വള ഊരി എറിഞ്ഞു, ഉദ്യോഗസ്ഥനെ തല്ലി എന്നായിരുന്നു വാർത്ത, മന്ത്രിക്ക് കിട്ടുന്നതിനേക്കാൾ നിവേദനം; ജിന്റോ
മലയാള സിനിമയ്ക്കുണ്ടായ തീരാനഷ്ടമാണ് കലാഭവൻ മണി. വെറും നാൽപ്പത്തിയഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അസുഖം മൂലം മണിയെ നഷ്ടമാകുന്നത്. നടന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് പ്രചരിക്കുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. അക്കാലത്ത് ആരോപണങ്ങൾ ഉയർന്നത് മണിയുടെ ഉറ്റ ചങ്ങാതിമാർക്കും ഒപ്പം സഹായികളായി പ്രവർത്തിച്ചവർക്കും എതിരെയായിരുന്നു.
ഇപ്പോഴിതാ കലാഭവൻ മണിക്കൊപ്പം ജോലി ചെയ്തുവെന്നതിന്റെ പേരിൽ കേസും വിവാദവുമുണ്ടായപ്പോൾ താനും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്ന് പറയുകയാണ് നടനും അവതാരകനും മണിയുടെ സുഹൃത്തുമെല്ലമായ കലാഭവൻ ജിന്റോ. മണിച്ചേട്ടൻ മരിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും ദൂരെ എവിടെയോ ഷൂട്ടിങിന് പോയിയെന്ന് വിശ്വസിച്ചാണ് ജീവിക്കുന്നതെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിന്റോ പറഞ്ഞു. മണിച്ചേട്ടന്റെ മരണശേഷം ജീവിതം മൊത്തത്തിൽ പ്രശ്നത്തിലായിരുന്നു.

കേസും മറ്റുമായതുകൊണ്ട് ചാനൽ ചർച്ചകളും വാർത്തകളുമെല്ലാം ഞങ്ങളെ ബാധിച്ചിരുന്നു. ഉറങ്ങുമ്പോൾ പോലും മണിച്ചേട്ടന്റെ ഓർമകൾ മനസിൽ വന്ന് പോയികൊണ്ടിരിക്കുമായിരുന്നു. മരണശേഷം അദ്ദേഹത്തെ ഞങ്ങൾ ആഘോഷിക്കുന്നത് ജനുവരി ഒന്ന് പിറന്നാൾ ദിനത്തിലാണ്. മാർച്ച് ആറിന് പള്ളിയിൽ കുർബാന ചെല്ലിക്കുകയും അനാഥാലയത്തിൽ ഭക്ഷണം വിതരണം ചെയ്യുകയും മാത്രമെ ചെയ്യാറുള്ളു.
മറ്റുള്ളവരൊക്കെ പക്ഷെ മരണം ആഘോഷിക്കുകയാണ്. ഞങ്ങൾ ആരും ക്ഷണം കിട്ടിയാലും അതിനൊന്നും പോകാറില്ല. മണിച്ചേട്ടൻ ജീവിച്ചിരിക്കുമ്പോൾ പിറന്നാൾ നന്നായി ആഘോഷിക്കുമായിരുന്നു. അത് ഞങ്ങൾ ഇപ്പോഴും ചെയ്യാറുണ്ട്. സിനിമയിലെ മണിച്ചേട്ടന്റെ സുഹൃത്തുക്കളെല്ലാം അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒപ്പം നിൽക്കാറുണ്ട്. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടി എവിടേയും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
പല നുണകൾ പറഞ്ഞ് അദ്ദേഹത്തിൽ നിന്നും പലരും പണം പറ്റിച്ചിട്ടുണ്ട്. മണിച്ചേട്ടൻ ഞങ്ങളോട് അത് പറഞ്ഞിട്ടുമുണ്ട്. ആശുപത്രി കേസും അസുഖവും പറഞ്ഞാണ് ആളുകൾ വന്ന് ചിലപ്പോഴെക്കെ അയ്യായിരവും പതിനായിരവും ചേട്ടനിൽ നിന്നും വാങ്ങിയിരുന്നത്. ക്രിസ്മസിന് അഞ്ച് കിലോ അരിയും ഒരു കിലോ കേക്കും രണ്ട് കിലോ ഇറച്ചിയും ഒരു കിറ്റാക്കി മണിച്ചേട്ടൻ വിതരണം ചെയ്യുമായിരുന്നു. പക്ഷെ ആളുകളിൽ ചിലർ ഇത് വാങ്ങി മറിച്ച് വിറ്റ് മദ്യപിക്കും.
ഇത് അറിഞ്ഞപ്പോൾ അദ്ദേഹം ഒരുപാട് വിഷമിച്ചു. പ്രോഗ്രാമുകൾക്ക് ചെല്ലുമ്പോൾ ഒരു മന്ത്രിക്ക് കിട്ടുന്നതിനേക്കാൾ നിവേദനം മണിച്ചേട്ടന് കിട്ടുമായിരുന്നു. അമ്മമാരുടെ കത്തുകളാണ് ഏറെയും. പ്രോഗ്രാമിന് കിട്ടുന്ന പ്രതിഫലം ഭൂരിഭാഗവും അതേ സ്റ്റേജിൽ വെച്ച് തന്നെ നിർധനർക്ക് വിതരണം ചെയ്യുമായിരുന്നു. ഷർട്ട് വരെ ഊരിക്കൊടുത്തിട്ടുണ്ട്. മലക്കപ്പാറയിൽ മണിച്ചേട്ടന്റെ നേതൃത്വത്തിൽ ഒരു പരിപാടി നടക്കുന്ന സമയമായിരുന്നു. അന്ന് സിൽക്കിന്റെ ഷർട്ടായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.

സദസിൽ നിന്നും ഒരാൾ ഷർട്ട് തരുമോയെന്ന് ചോദിച്ചപ്പോൾ ഉടനെ അദ്ദേഹം അഴിച്ച് കൊടുത്തു. അയാൾ ധരിച്ച മുഷിഞ്ഞ ഷർട്ട് വാങ്ങി മണിച്ചേട്ടനും ധരിച്ചു. എന്ത് ചോദിച്ചാലും മനസ് അറിഞ്ഞ് അദ്ദേഹം കൊടുക്കും. ആർക്കൊക്കെ മണിച്ചേട്ടൻ എന്തൊക്കെ സഹായം ചെയ്തിരുന്നുവെന്നതിന് നമുക്ക് പോലും കൃത്യമായി അറിയില്ല. എങ്ങനെയാണ് അദ്ദേഹം ഇതൊക്കെ ചെയ്തിരുന്നതെന്ന് നമുക്ക് അറിയില്ല. അതിനുശേഷം പലരും സഹായം ചോദിച്ച് വിളിച്ചിട്ടുണ്ട്.
പക്ഷെ സഹായിക്കാൻ നമുക്ക് മാർഗമില്ല. ഞങ്ങൾ മണിച്ചേട്ടൻ തരുന്ന പണത്തിലാണ് ജീവിച്ചിരുന്നതെന്നും ജിന്റോ പറഞ്ഞു. നടനെതിരെ ഉയർന്ന വിവാദങ്ങളെ കുറിച്ചും ജിന്റോ പ്രതികരിച്ചു. എയർപോട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന വഴിക്കാണ് ചേട്ടനെ കസ്റ്റംസ് പിടിച്ച് നിർത്തിയത്. ഞാനായിരുന്നു കൂടെയുണ്ടായിരുന്നത്. കുവൈറ്റിൽ നിന്നും ഷോ കഴിഞ്ഞ് വരികയായിരുന്നു. എടാ മണി കയ്യിൽ വലിയ വളയൊക്കെ ഉണ്ടല്ലോ... എന്താ സ്വർണകടത്താണോ എന്നാണ് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചത്.
എങ്കിൽ പരിശോധിച്ചോളൂ... ഞാൻ അങ്ങോട്ട് കൊണ്ടുപോയത് തന്നെയാണെന്ന് പറഞ്ഞ് വള അദ്ദേഹം അവർക്ക് ഊരികൊടുത്തു. അതാണ് വലിയ വിഷയമായി പുലിവാലായത്. പിന്നീട് അത് കോംപ്രമൈസ് ചെയ്തു. പുള്ളി വളയൂരി എറിഞ്ഞു, തല്ലാൻ പോയി എന്നൊക്കെയാണ് പ്രചരിച്ചത്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുന്നയാളാണ് മണിച്ചേട്ടനെന്നും ജിന്റോ പറഞ്ഞു.


Click it and Unblock the Notifications