കരിയറിലുണ്ടായ പാരകൾ, എനിക്ക് വെച്ച് നീട്ടിയ അവസരങ്ങൾ മറ്റൊരാൾക്ക്; കെെലാസി വിഷ്ണു പ്രകാശ്
നാടകാഭിനയത്തിൽ തുടങ്ങി മിനി സ്ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കും കടന്ന് വന്ന നടനാണ് കെെലാസി വിഷ്ണു പ്രകാശ്. സിനിമകളിൽ ശ്രദ്ധേയ വേഷം നടന് ലഭിച്ചിട്ടുണ്ട്. എന്നാൽ തിരക്കുള്ള സഹനടനായി സിനിമാ രംഗത്ത് വിഷ്ണു പ്രകാശ് മാറിയില്ല. എന്താണ് തന്റെ കരിയറിൽ സംഭവിച്ചത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു പ്രകാശ്. പലരോടും അവസരം ചോദിച്ചെങ്കിലും കുറച്ച് പേരെ തനിക്ക് സിനിമകൾ തന്നിട്ടുള്ളൂയെന്ന് വിഷ്ണു പ്രകാശ് പറയുന്നു. കൗമുദി മൂവീസിലാണ് തുറന്ന് പറച്ചിൽ.
ഒരു ഡയരക്ടർ ഉള്ളുകൊണ്ട് എപ്പോഴെങ്കിലും ഇവനെ ഒന്ന് രക്ഷപ്പെടുത്തി വിടണം എന്ന് വിചാരിച്ചാലേ തുടർച്ചയായി പടങ്ങളിലേക്ക് വിളിക്കൂ. ഇരട്ടക്കുട്ടികളുടെ അച്ഛൻ കഴിഞ്ഞാണ് ഒരാൾ മാത്രം വരുന്നത്. ഒരാൾ മാത്രം കഴിഞ്ഞിട്ടാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ വരുന്നത്. തുടർച്ചയായി സത്യൻ അന്തിക്കാടിന്റെ ഹിറ്റായ മൂന്ന് പടങ്ങളിൽ ഞാനുണ്ടായിരുന്നു.
ഒരാൾ മാത്രം ഓടിയത് മുഴുവൻ ടിവിയിലാണ്. പത്തോ അൻപതോ പ്രാവശ്യം അത് ടിവിയിൽ കാണിച്ചു. ഒളിക്കുകയാണ് ഞാൻ. ഒരു ഹീറോയുടെ പടം ഒരാഴ്ച കഴിഞ്ഞ് ഹോൾഡ് ഓവറായാൽ ആ ഹീറോയ്ക്ക് അത് ദോഷം ചെയ്യും. പക്ഷെ പുള്ളിക്കത് ദോഷം ചെയ്യില്ലെന്ന് തോന്നിയത് കൊണ്ടാകാം അത് മുന്നോട്ട് പോകാഞ്ഞത്. അല്ലെങ്കിൽ അത്തരമാെരു റോൾ ചെയ്ത ഞാൻ ഇവിടെയല്ല നിൽക്കേണ്ടത്. ഒരാൾ അവസരം വെച്ച് നീട്ടുമ്പോൾ ഒരാൾ ഇടയ്ക്ക് വന്ന് വാങ്ങിച്ച് കൊണ്ട് പോയി. പക്ഷെ എനിക്കുള്ളതാണെങ്കിൽ കറങ്ങിത്തിരിഞ്ഞ് അവിടെ വരും.
ഒരു പരിധി വരെയും എന്റെ കരിയറിന്റെ ഗ്രാഫ് മുകളിലോട്ട് കയറാതിരുന്നത് അത് കൊണ്ടാണ്. പാര എന്ന് പറയുന്നത് എനിക്ക് വന്നിട്ടുണ്ട്. എനിക്കെത്തേണ്ട സ്ഥലമുണ്ട്. ഞാൻ മറ്റൊരു നടനെ കണ്ട് ആഗ്രഹിച്ചിട്ട് കാര്യമില്ല. എനിക്കെത്താവുന്ന ഗ്രാഫുണ്ട്. അത് നമ്മൾ ജനിക്കുമ്പോഴേ ഉള്ളതാണ്. അതിനെയാണ് തലവര എന്ന് പറയുന്നത്. ആ വരിയിൽ കൂടെ മാത്രമേ ഈ ജന്മത്തിൽ എനിക്ക് സഞ്ചരിക്കാൻ പറ്റൂ.

എന്റെ തലവരയിൽ പറഞ്ഞതിൽ ഞാൻ തൃപ്തനാണ്. പക്ഷെ മാർഗദീപം എന്റെ മുന്നിലുണ്ട്. ഇനിയെനിക്ക് മുന്നോട്ട് പോകണമെന്നുണ്ട്. അത് കൊണ്ടാണ് പലതും ഞാൻ ഒളിക്കുന്നത്. ഇനിയൊരു ശത്രുത വേണ്ട. സൗഹൃദങ്ങൾ ആവശ്യത്തിന് ഉപയോഗിക്കുന്ന ആളല്ല താനെന്നും വിഷ്ണു പ്രകാശ് പറയുന്നു. നമ്മൾ സമൂഹ ജീവിയാണ്, എല്ലാവരുടെയും സഹകരണമില്ലാതെ പറ്റില്ലെന്ന് നല്ലത് പോലെ അറിയാമെങ്കിൽ പോലും ആരെയും ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ല. ആരുടെയും കയ്യിൽ നിന്ന് ഫോൺ നമ്പർ പോലും വാങ്ങാറില്ല. പലപ്പോഴും അത് ബുദ്ധിമോശമാണെന്ന് തോന്നിയിട്ടുണ്ട്. അനാവശ്യമായി ഒരാളെ ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ല. എന്നോടുള്ള ഇഷ്ടം ഇഷ്ടമായിത്തന്നെ നിൽക്കട്ടെ. അത് മെറ്റീരിയലെെസ് ചെയ്യാൻ എനിക്കിഷ്ടമല്ല. തനിക്കറിയാവുന്ന പല കലാകാരൻമാരും പക്ഷെ അങ്ങനെണെന്നും വിഷ്ണു പ്രകാശ് പറഞ്ഞു.
ചെട്ടികുളങ്ങര സ്വദേശിയാണ് വിഷ്ണു, കോളേജിൽ പഠിച്ച കാലയളവിൽ യൂണിയൻ ചെയർമാനും ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു വിഷ്ണു പ്രകാശ്. കോളേജ് യൂണിയൻ പരിപാടിക്ക് പല പ്രാവശ്യം തോപ്പിൽ ഭാസിയെ ക്ഷണിക്കാൻ പോയാണ് നാടക രംഗത്തേക്ക് വിഷ്ണു പ്രകാശ് കടന്ന് വരുന്നത്. കെപിഎസി എന്ന നാടകഗ്രൂപ്പിലേക്ക് തോപ്പിൽ ഭാസി വിഷ്ണുവിനെ ക്ഷണിച്ചു. കയ്യും തലയും പുറത്തിടരുത് എന്ന നാടകത്തിലൂടെ 1980 ൽ നാടക രംഗത്ത് തുടക്കം കുറിച്ചു. സീരിയലുകളിലൂടെയാണ് വിഷ്ണു പ്രകാശ് കൂടുതൽ ജനശ്രദ്ധ നേടിയത്.


Click it and Unblock the Notifications











