'മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വിളിച്ചു'; കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ സെറ്റിൽ സൗന്ദര്യയുടെ പെരുമാറ്റം
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് സൗന്ദര്യ. പഴയകാല നടി സാവിത്രക്ക് ശേഷം തെലുങ്ക് സിനിമാ ലോകം കൊണ്ടാടിയ താരമായിരുന്നു സൗന്ദര്യ. പേര് പോലെ തന്നെ വശ്യമായ സൗന്ദര്യവുമായെത്തിയ നടി വളരെ പെട്ടെന്ന് സിനിമാ ലോകത്ത് ശ്രദ്ധ നേടി. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും കൈ നിറയെ അവസരങ്ങൾ സൗന്ദര്യയെ തേടി വന്നു. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ മലയാള സിനിമകളിലും സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്.
ഇതിൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമ വൻ ഹിറ്റായി. ഇന്നും ഈ സിനിമയും സിനിമയിലെ ഗാനങ്ങളും പ്രേക്ഷക മനസ്സിൽ നിൽക്കുന്നു. സൗന്ദര്യയുടെ മരണം സിനിമാ ലോകത്തെയാകെ പിടിച്ചുലച്ചു. 2004 ൽ ഹെലികോപ്ടർ അപകടത്തിലാണ് സൗന്ദര്യ മരണപ്പെട്ടത്. ബംഗ്ളൂരിൽ നിന്നും കരിംനഗറിലേക്ക് പോകുകയായിരുന്നു സൗന്ദര്യയും സഹോദരൻ അമർനാഥും. രണ്ട് പേരും അപകടത്തിൽ മരിച്ചു.

സൗന്ദര്യയെക്കുറിച്ച് ഡാൻസ് കൊറിയോഗ്രഫർ കലാ മാസ്റ്റർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അവൾ ഗ്ലിറ്റ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കലാ മാസ്റ്റർ. മറക്കാനാകാത്ത നടിയാണ് സൗന്ദര്യ. മരിക്കുന്നത് ഒരു മാസം മുമ്പ് സൗന്ദര്യക്ക് ഞാൻ കൊറിയോഗ്രഫ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ മോഹൻലാൽ സാറുടെ ചിത്രമായിരുന്നു. (കിളിച്ചുണ്ടൻ മാമ്പഴം) എന്താണെന്നറിയില്ല ഞങ്ങൾ രണ്ട് പേരും പൊട്ടിച്ചിരിക്കുമായിരുന്നു.
രാവിലെ മുതൽ വൈകുന്നേരം പാക്ക് അപ്പ് ആകുന്നത് വരെ ചിരിച്ച് കൊണ്ടിരിക്കും. എന്താണ് രണ്ട് പേരും ചിരിക്കുന്നത് ഷോട്ട് റെഡി എന്ന് പ്രിയൻ സാർ പറയും. അത്രയും അടുത്ത സുഹൃത്തുത്തളായിരുന്നു ഞങ്ങൾ.
പിന്നീട് തനിക്ക് കല്യാണം ശരിയായി മാസ്റ്റർ എന്ന് സൗന്ദര്യ പറഞ്ഞു.

ഞാൻ അഭിനന്ദനം അറിയിച്ചു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് എന്നെ ഫോണിൽ വിളിച്ചിരുന്നു. ഞാനും ബൃന്ദയും അവളോട് സംസാരിച്ചു. എന്താണ് നല്ല വാർത്ത എന്തെങ്കിലും ഉണ്ടോ എന്ന് ഞങ്ങൾ ചോദിച്ചു. ഉടനെ പറയാം എന്ന് സൗന്ദര്യ മറുപടി നൽകി. അതാണ് ഞങ്ങളുടെ അവസാന സംഭാഷണം.
മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും പുറത്ത് കടക്കാൻ ഞാൻ കഷ്ടപ്പെട്ടു. അതി സുന്ദരിയായിരുന്നു സൗന്ദര്യ. വളരെ ആത്മാർത്ഥതുള്ള നടിയായിരുന്നെന്നും കലാ മാസ്റ്റർ ഓർത്തു. മഞ്ജു വാര്യർ, രംഭ, മീന തുടങ്ങിയ നടിമാരെല്ലാം മിക്ക നർത്തകിമാരാണെന്നും മീന വീഡിയോ കോളിൽ റിഹേഴ്സൽ കൊടുത്താൽ പോലും ഡാൻസ് ചെയ്യാൻ കഴിയുന്ന കലാകാരിയാണെന്നും കലാ മാസ്റ്റർ ചൂണ്ടിക്കാട്ടി.
നിരവധി സിനിമകളിൽ ഡാൻസ് കൊറിയോഗ്രാഫറായി കലാ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി 4000 ത്തോളം ഗാനങ്ങൾക്ക് കലാ മാസ്റ്റർ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. ഒപ്പം പ്രവർത്തിച്ച നിരവധി നടിമാരുമായി അടുത്ത സൗഹൃദം കലാ മാസ്റ്റർക്കുണ്ട്. നടി മീനയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹോദരിയെ പോലെ കലാ മാസ്റ്റർ ഒപ്പം നിന്നു.
കഴിഞ്ഞ വർഷം ഭർത്താവ് വിദ്യാ സാഗറിന്റെ മരണത്തിൽ മാനസികമായി തകർന്നിരുന്ന മീനയെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നതിൽ കലാ മാസ്റ്റർക്ക് വലിയ പങ്കുണ്ട്. മീനയും മീനയുടെ അമ്മയും ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്ത് മീന 40 വർഷം പൂർത്തിയാക്കിയതിന്റെ അനുമോദന പരിപാടിക്ക് മുൻ കൈയെടുത്തതും കലാ മാസ്റ്ററാണ്. അടുത്തിടെയാണ് ഈ അനുമോദന ചടങ്ങ് നടന്നത്.


Click it and Unblock the Notifications