ഈ മോൾ ഉഷാറാവും എന്ന് അന്നെനിക്ക് തോന്നി; ആ സിനിമയുടെ വരദാനം; സംയുക്തയെക്കുറിച്ച് കൈതപ്രം
മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട സിനിമയാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ വലിയ വിജയം ആയിരുന്നു. ലോഹിതദാസിന്റേതായിരുന്നു തിരക്കഥ. ഇന്നും കുടുംബ പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്ന സിനിമ റിലീസ് ചെയ്തത് 1999 ലാണ്. നടി സംയുക്ത വർമ്മയുടെ ആദ്യ സിനിമയുമായിരുന്നു ഇത്.
സിനിമയുടെ വിജയത്തിന് ശേഷം സംയുക്ത മലയാളത്തിലെ മുൻനിര നായിക നടിയായി മാറി. പിന്നീട് വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മഴ, തെങ്കാശിപ്പട്ടണം, മധുര നൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകളിലൂടെ സംയുക്ത പ്രിയങ്കരി ആയി. കുറച്ച് കാലം മാത്രമേ സിനിമാ രംഗത്ത് സംയുക്ത ഉണ്ടായിരുന്നുള്ളൂ.

2002 ൽ നടൻ ബിജു മേനോനെ വിവാഹം കഴിച്ച സംയുക്ത പിന്നീട് അഭിനയ രംഗത്ത് നിന്ന് വിടവാങ്ങി. തമിഴിൽ വലിയ സിനിമകളിൽ നിന്നു വരെ അവസരം വന്നിട്ടും വിവാഹ ശേഷം അഭിനയിക്കാൻ സംയുക്ത തയ്യാറായില്ല.
വിവാഹ ശേഷം ചില പരസ്യങ്ങളിൽ മാത്രമാണ് സംയുക്തയെ കണ്ടത്. ബിജു മോനോനൊപ്പമുള്ള കുടുംബ ജീവിതവുമായി മുന്നോട്ട് പോയ സംയുക്ത ഇന്ന് യോഗ പരിശീലനവും മറ്റുമായി തിരക്കുകളിലാണ്.

വർഷങ്ങൾക്കിപ്പുറമാണ് അടുത്തിടെ ഒരു അഭിമുഖം പോലും സംയുക്ത കൊടുത്തത്. ഇപ്പോഴിതാ സംയുക്തയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. നടി ആദ്യം അഭിനയിച്ച വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഗാനങ്ങൾ ഒരുക്കിയത് കൈതപ്രം ആയിരുന്നു.

'ഷൂട്ടിംഗ് സമയത്തും ഞാനവിടെ ചെന്നിരുന്നു. സംയുക്ത വർമയുടെ ഓപ്പണിംഗ് സിനിമയാണിത്. ആ കുട്ടിയുടെ ആദ്യ ഷോട്ട് എടുക്കുമ്പോഴൊക്കെ ഞാനുണ്ടായിരുന്നു. ഈ മോൾ ഉഷാറായി വരും എന്നെനിക്ക് തോന്നി. ബേപ്പൂർ ആണ് അവരുടെ തറവാട്. അങ്ങനെ ആ മോളുമായി എനിക്ക് അന്നേ പരിചയം ഉണ്ടായിരുന്നു'
'ആ സിനിമയുടെ വലിയ വരദാനം ആയിരുന്നു സംയുക്ത. ആ കുട്ടി ഒരു നേട്ടമായിരിക്കും എന്ന് തോന്നിയത് അതിലാണ്. തിലകന്റെ ചേട്ടന്റെയും ജയറാമിന്റെയും നല്ല പെർഫോമൻസ് ആയിരുന്നു അതിൽ. സംയുക്തയുടെയും'

'ലോഹി അതിൽ അഭിനയിച്ചിട്ടുണ്ട്. ശരിക്കും വീണ്ടും ചില വീട്ടുകാര്യങ്ങളുടെ കഥ ഭരതത്തിന് വേണ്ടി ചർച്ച ചെയ്ത കഥയാണ്. അന്നത് തള്ളിക്കളഞ്ഞെങ്കിലും ലോഹിയെ വിശ്വസിച്ചിരുന്നെങ്കിൽ വ്യത്യസ്തമായ സംഭവം അന്നേ ഉണ്ടാക്കാൻ പറ്റുമായിരുന്നു'
'പക്ഷെ അത് പിന്നെ കുറച്ച് കൂടി തീവ്രമായ പടം ആയി മാറി. ഇത് നാടകക്കാരന്റെ കുടുംബ കഥയായി മാറി,' കൈതപ്രം പറഞ്ഞു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യരെക്കുറിച്ച് കൈതപ്രം നടത്തിയ പരാമർശം വിവാദമായിരുന്നു. മഞ്ജുവിന്റെ ആദ്യ പ്രണയമെന്ന് പറഞ്ഞ് ചില കാര്യങ്ങളാണ് കൈതപ്രം പറഞ്ഞത്. ഇത് വിവാദമായതോടെ ചാനൽ ഈ പരാമർശമുള്ള ഭാഗം വീഡിയോയിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
അനവസരത്തിൽ വന്ന പ്രസക്തമായ തുറന്ന് പറച്ചിൽ എന്നാണ് കൈതപ്രത്തിന് നേരെ ഇതിന്റെ പേരിൽ വന്ന വിമർശനം. മഞ്ജുവിന്റെ സിനിമ സല്ലാപത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു കൈതപ്രം.


Click it and Unblock the Notifications