'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
മലയാളത്തിൽ വലിയ തരംഗം സൃഷ്ടിച്ച ഗായകനാണ് ജാസി ഗിഫ്റ്റ്. ഗായകനായും സംഗീത സംവിധായകൻ ആയും പേരെടുത്ത ജാസി ഗിഫ്റ്റ് ഇന്ന് മറ്റ് ഭാഷകളിലും ശ്രദ്ധേയനാണ്. ഫോർ ദ പീപ്പിൾ എന്ന സിനിമയിലൂടെ ആണ് ഗാന രംഗത്തേക്ക് കടന്ന് വരുന്നത്.
മലയാളത്തിൽ അക്കാലത്ത് തരംഗം സൃഷ്ടിച്ചിരുന്നു ജാസി ഗിഫ്റ്റിന്റെ ശബ്ദം. അത് വരെ കേട്ട് പരിചയമില്ലാത്ത ശബ്ദവും ഗാന ശൈലിയുമായെത്തിയ ജാസി ഗിഫ്റ്റിനെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ ജാസി ഗിഫ്റ്റിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തിരുവനന്തപുരത്ത് ഫെസ്റ്റ്ഫോർട്ട് എന്ന ഹോട്ടലിൽ ഞാനും ജയരാജും ഒരു പ്രാവശ്യം പോയി. അവിടെ പാട്ടു പാടുന്ന ഗ്രൂപ്പിൽ ഒരാൾ മനോഹരമായി പാടുന്നു. ഞാൻ വേഗം എണീറ്റ് പോയി കൈ കൊടുത്ത് സുന്ദരമായിട്ടുണ്ട് പാട്ട് അസാധ്യമായിട്ടുണ്ട് എന്ന് പറഞ്ഞു. അത് അയാൾക്കും അത്ഭുതമായി'

'തിരുമേനിയെ എനിക്ക് അറിയാം ഇങ്ങനെ ആരും പറയാറില്ല. കേട്ടിട്ടേ പോവാറെ ഉള്ളൂ എന്ന് പറഞ്ഞു. അന്ന് ജയരാജ് തീരുമാനിച്ചു ഇയാളെക്കൊണ്ട് ഒരു പടം ചെയ്യിക്കണം എന്ന്'
'അങ്ങനെ ആണ് ഫോർദ പീപ്പിൾ എന്ന പടത്തിന് ജാസി ഗിഫ്റ്റ് എന്ന മ്യൂസിക് ഡയരക്ടർ ഉണ്ടാവുന്നത്. കേരളത്തിൽ ചരിത്രം സൃഷ്ടിച്ച ഒരു പടം ആയിരുന്നു'

'അതിലെ ലജ്ജാവതിയെ എന്ന് പാട്ടുൾപ്പെട്ടെ എല്ലാ പാട്ടും ഞാൻ ഒറ്റ ദിവസം കൊണ്ട് എഴുതി തീർത്തതാണ്. അത്ര ഗൗരവമായി തോന്നിയില്ല. പക്ഷെ വെറൈറ്റി ട്യൂൺ ആയിരുന്നു,. ലജ്ജാവതിയെ എന്നത് അഡ്നാൻ സ്വാമിയെ കൊണ്ട് പാടിക്കാനായിരുന്നു ഉദ്ദേശ്യം'
'പക്ഷെ ജയരാജ് ആണ് നിർബന്ധിച്ച് ജാസി തന്നെ പാടിയാൽ മതിയെന്ന് പറഞ്ഞത്. ആ തീരുമാനം ആയിരുന്നു ആ പടത്തിന്റെ വിജയം. അതോട് കൂടി ഒരു താരോദയം ആയിരുന്നു. ജാസി ഗിഫ്റ്റ് പല ഭാഷകളിലേക്ക് പോയി. ഇപ്പോഴും അയാൾ കന്നഡയിലൊക്കെ ധാരാളം പടങ്ങൾ ചെയ്യുന്നുണ്ട്'

'ഞാനും ജാസിയും കൂടി പല പടങ്ങൾ ചെയ്തു. ജാസി മലയാളത്തിന്റെ വെറെെറ്റി മ്യൂസിക് ഡയരക്ടറായി മാറി. ഒരുപാട് വിമർശനം ഉണ്ടായിരുന്നെങ്കിലും അതൊന്നും ആൾക്കാർക്ക് കാര്യമായിരുന്നില്ല. ആ ഒറ്റപ്പാട്ട് കൊണ്ട് തന്നെ പടം സൂപ്പർ ഹിറ്റ് ആയി'
'അവസാനം ലജ്ജാവതിയെ എന്ന പാട്ട് വെച്ചപ്പോൾ ആളുകൾ ഡാൻസ് ചെയ്യുകയായിരുന്നു. അങ്ങനെ അത്ഭുതകരമായ വിജയം ആയിരുന്നു ഫോർ ദ പീപ്പിൾ. അയാൾ പാടുന്ന സ്റ്റെെലിൽ ആയിരുന്നു ഞാൻ എഴുതിയത്'

'മാത്രമല്ല ഈ പാട്ട് ഇറങ്ങി രണ്ടാമത്തെ ദിവസം മമ്മൂക്കയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് ഈ പാട്ട് വെച്ചിട്ടാണ് ഇത് പ്രസിദ്ധമായത്. അവിടത്തെ ജനങ്ങൾ മുഴുവൻ ഡാൻസ് ചെയ്യുകയായിരുന്നു ഈ പാട്ട് കേട്ട്. അങ്ങനെ ആണ് ആ പാട്ട് സൂപ്പർ ഹിറ്റ് ആയത്,'
കൈതപ്രം പറഞ്ഞു. തന്റെ ഇതുവരെയുള്ള കരിയറിനെക്കുറിച്ചാണ് കൈതപ്രം ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ സംസാരിക്കുന്നത്.


Click it and Unblock the Notifications











