'പതിനാറ് വർഷമായി ആ വീട്ടിലല്ലേ താമസം... സ്വഭാവം അങ്ങനെയായിപ്പോകും, ഷോഓഫ് എനിക്കില്ല'; ജ്യോതികയും മമ്മൂട്ടിയും!
ഏറെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുകയാണ് ജിയോ ബേബിയുടെ സംവിധാനത്തിൽ എത്തുന്ന കാതൽ എന്ന സിനിമയുടെ റിലീസിനായി. ആദ്യമായി തമിഴ് നടി ജ്യോതികയും മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമ എന്നതുകൊണ്ട് തന്നെ തുടക്കം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ കൂടിയാണ് കാതൽ. മമ്മൂട്ടി കമ്പനി തന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നതും.
അടുത്ത കാലത്തായി പരീക്ഷണ ചിത്രങ്ങൾ നിരവധി ചെയ്യുന്ന നടനാണ് മമ്മൂട്ടി. വാരിവലിച്ച് സിനിമകൾ ചെയ്യുക എന്നതിലുപരി കൊച്ചു ചിത്രമായാലും ആളുകൾ സ്വീകരിക്കുന്ന സിനിമകളുടെ ഭാഗമാകുക അത്തരം സിനിമകൾ പ്രൊഡ്യൂസ് ചെയ്യുക എന്നതാണ് മമ്മൂട്ടിയുടെ പോളിസി.
അതുകൊണ്ട് തന്നെ മമ്മൂട്ടി സിനിമകൾ പ്രഖ്യാപനം മുതൽ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് ജ്യോതിക ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത്. കേരളത്തിൽ ഷൂട്ടിനായി ജ്യോതിക എത്തിയപ്പോൾ നടനും ഭർത്താവുമായ സൂര്യയും ലൊക്കേഷൻ സന്ദർശിച്ചിരുന്നു.

കാതൽ ടീമിനൊപ്പം സമയം ചിലവഴിക്കുകയും മമ്മൂട്ടിയോടൊപ്പമിരുന്ന് ബിരിയാണി കഴിക്കുകയും ചെയ്യുന്ന ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഐഡിയൽ കപ്പിൾ കാറ്റഗറിയിൽ ഉൾപ്പെടുന്ന ദമ്പതികളാണ് സൂര്യയും ജ്യോതികയും. താരമൂല്യമുള്ള താരങ്ങളാണെങ്കിൽ കൂടിയും ഇരുവരും ലാളിത്യം നിറഞ്ഞ ജീവിതമാണ് മുന്നോട്ട് നയിക്കുന്നത്.
ഇപ്പോഴിതാ കാതൽ സിനിമയുടെ പ്രമോഷനായി കേരളത്തിലെത്തിയപ്പോൾ സിംപ്ലിസിറ്റി പിന്തുടരാനുള്ള കാരണത്തെ കുറിച്ച് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സൂര്യയും കുടുംബവുമാണ് അതിന് കാരണമെന്നാണ് ജ്യോതിക പറയുന്നത്.
മമ്മൂട്ടിക്കും സംവിധായകൻ ജിയോ ബേബിക്കുമൊപ്പമാണ് കാതൽ പ്രമോഷൻ അഭിമുഖത്തിൽ ജ്യോതിക പങ്കെടുത്തത്. ഇരുപത് വർഷമായി ഒരു ഫോൺ നമ്പർ തന്നെ മാറ്റാതെ സൂക്ഷിക്കുന്നതിനെ കുറിച്ചും ലാളിത്യം നിറഞ്ഞ ജീവിതത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് ജ്യോതിക സരസമായ മറുപടി നൽകിയത്.
ഇരുപത് വർഷമായി ഒരു ഫോൺ നമ്പർ തന്നെയാണ് താൻ കോൺണ്ടാക്ട് നമ്പറായി ഉപയോഗിക്കുന്നതെന്ന് ജ്യോതിക പറഞ്ഞപ്പോൾ മുപ്പത് വർഷമായി ഒരേ ബിഎസ്എൻഎൽ നമ്പറാണ് താൻ ഉപയോഗിക്കുന്നതെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇതുവരെയും നമ്പർ മാറ്റിയിട്ടില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. 'ഞാനും സൂര്യയും വളരെ സിംപിളാണ്. അതുപോലെ തന്നെ സൂര്യയുടെ ഫാമിലിയും വളരെ സിംപിളാണ്. വളരെ ഗ്രൗണ്ടടായിട്ടുള്ള ആളുകളാണ്.'

'അവിടെ നിന്നാണ് എല്ലാം ഞങ്ങളിലേക്ക് വരുന്നത്. പതിനാറ് വർഷമായി അവരോടൊപ്പം ആ വീട്ടിൽ അല്ലേ താമസം. എല്ലാം അങ്ങനെയായിപ്പോകും. അത് ഒരു സ്വഭാവം മാത്രമാണ്', എന്നാണ് ജ്യോതിക പറഞ്ഞ് അവസാനിപ്പിച്ചത്. പിന്നീട് സെലിബ്രിറ്റി ലൈഫിനെ കുറിച്ച് മമ്മൂട്ടിയാണ് സംസാരിച്ചത്. സെലിബ്രിറ്റിയാണെന്ന് കരുതി ഷോ ഓഫ് ഇല്ലാത്തയാളാണ് താനെന്നാണ് മമ്മൂട്ടി പറഞ്ഞത്.
'ഞങ്ങളും എല്ലാവരെയും പോലെ രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉച്ചയ്ക്ക് ലഞ്ച് രാത്രി ഭക്ഷണം പറ്റിയാൽ ഒരു ഡ്രസ്. പുറത്ത് പോകണമെങ്കിൽ വേറൊരെണ്ണം അതിന് അപ്പുറത്തേക്ക് വേറെ ഒന്നിനും പറ്റില്ല. സെലിബ്രിറ്റിയായതുകൊണ്ട് രാവിലെ ഒരു മൂന്ന് ബ്രേക്ക് ഫാസ്റ്റ്... ഉച്ചയ്ക്ക് അഞ്ച് ലഞ്ച് ഒന്നും കഴിക്കാൻ പറ്റില്ല. ഈ വായുവിലുള്ളത് ശ്വസിക്കാനെ നമുക്കും പറ്റൂ.'
'പ്രത്യേകിച്ച് ഒന്നും കിട്ടില്ല. കാണുമ്പോൾ കാഴ്ചയിൽ എന്തെങ്കിലും വ്യത്യസമുണ്ടെങ്കിലെ ഉള്ളു. പിന്നെ ഷോ ഓഫ് ഇല്ലാത്തയാളാണ് ഞാൻ. ചിലപ്പോൾ ഉണ്ടാവുമായിരിക്കാം ഇല്ലെന്ന് ഞാൻ പറയുന്നില്ലെന്നാണ്', മമ്മൂട്ടി പറഞ്ഞത്. ഏറ്റവും അവസാനം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡാണ്. ഒടിടിയിൽ റിലീസ് ചെയ്തശേഷവും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications