ബിസിനസുകാരനുമായി വിവാഹം, പ്രശ്നങ്ങൾ; നടന്റെ ജീവിത പങ്കാളിയായി സുചേതയും; കാക്കക്കുയിലിലെ നടിമാരുടെ ജീവിതം
ബോളിവുഡിൽ നിന്നുള്ള ഒന്നിലേറെ നടിമാരെ മലയാള സിനിമകളിലേക്ക് പ്രിയദർശൻ കൊണ്ട് വന്നിട്ടുണ്ട്. പൂജ ബദ്ര, പ്രിയ ഗിൽ, ഭാവ്ന പാനി തുടങ്ങിയവർ ഇതിനുദാഹരണമാണ്. ഇവർക്കെല്ലാം ശ്രദ്ധേയ റോളുകളാണ് ലഭിച്ചത്. ചന്ദ്രലേഖയിലെ ലേഖയും വെട്ടത്തിലെ വീണയും ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. വെട്ടം എന്ന ഒറ്റ സിനിമ കൊണ്ട് ഭാവ്ന പാനി മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയായി. ഭാഗ്യലക്ഷ്മിയുടെ ഡബ്ബിംഗും ഈ റോളുകൾ ഗംഭീരമായതിന്റെ കാരണങ്ങളിൽ ഒന്നാണ്.
2001 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമാണ് കാക്കക്കുയിൽ. ഈ സിനിമയിലും നായികയായത് ഇതരഭാഷാ നടിയാണ്. നടിയും മോഡലുമായ അർസൂ ഗോവിത്രിക്കർ ആണ് കാക്കക്കുയിലിൽ രാധിക മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

കാക്കക്കുയിൽ ആണ് അർസൂവിന്റെ ആദ്യ സിനിമ. പിന്നീട് തെലുങ്കിലും തമിഴിലും ഓരോ സിനിമകൾ ചെയ്തു. ഹിന്ദിയിലാണ് നടി കൂടുതൽ സിനിമകൾ ചെയ്തത്. ഏഴ് ഹിന്ദി സിനിമകൾ അർസൂ ഗോവിത്രിക്കർ ചെയ്തിട്ടുണ്ട്. മുൻനിര നായിക നടിയായി മാറാൻ അർസൂ ഗോവിത്രിക്കറിന് കഴിഞ്ഞിട്ടില്ല. ഇവരുടെ സഹോദരിയാണ് നടി അദിതി ഗോവിത്രിക്കർ. സിനിമകൾക്ക് പുറമെ ചില ഷോകളിലും അർസൂ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
2010 ലായിരുന്നു നടിയുടെ വിവാഹം. സിദ്ധാർത്ഥ് സഭർവാൾ എന്ന വ്യക്തിയെയാണ് വിവാഹം ചെയ്തത്. ബിസിനസുകാരനാണ് സിദ്ധാർത്ഥ്. ഇരുവർക്കും ആഷ്മാൻ എന്ന മകനും ജനിച്ചു. 2019 ൽ ഇരുവരും വേർപിരിയുകയാണുണ്ടായത്. ഗാർഹിക പീഡനം ആരോപിച്ച് അർസൂ സിദ്ധാർത്ഥിനെതിരെ പരാതി നൽകി. മകന്റെ കസ്റ്റഡി അവകാശം അർസൂവിനാണ് ലഭിച്ചത്.

കാക്കക്കുയിലിൽ പ്രേക്ഷകർ ശ്രദ്ധിച്ച മറ്റൊരു കഥാപാത്രം എലീനയാണ്. നടി സുചേത ഖന്നയാണ് ഈ റോൾ ചെയ്തത്. മലയാളത്തിൽ പിന്നീട് കണ്ടിട്ടില്ലെങ്കിലും ഹിന്ദി സിനിമകളിലും സീരിയലുകളിലും സുചേത അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുചേത ആദ്യം ജനശ്രദ്ധ നേടുന്നത്. ഹാസ്യം നന്നായി ചെയ്യാനറിയാവുന്നത് സുചേതയ്ക്ക് കരിയറിൽ ഏറെ ഗുണം ചെയ്തു. കാക്കക്കുയിലിലും കോമഡി സീനുകളിൽ സുചേത തിളങ്ങി.
പീറ്റേഴ്സ് ഹിൽ എന്ന പരമ്പരയിലെ കോമഡി രംഗങ്ങളിൽ സുചേത തകർത്തഭിനയിച്ചു. അഭിനയ രംഗത്ത് സുചേത ഇന്നും സജീവമാണ്. ലാപത ഗഞ്ച് എന്ന സീരിയലിൽ ഒപ്പം അഭിനയിച്ച നടൻ അബ്ബാസ് ഖാൻ സുചേതയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. ഏറെക്കാലം ലിവിംഗ് ടുഗെദറിലായിരുന്ന ഇവർ പിന്നീട് വിവാഹിതരായി. 2014 ലായിരുന്നു വിവാഹം. സുചേത തന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമായി മാറിയെന്നാണ് 2013 ൽ നൽകിയ ഒരു അഭിമുഖത്തിൽ അബ്ബാസ് ഖാൻ പറഞ്ഞത്.
കാക്കക്കുയിൽ
മോഹൻലാൽ-മുകേഷ് എന്നിവരുടെ തകർപ്പൻ പ്രകടനമാണ് കാക്കക്കുയിലിൽ പ്രേക്ഷകർ കണ്ടത്. നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ഇന്നസെന്റ് എന്നിവരും ശ്രദ്ധേയ വേഷം സിനിമയിൽ ചെയ്തു. 1988 ൽ പുറത്തിറങ്ങിയ എ ഫിഷ് കോൾഡ് വാണ്ട എന്ന എന്ന സിനിമയുടെ കഥയെ ആസ്പദമാക്കിയാണ് കാക്കക്കുയിൽ ഒരുങ്ങിയത്. തിയറ്ററിൽ കാക്കക്കുയിൽ വലിയ വിജയമായിരുന്നില്ല. എന്നാൽ ടെലിവിഷനിലൂടെ സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. തെലുങ്കിൽ തപ്പു ചേസി എന്ന പേരിൽ കാക്കക്കുയിൽ റീമേക്ക് ചെയ്തിട്ടുണ്ട്. തമിഴിൽ ലണ്ടൻ എന്ന പേരിലും റീമേക്ക് ചെയ്തു. കാക്കക്കുയിലിലെ ഗാന രഗങ്ങളും കോമഡി രംഗങ്ങളും ഇന്നും ജനപ്രിയമാണ്.


Click it and Unblock the Notifications