37 വയസിൽ കുഞ്ഞ്; അമ്മയാകുമോ എന്ന് ആശങ്കപ്പെട്ടിരുന്നു; ഒരാളുടെ അനുഗ്രഹം; കലാ മാസ്റ്റർ
ഡാൻസ് കൊറിയോഗ്രാഫ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റർ. ഡാൻസിന് വേണ്ടി ജീവിതത്തിലെ വലിയൊരു ഭാഗം സമർപ്പിച്ച കലാ മാസ്റ്റർ തെന്നിന്ത്യയിൽ ഐക്കോണിക്കായി മാറിയ നിരവധി ഗാനരംഗങ്ങൾ ചിട്ടപ്പെടുത്തി. 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന സിനിമയിലെ ഡാൻസ് കൊറിയോഗ്രാഫിക്ക് ദേശീയ പുരസ്കാരം കലാ മാസ്റ്റർക്ക് ലഭിച്ചിട്ടുണ്ട്.
ഡാൻസ് വശമില്ലാത്ത താരങ്ങളെ പോലും അനായാസമായി ഗാനരംഗങ്ങളിൽ ചുവട് വെപ്പിക്കാൻ കലാ മാസ്റ്റർക്ക് കഴിയുന്നു. 12ാം വയസിൽ അസിസ്റ്റന്റ് കൊറിയോഗ്രഫറായാണ് കലാ മാസ്റ്റർ കരിയർ തുടങ്ങുന്നത്. വിവിധ ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങൾക്ക് കലാ മാസ്റ്റർ നൃത്തമൊരുക്കി.

കലാ മാസ്റ്ററുടെ കുടുംബത്തിലെ നിരവധി പേർ ഡാൻസ് കൊറിയോഗ്രഫിയിൽ പേരെടുത്തിട്ടുണ്ട്. കലയുടെ ഇളയ സഹോദരിയാണ് പ്രമുഖ കൊറിയോഗ്രഫർ ബ്രിന്ദ മാസ്റ്റർ. ഗിരിജ, ജയന്തി എന്നീ സഹോരിമാരും കൊറിയോഗ്രഫ് രംഗത്ത് ശോഭിച്ചു. രണ്ട് വിവാഹങ്ങളാണ് കലാ മാസ്റ്ററുടെ ജീവിതത്തിൽ നടന്നത്. യുഎഇയിൽ ബിസിനസ് ചെയ്യുന്ന ഗോവിന്ദരാജനായിരുന്നു ആദ്യ ഭർത്താവ്. 1997 ലാണ് വിവാഹം നടന്നത്. നടി സ്നേഹയുടെ സഹോദരനാണ് ഗോവിന്ദരാജൻ.
വിവാഹശേഷം കല ദുബായിലേക്ക് പോയി. എന്നാൽ പിന്നീട് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ചെന്നെെയിലേക്ക് തിരിച്ചെത്തിയ കല കൊറിയോഗ്രഫി കരിയർ വീണ്ടും തുടർന്നു. 1999 ലാണ് ഇവർ വിവാഹമോചിതരായത്. 2004 ലാണ് കല രണ്ടാമതൊരു വിവാഹത്തിന് തയ്യാറായത്. മഹേഷ് എന്നാണ് ഭർത്താവിന്റെ പേര്. 2007 ൽ വിദ്യുത് എന്ന മകനും ദമ്പതികൾക്ക് ജനിച്ചു. തനിക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും നൽകുന്ന ശക്തിയെ പരിചയപ്പെടുത്തുകയാണ് കലാ മാസ്റ്റർ ഇപ്പോൾ.

ഗണപതി ഭഗവാനാണ് തന്നെയും കുടുംബത്തെയും സംരക്ഷിക്കുന്നതെന്ന് കല പറയുന്നു. വീട്ടിൽ പൂജിക്കുന്ന വിനായക വിഗ്രഹവം കലാ മാസ്റ്റർ കാണിക്കുന്നുണ്ട്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാ മാസ്റ്റർ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. 20 വർഷമായി ഈ ഗണപതി വിഗ്രഹം തന്റെ വീട്ടലുണ്ടെന്ന് കലാ മാസ്റ്റർ പറയുന്നു. വീട്ടിൽ കൊണ്ട് വന്ന ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് ഉയർച്ചകളുണ്ടായി.
37 വയസായത് കാരണം എനിക്ക് കുഞ്ഞ് പിറക്കുമോ എന്ന് തോന്നിയിരുന്നു. അത്ഭുതം പോലെ ആ അനുഗ്രഹങ്ങളെല്ലാം തന്നത് ഗണപതി ഭഗവാനാണെന്നും കലാ മാസ്റ്റർ വ്യക്തമാക്കി. വീട്ടിൽ ഒരാളുണ്ടെന്ന തോന്നലുണ്ട്. ദിവസേന പൂജ നടക്കും. പൂജകളിൽ ഭർത്താവും മകനും പങ്കെടുക്കും. വിനായക ചതുർത്ഥി ആഘോഷമാക്കാറുണ്ടെന്നും കലാ മാസ്റ്റർ വ്യക്തമാക്കി.
ഇഷ്ടമാണെങ്കിൽ ഒരാൾക്ക് മാത്രം ഈ വിഗ്രഹം എടുത്ത് പൊക്കാൻ പറ്റും. അദ്ദേഹത്തിന് തോന്നിയില്ലെങ്കിൽ നാല് പേർ വിചാരിച്ചാലും ഈ വിഗ്രഹം എടുക്കാൻ പറ്റില്ല. എന്തെങ്കിലും നല്ല കാര്യങ്ങൾ നടന്നാൽ മൗനം വ്രതം എടുക്കാറുണ്ട്. ഈ വിഗ്രഹത്തിന് മാത്രമായി മുപ്പതോളം വസ്ത്രങ്ങളുണ്ടെന്നും കലാ മാസ്റ്റർ വ്യക്തമാക്കി.
റിലീസിനൊരുങ്ങുന്ന ചന്ദ്രമുഖി 2 എന്ന ചിത്രത്തിൽ ഡാൻസ് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത് കലാ മാസ്റ്ററാണ്. ഡാൻസ് അറിയാത്ത നടി കങ്കണ റണൗത്തിനെയാണ് കലാ മാസ്റ്റർ ക്ലാസിക്കൽ ഡാൻസിൽ ചുവട് വെപ്പിച്ചത്. നേരത്തെ ചന്ദ്രമുഖി ഒന്നാം ഭാഗത്തിനും കൊറിയോഗ്രാഫർ കലാ മാസ്റ്ററായിരുന്നു. തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ഈ ചിത്രത്തിലൂടെ കലാ മാസ്റ്റർ നേടി.


Click it and Unblock the Notifications











