'മമ്മൂട്ടിയുടെ റിയാക്ഷൻ ഉണ്ടാകുമെന്നെ പറഞ്ഞിരുന്നുള്ളു... ഒരു സെക്കന്റ് എന്താണ് സംഭവിച്ചതെന്ന് അറിയില്ല'
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിയോ ബേബി സിനിമ കാതലും അതിലെ മാത്യു ദേവസിയായുള്ള മമ്മൂട്ടിയുടെ പ്രകടനവുമാണ് പ്രേക്ഷകർക്കിടയിലെ ചർച്ച വിഷയം. സൗത്ത് ഇന്ത്യൻ സെലിബ്രിറ്റികൾ വരെ കാതൽ കണ്ട് സിനിമയുടെ അണിയറപ്രവർത്തകരേയും നായകൻ മമ്മൂക്കയേയും വാനോളം പുകഴ്ത്തുന്നുണ്ട്. ആരും ചെയ്യാൻ മടിക്കുന്നൊരു കഥാപാത്രമാണ് മമ്മൂട്ടി കാതലിൽ ചെയ്തത്. പുഴുവിന് ശേഷം ഒരോ സിനിമ കഴിയുമ്പോഴും മമ്മൂട്ടിയെ അഭിനേതാവ് കൂടുതൽ തിളക്കമുള്ളതായി മാറുകയാണ്.
സിനിമയ്ക്കും നല്ല കഥാപാത്രങ്ങൾക്കും വേണ്ടി ഏത് ഇമേജും അദ്ദേഹം ബ്രേക്ക് ചെയ്യുമെന്നത് കാതലിന്റെ റിലീസോടെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. കണ്ണൂർ സ്ക്വാഡിന് പിന്നാലെ കാതലും ഗംഭീര പ്രതികരണം നേടുമ്പോൾ ചിത്രത്തിൽ മമ്മൂട്ടിയുടെ പിതാവായ ദേവസിയായി വേഷമിട്ട ആർ.എസ് പണിക്കർ മനനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഷൂട്ടിങ് അനുഭവങ്ങൾ പങ്കിട്ടിരിക്കുകയാണ്.

ആർ.എസ് പണിക്കരുടെ ആദ്യ സിനിമയാണ് കാതൽ. യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് രജിസ്ട്രാർ പദവി വരെ അലങ്കരിച്ച ഉദ്യോഗസ്ഥനാണ് പണിക്കർ. പിഎസ്‌സി, കാലിക്കറ്റ് സിൻഡിക്കറ്റ് എന്നിവയിലും അംഗമായിട്ടുണ്ട്. ഇപ്പോൾ കാലിക്കറ്റ് സർവകലാശാലാ ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെ നേതൃനിരയിലുണ്ട്. നാടകത്തിലും പ്രസംഗത്തിലും നേരത്തെ തന്നെ തിളങ്ങിയിട്ടുള്ള പണിക്കർ ആ കഴിവുകളുടെ ബലത്തിലാണ് സിനിമയിലെത്തിയത്.
കാതൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പം കേക്ക് മുറിച്ച് ആദ്യ സിനിമയുടെ വിജയം ആർ.എസ് പണിക്കർ ആഘോഷിച്ചിരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ ആളുകളുടെ മനസിൽ പതിച്ചൊരു രംഗമാണ് മമ്മൂട്ടിയുടെ മകൻ കഥാപാത്രം പിതാവ് ദേവസിയെ കെട്ടിപിടിച്ച് ഇമോഷണലാകുന്ന രംഗം.
അത് ഷൂട്ട് ചെയ്തപ്പോഴുള്ള അനുഭവം മറക്കാനാവില്ലെന്നാണ് ആർ.എസ് പണിക്കർ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഒട്ടും പ്രതീക്ഷിക്കാത്തൊരു റിയാക്ഷനാണ് ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ മമ്മൂട്ടിയിൽ നിന്നും ഉണ്ടായതെന്നും ഒരു സെക്കന്റ് നേരത്തേക്ക് എന്താണ് സംഭവിക്കുതെന്ന് പോലും മനസിലായില്ലെന്നും ആർ.എസ് പണിക്കർ പറയുന്നു.
'സംവിധായകൻ എന്നോട് എന്റെ റോൾ പറഞ്ഞ് തന്നു. മമ്മൂക്ക വന്ന് മുന്നിലിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഡയലോഗ് കേൾക്കുമ്പോഴുള്ള എക്സ്പ്രഷൻ ഉണ്ടായിക്കോണം... അത് അവസാനിക്കുമ്പോൾ മമ്മൂട്ടിയുടെ തോളിൽ പിടിക്കണമെന്നുമാണ് സംവിധായകൻ പറഞ്ഞ് തന്നത്. അപ്പോൾ മമ്മൂക്ക റിയാക്ട് ചെയ്യുമെന്നും എന്നോട് പറഞ്ഞു. പക്ഷെ എങ്ങനെയായിരിക്കും അദ്ദേഹത്തിന്റെ റിയാക്ഷനെന്ന് പറഞ്ഞിരുന്നില്ല.'

'എന്തുതരം റിയാക്ഷൻ ആയിരിക്കുമെന്നത് ഞാനും ചിന്തിച്ചില്ല. ഞാൻ ചെന്ന് മമ്മൂക്കയുടെ തോളിൽ പിടിച്ചു പിന്നെ ഒരു സെക്കന്റ് എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ഒരു ശബ്ദവും കേൾക്കുന്നുണ്ട് കൂട്ടത്തിൽ ഒരു പിടിയാണ് എനിക്ക് കിട്ടുന്നത്. സത്യത്തിൽ ആ സമയത്ത് ഞാൻ വിഭ്രമിച്ച് പോയി. മമ്മൂട്ടി വിസ്മയിപ്പിച്ചുവെന്നാണ് പൊതുവെ പറയാറുള്ളത്.'
'പക്ഷെ എന്നെ അദ്ദേഹം വിഭ്രമിപ്പിച്ചുവെന്ന് പറയാനാണ് ആഗ്രഹിക്കുന്നത്. കാരണം അത്തരമൊരു റിയാക്ഷൻ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. ആ ശബ്ദത്തോടെയുള്ള കരച്ചിലും റിയാക്ഷനും ആ പിടുത്തവുമൊക്കെ വളരെ എനർജിയോടെ ഉള്ളതായിരുന്നു. അതൊരു അനുഭവം തന്നെയായിരുന്നുവെന്നാണ്', കാതൽ ഷൂട്ടിങ് അനുഭവം പങ്കിട്ട് ആർ.എസ് പണിക്കർ പറഞ്ഞത്.
ജ്യോതിക വളരെ വർഷങ്ങൾക്ക് ശേഷം അഭിനയിച്ച മലയാള സിനിമ കൂടിയായിരുന്നു കാതൽ. മമ്മൂട്ടി കമ്പനി തന്നെയാണ് കാതൽ നിർമിച്ചതും. കേരളത്തിലെ ഭൂരിഭാഗം തിയേറ്ററുകളിലും എല്ലാ ഷോകളിലും ഹൗസ് ഫുള്ളാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നവംബർ 23നാണ് കാതൽ ദി കോർ റിലീസ് ചെയ്തത്. മാത്യു ദേവസിയ്ക്കൊപ്പം തന്നെ ജ്യോതികയുടെ ഓമനയെയും പ്രേക്ഷകർ ഒന്നടങ്കം ഏറ്റടുത്തു. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications