സിനിമാ രംഗം വിട്ടതിന് കാരണം, കുറേ സാഹചര്യങ്ങളുണ്ടായി; ഞാനായിട്ട് പോസ്റ്റ് ചെയ്തില്ല: ആദ്യമായി അഖില
ചുരുക്കം സിനിമകൾ മാത്രം ചെയ്ത് പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ കഴിഞ്ഞ അഭിനേതാക്കളുണ്ട്. ലെെം ലെെറ്റിൽ നിന്ന് അകന്നിട്ട് വർഷങ്ങൾക്കിപ്പുറം ഇവരെ പ്രേക്ഷകർ ഓർക്കുന്നു. നടി അഖില ശശിധരൻ ഇതിന് ഉദാഹരണമാണ്. കാര്യസ്ഥൻ, തേജാ ഭായ് ആന്റ് ഫാമിലി എന്നീ രണ്ട് സിനിമകളിൽ മാത്രമേ അഖില ശശിധരൻ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ വളരെ പെട്ടെന്ന് ജനപ്രീതി നേടാൻ അഖിലയ്ക്ക് കഴിഞ്ഞു. സിനിമയ്ക്ക് മുമ്പ് ആങ്കറായും അഖില പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.
നെക്സ്റ്റ് ഡോർ ഗേൾ ഇമേജിൽ അഖില വളരെ പെട്ടെന്ന് ശ്രദ്ധ നേടി. എന്നാൽ രണ്ട് സിനിമകൾക്ക് ശേഷം അഖിലയെ സിനിമകളിൽ കണ്ടിട്ടില്ല. ഏറെ നാളായി ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. ചെയ്ത സിനിമകൾ ഹിറ്റായിട്ടും ഫീൽഡ് ഔട്ടായ നടി, അഖില സിനിമാ രംഗം വിട്ടതിന് കാരണം എന്നിങ്ങനെ പല ചർച്ചകൾ നടന്നു. അനുമാനങ്ങൾ അഖിലയുടെ ആരാധകർക്ക് ഇനി അവസാനിപ്പിക്കാം. താൻ സിനിമാ രംഗം വിട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് അഖില ശശിധരനിപ്പോൾ. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അഖില മനസ് തുറന്നത്.

കുറേ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതിലേക്ക് ഞാൻ കടക്കുന്നില്ല. എവിടെ എന്ന് അന്വേഷിച്ച് ഒരുപാട് റൂമറുകൾ വന്നിട്ടുണ്ട്. അതൊരു കാലഘട്ടത്തിൽ വന്ന വീഡിയോകളാണ്. സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നില്ല. ഈയടുത്താണ് കുറച്ച് ആക്ടീവായത്. കുറേ വർഷം ഞാൻ ബോംബെയിലായിരുന്നു. അഞ്ച് വർഷം അവിടെയായിരുന്നു. കഥക് പഠിച്ചു. പിന്നീട് പെർഫോം ചെയ്യാനും തുടങ്ങി. അങ്ങനെയൊക്കെ നടക്കുന്നുണ്ടായിരുന്നു. കേരളത്തിലെ പ്രേക്ഷകർ അറിഞ്ഞിട്ടില്ല. ആ ഫാക്ടറുണ്ട്. പിന്നെ സെൻസേഷണലെെസ് ചെയ്യപ്പെട്ട വാർത്തയായിരിക്കാം താൻ എവിടെ പോയി എന്നതെന്നും അഖില പറയുന്നു.
കലാപരമായ കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാനായിട്ട് അത് പോസ്റ്റ് ചെയ്തിട്ടില്ലെന്നും അഖില പറയുന്നു. മലയാളികൾ തന്നെ ഇന്നും ഓർക്കുന്നതിൽ സന്തോഷമുണ്ടെന്നും അഖില പറയുന്നു. ആ രണ്ട് സിനിമകളുടെ റീച്ച് തന്നെയാണതിന് കാരണം. അത് ഒരാളുടെ എഫർട്ട് അല്ല. വളരെ ചുരുക്കം സിനിമകളേ കുറേക്കാലം പ്രേക്ഷകരുടെ മനസിൽ നിൽക്കൂ. തന്റെ സിനിമകൾ അത്തരത്തിലുള്ളതായതിൽ സന്തോഷമുണ്ടെന്നും അഖില ശശിധരൻ വ്യക്തമാക്കി.

സിനിമാ രംഗത്തേക്ക് തിരിച്ച് വരുമോ എന്ന ചോദ്യത്തിനും അഖില മറുപടി നൽകി. ഇന്ന് ഞാൻ ഒരു സിനിമയിൽ അഭിനയിക്കുന്നു എന്ന് പറഞ്ഞാൽ നടക്കില്ല. കുറേ കാര്യങ്ങൾ ഒത്ത് വന്ന് സംഭവിക്കുന്ന കാര്യമാണ്. അനുയോജ്യമായ കഥയും വർക്ക് ചെയ്യാൻ പറ്റുന്ന സാഹചര്യവും ആണെങ്കിൽ ചെയ്യും. സിനിമയെന്ന മീഡിയത്തോട് തനിക്ക് സ്നേഹമുണ്ടെന്നും അഖില ശശിധരൻ വ്യക്തമാക്കി.
നൃത്തത്തിന് അഖിലയുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. കളരിയും സംഗീതവുമെല്ലാം പഠിച്ച അഖില കലാരംഗത്ത് ഇപ്പോഴും സജവമാണ്. എന്നാൽ പ്രിയ താരത്തെ ബിഗ് സ്ക്രീനിൽ വീണ്ടും കാണണമെന്ന ആഗ്രഹം ആരാധകർക്കുണ്ട്. കാര്യസ്ഥനിൽ ദിലീപിന്റെ നായികയായാണ് അഖില അഭിനയിച്ചത്. തേജാ ഭായ് ആന്റ് ഫാമിലിയിൽ പൃഥ്വിരാജായിരുന്നു നായകൻ. അഖിലയുടെ രണ്ട് സിനിമകളും മുൻനിര താരങ്ങൾക്കൊപ്പമാണെന്നതും ശ്രദ്ധേയമാണ്.
ടെലിവിഷൻ ഷോയിൽ നിന്നുള്ള ജനപ്രീതിയാണ് അഖിലയെ സിനിമയിലേക്ക് എത്തിച്ചത്. നന്നായി മലയാളം സംസാരിക്കുന്ന അഖില അക്കാലത്തെ ടെലിവിഷൻ ആങ്കർമാർക്കിടയിൽ വ്യത്യസ്തയായി. ടെലിവിഷൻ രംഗത്ത് അഖില പുതിയൊരു തരംഗം സൃഷ്ടിച്ചു. അഖിലയുടെ ആങ്കറിംഗ് ചർച്ചയായിരിക്കെയാണ് സിനിമയിലേക്ക് അവസരം വരുന്നത്. മലയാളത്തിലെ മുൻനിര നായിക നടിയായി അഖില മാറുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു.


Click it and Unblock the Notifications











