിനെയാണ് ഓട്ടിസമെന്ന് പറയുന്നത്. ജീവിതത്തിൽ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചത് ഓട്ടിസം കണ്ടുപിടിച്ചശേഷമാണ്.
എല്ലാത്തിനോടും വൈകാരികമായി പ്രതികരിച്ചിരുന്നതിന്റേയും എല്ലാം ഉള്ളിലേക്ക് എടുത്ത് അനുഭവിച്ചുകൊണ്ടിരുന്നതിന്റെയും കാരണവും മനസിലായി. ഓട്ടിസത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് ഇപ്പോൾ ഞാൻ ഇത് തുറന്ന് പറയുന്നത്. മാറ്റം വീടുകളിൽ നിന്നും സ്കൂളിൽ നിന്നും ഉണ്ടാവണം. ഓട്ടിസം കണ്ടുപിടിക്കാനുള്ള മാർഗങ്ങളും വേണം. കാരണം ഓട്ടിസം ഉള്ളവർക്ക് വേണ്ടി നിർമിക്കാത്ത ഒരു ലോകത്താണ് അവർ ജീവിക്കാൻ നിർബന്ധിതരാകുന്നത്. അവരുടെ കഷ്ടപ്പാടുകൾ പുറത്ത് കാണാൻ കഴിയുന്നില്ലെന്നതും അവസ്ഥ കൂടുതൽ മോശമാക്കുമെന്നും ജ്യോത്സ്ന പറയുന്നു.


Click it and Unblock the Notifications











