'കഴിച്ചത് 13 കുപ്പി ബിയർ; ആരോഗ്യം ശോഷിച്ചു, ഷോയ്ക്കെത്തിയത് ഷർട്ടിനുള്ളിൽ രണ്ട് ബനിയനുകൾ ധരിച്ച്'
നടൻ കലാഭവൻ മണിയുടെ മരണം കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചതാണ്. 45ാം വയസിൽ മണി ലോകത്തോട് വിട പറഞ്ഞപ്പോൾ ഏവരും സങ്കടപ്പെട്ടു. മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പിന്നീട് ഉയർന്ന് വന്നു. കരൾ രോഗമാണ് മണിയുടെ മരണത്തിന് കാരണമായത്. തലേന്ന് കഴിച്ച ബിയറിൽ വിഷാംശം ഉണ്ടായിരുന്നെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ വിവാദം ഉടലെടുത്തു. ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തി. അസ്വാഭാവിക മരണത്തിൽ അന്വേഷണം നടന്നു.
സിബിഐ വരെ അന്വേഷിച്ചെങ്കിലും മരണത്തിന് പിന്നിൽ ദുരൂഹതയില്ലെന്നാണ് വ്യക്തമായത്. മണിയുടെ മരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ഭാഗമായ ഉണ്ണിരാജൻ ഐപിഎസ്. ആരോഗ്യസ്ഥിതി അവഗണിച്ച് മദ്യപിച്ചതാണ് മണിയുടെ മരണത്തിന് കാരണമായതെന്ന് ഇദ്ദേഹം പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം.

ഡയബറ്റിക് പേഷ്യന്റായിരുന്ന മണി കഴിക്കുന്ന ഗുളികയുണ്ട്. ആ ടാബ്ലെറ്റ് കഴിച്ചാൽ അതിന്റെ കൂടെ മദ്യം കഴിക്കാൻ പറ്റില്ല. വളരെ നേരത്തെ മുതൽ മണി ഈ ഗുളിക ഉപയോഗിക്കുന്നതാണ്. നമ്മൾ പൊതുവെ നാലോ അഞ്ചോ വർഷം മുമ്പ് ഡോക്ടർ എഴുതി തന്ന മരുന്ന് തുടരെ കഴിച്ച് കൊണ്ടിരിക്കും. പിന്നീട് ഡോക്ടറോട് ഇതേപറ്റി അന്വേഷിക്കില്ല. മണിക്കും വളരെ നേരത്തെ ഡോക്ടർ എഴുതിക്കൊടുത്തിരുന്ന ടാബ്ലെറ്റാണത്. ശാരീരികമായും മണി വീക്കായിരുന്നു. ഷർട്ടിനുള്ളിൽ ഒന്നോ രണ്ടോ ബനിയനിട്ടാണ് ഷോയ്ക്ക് പോകാറ്. ചെറുപ്പുളശേരി മൂന്ന് മണിക്കൂറാണ് മണി പാടിയത്.
തിരിച്ച് വന്നപ്പോഴേക്കും വല്ലാതെ വീക്കായി. പ്രമേഹം കീഴ്പ്പെടുത്തുന്ന അവസ്ഥയിലായിരുന്നു. പുറത്താരോടും മണി ഇത് പറഞ്ഞില്ല. മനസിലായ കാര്യം തന്റെ അസുഖം മണി അവഗണിച്ചു എന്നതാണ്. മണിയുടെ സന്തതസഹചാരിയും മാനേജരുമായുള്ള ആൾക്ക് ലിവറിന്റെ അസുഖം വന്നപ്പോൾ അതിന് പത്ത് ലക്ഷം രൂപ കൊടുത്ത് സഹായിച്ചത് മണിയാണ്. പക്ഷെ സ്വന്തം കാര്യത്തിൽ ആ എഫർട്ട് കലാഭവൻ മണി എടുത്തില്ല.

മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബിയറാണ്. അഞ്ചാം തിയതിയാണ് ആശുപത്രിയിലാകുന്നത്. നാലാം തിയതി മണി കുടിച്ചത് 12 കുപ്പിയോളം ബിയറാണ്. ബിയറിൽ മീഥെയ്ൽ ആൽക്കഹോളിന്റെ ചെറിയ അംശമുണ്ട്. ഒരുപാട് അളവിൽ കഴിക്കുമ്പോൾ അത് കൂടും. മണിയുടെ കാര്യത്തിലും സംഭവിച്ചത് അതാണ്. ലിവർ സിറോസിസ് ഉണ്ടെന്ന് അറിഞ്ഞിട്ടും മദ്യപിച്ചിരുന്നത് മരണം വിലകൊടുത്ത് വാങ്ങിയതിന് തുല്യമാണ്. കൃത്യമായ അന്വേഷണമാണ് മണിയുടെ മരണത്തിൽ നടന്നതെന്നും ഉണ്ണിരാജൻ ഐപിഎസ് വ്യക്തമാക്കി.
മണിയുടെ സഹോദരൻ രാമകൃഷ്ണനുൾപ്പെടെയാണ് മണിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് രംഗത്ത് വന്നത്. 2016 മാർച്ച് ആറാം തിയതിയാണ് ആശുപത്രിയിൽ വെച്ച് മണി മരിക്കുന്നത്. നാലാം തിയതി നടൻ ചാലക്കുടിയിൽ വെച്ച് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരുന്നു. അഞ്ചാം തിയതി രാവിലെ രക്തം ഛർദ്ദിച്ച മണി ആശുപത്രിയിലാവുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി തലേന്ന് നടനൊപ്പം മദ്യപിച്ച സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയുമുണ്ടായി. പ്രമേഹം കാരണം ബിയർ മാത്രമാണ് മണി കഴിച്ചിരുന്നത്. എന്നാൽ ബിയറിന്റെ ഉപയോഗം കൂടിയതാണ് നടന് വിനയായത്. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും കലാഭവൻ മണി സിനിമാ ലോകത്ത് ഓർമ്മിക്കപ്പെടുന്നു.


Click it and Unblock the Notifications