'ആവശ്യക്കാർക്കെല്ലാം കൊടുത്തു, ആരേയും പറ്റിച്ചിട്ടില്ല, അവനോട് ഉത്തരം പറയേണ്ടി വരും'; സിൽക്കിനെ കുറിച്ച് നടി!
എന്തുമേതും വൈറലാക്കുന്ന സാമൂഹികമാധ്യമങ്ങളുടെ ജനനത്തിനും മുമ്പെ യുവാക്കൾക്കിടയിൽ തരംഗമായ സിൽക്ക് സ്മിത വിസ്മൃതിയിലായിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു. 1996 സെപ്റ്റംബർ 23നാണ് സാലിഗ്രാമത്തിലെ വാടകവീട്ടിൽ നടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സിനിമാരംഗം സിൽക്കിനെ മറന്നെങ്കിലും ആരാധകരുടെ മനസിൽ തിളക്കമുള്ള ഓർമയായി ഇന്നുമുണ്ട് ഈ താരം. നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് നൃത്തത്തിന്റെ വഴി തിരഞ്ഞെടുത്ത ആന്ധ്ര സ്വദേശി വിജയലക്ഷ്മിക്ക് ജീവിതമെന്നും ഒരു പരീക്ഷണമായിരുന്നു.
കടുത്ത ദാരിദ്യത്തിൽ നിന്നാണ് സിനിമയിലേക്കുള്ള സ്മിതയുടെ പ്രയാണം. ബന്ധുവിന്റെ കൂടെ എഴുപതുകളുടെ മധ്യത്തിൽ മദ്രാസിലെത്തിയ വിജയലക്ഷ്മിയുടെ വളർച്ച വേഗത്തിലായിരുന്നു.

ആന്റണി ഈസ്റ്റ്മാന്റെ ഇണയെത്തേടി എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ സ്മിത എന്ന പേര് സ്വീകരിച്ചു. എന്നാൽ ചിത്രം റിലീസ് ചെയ്യാൻ വൈകി. വണ്ടിച്ചക്രമെന്ന തമിഴ് ചിത്രത്തിൽ സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ സ്മിത സിൽക്ക് സ്മിതയായി. അങ്ങനൊരു മരണം സിൽക്കിന് സംഭവിക്കരുതായിരുന്നുവെന്ന് മനസ് കൊണ്ട് ഇപ്പോഴും ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്.
സ്ക്രീനിൽ കാണുന്ന ജീവിതമായിരുന്നില്ല സ്വഭാവമായിരുന്നില്ല സിൽക്കിന്. പലരും സിൽക്കിനെ അടുത്തറിയാൻ ശ്രമം നടത്തിയിട്ടും നടന്നിട്ടില്ല. വളരെ ചുരുക്കം ചില സിനിമാപ്രവർത്തകരോട് മാത്രമാണ് സിൽക്ക് ആത്മബന്ധം വെച്ചിരുന്നത്.
അക്കൂട്ടത്തിൽ ഒരാളാണ് കാക്കിനട ശ്യാമള. അഭിനേത്രി, നിർമാതാവ് എന്നീ നിലകളിലെല്ലാം തിളങ്ങിയിട്ടുള്ള ശ്യാമള തനിക്ക് പരിചയമുള്ള സിൽക്ക് സ്മിതയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു കാലത്ത് സിനിമാ നിർമാണത്തിലേക്ക് സിൽക്ക് തിരിഞ്ഞപ്പോൾ ഫിനാഷ്യൽ സപ്പോർട്ടിന് ഏറ്റവും കൂടുതൽ സഹായിച്ചവരിൽ ഒരാൾ കാക്കിനട ശ്യാമളയായിരുന്നു.
'ഞാൻ ഒരുപാട് സിനിമകൾ നിർമിക്കാൻ പണം ചിലവഴിച്ചിട്ടുണ്ട്. സിൽക്ക് സ്മിത സ്വന്തമായി നിർമിച്ച സിനിമയ്ക്കും ഞാൻ പണം നൽകിയിട്ടുണ്ട്. സിൽക്ക് നിർമിച്ച ചിത്രം വേണ്ടത്ര വിജയം നേടാത്തതിനാലും പണം കലക്ട് ചെയ്യാത്തതിനാലും സിൽക്ക് സ്മിത കടക്കെണിയിലായി. പക്ഷെ എല്ലാവർക്കും കൊടുക്കേണ്ട പണം അവൾ കൊടുത്തു. കുറച്ച് നാളുകൾക്ക് ശേഷം അവളുടെ കരിയർ വീണ്ടും ട്രാക്കിലായി.'

'പക്ഷെ അപ്പോഴേക്കും അവൾ മരിച്ചു എന്ന വാർത്തയാണ് ഞാൻ കേട്ടത്. സിൽക്ക് സ്മിതയുടെ വ്യക്തിത്വം മഹത്തരമാണ്. സ്‌ക്രീനിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് യഥാർഥത്തിൽ സിൽക്കിന്റെ സ്വഭാവം. പുറമെ കാണുന്ന സ്മിത വ്യത്യസ്തയാണ്. നല്ല മനസുള്ള ആളാണ്. സത്യസന്ധയായ ഒരു വ്യക്തി.'
'ചിലർ അവളെ ആരോ കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. മറ്റുള്ള ചിലർ അവൾ ആത്മഹത്യ ചെയ്തുവെന്ന് പറയുന്നു. എന്താണ് സംഭവിച്ചതെന്ന് ദൈവത്തിന് മാത്രമെ അറിയൂ. അവന്റെ കണ്ണിൽ നിന്ന് ആർക്കും രക്ഷപ്പെടാൻ കഴിയില്ല...' എന്നാണ് സിൽക്കിന്റെ മരണത്തേയും ജീവിതത്തേയും കുറിച്ച് സംസാരിച്ച് കാക്കിനട ശ്യാമള പറഞ്ഞത്.
തമിഴും മലയാളവും കന്നടയുമൊക്കെ സംസാരിച്ചിരുന്ന സിൽക്ക് സ്മിതയുടെ കണ്ണുകളാണ് കൂടുതൽ സംസാരിച്ചിരുന്നതെന്നാണ് സുഹൃത്തുക്കളും സിനിമാപ്രവർത്തകരും പറയാറുള്ളത്. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിനൊരിക്കലും മറക്കാനാകാത്ത പേരാണ് സിൽക്ക്. ഒരു കാലത്ത് വിതരണക്കാർ സിനിമ ഏറ്റെടുക്കുന്നത് സിൽക്കുണ്ടോയെന്ന് ഉറപ്പിച്ചിട്ടായിരുന്നുവെന്ന് സിനിമാ നിർമാതാവാമായ ജയന്തി കണ്ണപ്പൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസം കുറവായിരിന്നിട്ടുപോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സ്മിതയുടെ കഴിവ് സഹപ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചിരുന്നു. 1996 സെപ്റ്റംബര്‍ 23നാണ് തെന്നിന്ത്യയുടെ സൗന്ദര്യ റാണിയെ ചെന്നൈയിലെ വീട്ടില്‍ ഒരു മുഴം കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമാ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ നഷ്ടം, വിഷാദ രോഗം തുടങ്ങി പല കാരണങ്ങള്‍ പലരും നിരത്തിയെങ്കിലും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.


Click it and Unblock the Notifications