എന്റെ ജീവിതം മാറ്റിയ ദേവി! ഞങ്ങളുടേത് സന്തോഷകരമായ ദാമ്പത്യം! പ്രിയതമയ്ക്ക് ആശംസയുമായി കൈതപ്രം
വിവാഹ വാർഷികത്തിൽ ഭാര്യയ്ക്ക് ആശംസയുമായെത്തിയിരിക്കുകയാണ് കൈതപ്രം. വിവാഹ ക്ഷണപത്രവും, ഫോട്ടോയുമൊക്കെ കുറിപ്പിനൊപ്പമായി ചേർത്തിരുന്നു. പ്രിയപ്പെട്ടവരെല്ലാം അദ്ദേഹത്തിനും ഭാര്യയ്ക്കും ആശംസകൾ അറിയിച്ചിരുന്നു. വിജയകരമായ വിവാഹ ജീവിതം എന്നു ഞാൻ നിസ്സംശയം പറയും. ഞാനും എന്റെ പ്രിയതമ ദേവിയും തമ്മിൽ.
എന്റെ ജീവിത വിജയം അന്നുമുതൽ ആരംഭിച്ചു. തൊഴിൽ, കല, സംഗീതം, സിനിമ, അവാർഡുകൾ, പത്മശ്രീ വരെയുള്ള വളർച്ച ദേവിക്കു കൂടി അവകാശപ്പെട്ടതാണ്. 15-ഓളം വർഷമായി തുടരുന്ന എന്റെ രോഗാവസ്ഥയെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതും ഊർജം പകരുന്നതും അവളുടെ കൂടെ ശ്രമത്തിൽ തന്നെ. എന്റെ മക്കൾ, അവരുടെ വിദ്യാഭ്യാസം, ജോലി, തുടങ്ങി ഗൃഹത്തിലെ മൂകാംബികാ ദേവിയുടെ കെടാവിളക്കു വരെ എല്ലാം തെളിച്ചു സൂക്ഷിക്കുന്നത് എന്റെ ദേവിയുടെ കയ്യൊതുക്കം തന്നെ.

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്. എന്റെ സുഹൃത്തുക്കൾ ശ്രീനി, സത്യൻ അന്തിക്കാട്, മുരളി, ലോഹി, സിബി മലയിൽ, ജയരാജ്, കമൽ തുടങ്ങിയവരെല്ലാം കുടുംബസുഹൃത്തുക്കളാണ്. ദേവി അവരുടെയൊക്കെ സഹോദരിയാണ്. ദാസേട്ടനും ഞങ്ങളുടെ വീട്ടിൽ പലപ്രാവശ്യം വന്ന് ഈ വീടിന്റെ ദേവിയുടെ ആതിഥ്യം സ്വീകരിച്ച് സന്തോഷിച്ചിട്ടുണ്ട്. ഈ വാർഷികത്തിന്റെ നേട്ടം പ്രിയതമയ്ക്ക് തന്നെ സമർപ്പിക്കുന്നു. സ്നേഹപൂർവ്വം എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications











