ഉപ്പ മരിച്ച വിവരം അറിയിക്കാൻ ദിലീപേട്ടനെ വിളിച്ചപ്പോൾ; മരിക്കും മുമ്പ് ഉപ്പ പറഞ്ഞിരുന്നു; ഹനീഫിന്റെ കുടുംബം
കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് അന്തരിച്ച കലാഭവൻ ഹനീഫ്. മിമിക്രി ലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ കലാഭവൻ ഹനീഫ് ചെയ്ത മറക്കാനാകാത്ത കഥാപാത്രം പറക്കും തളികയിലെ മണവാളനാണ്. മരണ വാർത്തയറിഞ്ഞ് സിനിമാ ലോകത്തെ നിരവധി പേർ അനുശോചനമറിയിക്കാൻ എത്തി. 61 വയസിലാണ് നടന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കലാഭവൻ ഹനീഫിനെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് നടന്റെ കുടുംബം.
ഉപ്പയുടെ മരണ ശേഷം സുഹൃത്തുക്കളായിരുന്ന താരങ്ങൾ കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് മകൻ ഷാരൂഖ് പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിലാണ് പ്രതികരണം.ഇപ്പോഴും എല്ലാവരെയും വിളിക്കാറുണ്ട്. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും വിളിക്കാറുണ്ട്. ഉപ്പ സിനിമയിൽ വന്ന സമയത്ത് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. നിങ്ങൾ അധ്വാനിച്ച് ജീവിക്ക്, ബാക്കി ദൈവം തരും എന്നാണ് ഉപ്പ പറഞ്ഞത്. ചില ഷോർട്ട് ഫിലിമുകളിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും മകൻ പറയുന്നു.

ബാപ്പയുടെ ബാപ്പയ്ക്ക് എന്നെ കാണാൻ പറ്റിയിട്ടില്ല. അതേപോലെ എന്റെ മകനെയോ മകളെയോ ഉപ്പയെ കാണിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല. ഉപ്പ മരിക്കുന്നത് നവംബർ 9ാം തിയതിയാണ്. എന്റെ കൊച്ച് വരുന്നത് ഡിസംബർ 16ാം തിയതിയാണ്. ആ വിഷമം ഞാൻ മരിക്കുന്നത് വരെ എനിക്കുണ്ടാകും. എന്റെ കുട്ടിയെ ഉപ്പയുടെ കൈയിൽ കൊടുക്കണമെന്നും അത് ഞാൻ കാണണമെന്നും ഉണ്ടായിരുന്നു. അതിനെനിക്ക് സാധിച്ചില്ല.
പെൺമക്കളുടെ മക്കളെയെല്ലാം കണ്ടിട്ടുണ്ട്. എന്നാൽ ആൺമക്കളുടെ മക്കളെ കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും മകൻ പറയുന്നു. ഉപ്പയെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് നടൻ അബിയുടെ മരണമായിരുന്നെന്നും ഷാരൂഖ് പറയുന്നു. അവർ ഒരു കൊല്ലം വരെ കാണാതിരിക്കും. പക്ഷെ ആഴ്ചയിൽ ഒരു കോൾ ഉറപ്പാണ്. 2023 ൽ ഒരുപാട് പേർ നമ്മുടെയടുത്ത് നിന്നും വിട്ട് പോയി. എന്റെ പ്രായമുള്ള ഓരോരുത്തർ പോയിക്കൊണ്ടിരിക്കുകയാണെന്ന് ഉപ്പ പറയുമായിരുന്നു.

എന്റെ മുഖം ഒന്ന് ചെറുതായി മാറിക്കഴിഞ്ഞാൽ ഉപ്പായ്ക്ക് നിൽക്കക്കള്ളി ഉണ്ടാവില്ല. ഉമ്മയെക്കൊണ്ട് ചോദിപ്പിക്കും.അമ്മ സംഘടനയുമായുൾപ്പെടെ ഇപ്പോഴും ഞങ്ങൾക്ക് കോൺടാക്ട് ഉണ്ട്. ഉപ്പയുടെ പേരിൽ ഐഡന്റിറ്റി ഉണ്ട്. എന്റെ അറിവിൽ ഉപ്പ ഒരാളെപ്പോലും വേദനിപ്പിച്ചിട്ടില്ലെന്നും മകൻ പറയുന്നു. നടനെക്കുറിച്ച് സഹോദരങ്ങളും സംസാരിച്ചു.
എന്തെങ്കിലും പറ്റിയാൽ ദിലീപിനെയും മമ്മൂക്കയെയും അറിയിക്കണമെന്ന് ആശുപത്രിയിലായപ്പോൾ അവൻ പറഞ്ഞിരുന്നു. അവരെ തന്നെയാണ് മകൻ ആദ്യം അറിയിച്ചതെന്നും സഹോദൻ ഓർത്തു. മരിച്ചാൽ സാമ്പത്തികമായി ഒരാളിൽ നിന്നും സഹായം കൈ പറ്റരുതെന്നും മരിച്ച് കഴിഞ്ഞാൽ ആരാണ് കുളിപ്പിക്കേണ്ടതെന്ന് പോലും മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നെന്ന് ഇവർ വ്യക്തമാക്കി.
ഉപ്പയുടെ വിവരങ്ങൾ മമ്മൂക്കെയെ അറിയിക്കുന്നുണ്ടായിരുന്നു. പുള്ളി കണ്ണൂർ സ്ക്വാഡിന്റെ ഷൂട്ടിലായിരുന്നു. എല്ലാം വാട്സാപ്പിൽ അപ്പപ്പോൾ അറിയിച്ചു. ബാപ്പയുടെ ചേട്ടനെ പോലെ പുള്ളി എല്ലാ കാര്യങ്ങളും നോക്കി. ഇപ്പോഴായാലും ഒരു മെസേജ് അയച്ചാൽ പത്ത് മിനുട്ടിനുള്ളിൽ മറുപടി വരും. ദിലീപേട്ടനെ വിളിച്ചപ്പോൾ പുള്ളി വോയ്സ് ഓഫ് സത്യനാഥന്റെ പ്രൊമോഷനിലായരുന്നു. ഉപ്പ പോയി എന്ന് പറഞ്ഞപ്പോൾ അഞ്ചാറ് മിനുട്ട് ആൾ നിശബ്ദനായി. എങ്ങനെയെങ്കിലും എത്താം, നീ ലൊക്കേഷൻ അയക്കെന്ന് പറഞ്ഞു. ദിലീപേട്ടനും മമ്മൂക്കയും വന്നു. ഒരുപാട് പേർ വന്നു. ഒരാളോടും കൈ നീട്ടരുതെന്ന് ഉപ്പ പറഞ്ഞിരുന്നെന്നും മകൻ വ്യക്തമാക്കി.


Click it and Unblock the Notifications