സ്വത്തിന്റെ മേൽനോട്ടം എനിക്കല്ല, ചേട്ടത്തിയും മകളും പാലായിൽ, വെളിപ്പെടുത്തി കലാഭവൻ മണിയുടെ സഹോദരൻ
ഇന്നും പ്രേക്ഷകർ ഏറെ വേദനയോടെ ഓർക്കുന്ന മരണമാണ് നടൻ കലാഭവൻ മണിയുടേത്. മലയാളത്തിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ സജീവമായിരുന്ന താരം ചമയങ്ങളില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയായിട്ട് നാല് വർഷമാവുകയാണ്. കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും പോലെ പ്രേക്ഷകരും ഇന്നും ആ സത്യത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മണിയുടെ വിടവ് നികത്താൻ മറ്റൊരു കലാകാരനെ കണ്ടു പിടിക്കാൻ തെന്നിന്ത്യൻ സിനിമ ലോകത്തിന് കഴിഞ്ഞിട്ടുമില്ല.
കലാഭവൻ മണിയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴും മണിയുടെ കുടുംബത്തെ കുറിച്ച് തിരിക്കാനും അവരുടെ കാര്യങ്ങൾ അന്വേഷിക്കാനും ആരാധകർ ശ്രമിക്കാറുണ്ട്. ഇപ്പോഴിത മണിയെ കുറിച്ച് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് മകളെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും സഹോദരൻ പറഞ്ഞത്. കൂടാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്വത്ത് സംബന്ധമായ വ്യാജവാർത്തയെ കുറിച്ചുള്ള സത്യാവസ്ഥയും അദ്ദേഹം വെളിപ്പെടുത്തി.

മണിച്ചേട്ടന്റെ ഭാര്യയും മകളും ഇപ്പോൾ പാലയിലാണ്. മകൾ എൻട്രൻസ് പരിശീലനത്തിലാണ്. മകളുടെ പഠന ആവശ്യത്തിനായിട്ടാണ് ചേട്ടത്തിയും അങ്ങോട്ട് താമസം മാറ്റിയത്. മോളെ ഡോക്ടർ ആക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനുള്ള ശ്രമങ്ങളിലാണ് അവർ.

സമൂഹ മാധ്യമങ്ങളിൽ ഓരോരുത്തരും അവർക്ക് തോന്നുന്ന തരത്തിൽ പല വാർത്തകളും പ്രചരിപ്പിക്കുന്നു. ചേട്ടൻ പോയതിനേക്കാൾ വലിയ നഷ്ടം തങ്ങൾക്ക് മറ്റൊന്നുമില്ല. എന്നാൽ ചേട്ടന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നത് ഞാനാണെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ അങ്ങനെയൊരു മേൽനോട്ടം എനിയ്ക്ക് ഇല്ല. അതിന് അർഹതയുള്ളത് ചേട്ടത്തിയ്ക്കും മകൾക്കുമാണ്. നിലവിൽ അവർ തന്നെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ കോടതിയിലാണ്. സിബിഐ റിപ്പോർട്ട് സമർപ്പിച്ചു.

ഇന്നും മണിച്ചേട്ടന്റെ വിയോഗം വിശ്വസിക്കാൻ പറ്റുന്നില്ല. ഇന്നും ആ സങ്കടം അതുപോലെയുണ്ട്. അത് എനിയ്ക്ക് മാത്രമല്ല. കേരളത്തിൽ അദ്ദേഹത്തെ സ്നേഹിച്ച എല്ലാവർക്കും അങ്ങനെ തന്നെയാണ്. പല സ്ഥലങ്ങളിൽ പരിപാടികൾക്ക് പോകുമ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത പലരും വന്ന് കെട്ടിപ്പിടിച്ച് വർത്താനം പറയും. അവർക്ക് മണി ചേട്ടൻ ജീവനായിരുന്നു. അതുപോലെ അദ്ദേഹത്തിന്റെ മരണ സമയത്ത് ഉണ്ടായിരുന്ന സുഹൃത്തുക്കൾ ആരും ഇപ്പോൾ തന്നെ വിളിക്കാറില്ല. ചേട്ടന്റെ നല്ല സുഹൃത്തുക്കൾ ഇപ്പോഴും എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്.

ചാലക്കുടിയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് അദ്ദേഹത്തിന് വേണ്ടി ആദ്യം ഒരു സ്മാരകം ഒരുക്കിയത്. ആ ഓട്ടോറിക്ഷ പേട്ടയെ അറിയപ്പെടുന്നത് മണിച്ചേട്ടന്റെ ഓട്ടോസ്റ്റാൻഡ് എന്ന പേരിലാണ്. ചാലക്കുടിയിൽ മണിച്ചേട്ടന് കിട്ടിയ ആദ്യ സ്മാരകം ആണ് അത്. അദ്ദേഹത്തിന്റെ സ്മരകത്തിനായി സർക്കാർ ഒരു തുക അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുകയാണ്.

ചേട്ടന് നേടാൻ കഴിയാത്ത വിദ്യാഭ്യാസം ഞങ്ങൾക്ക് നേടിത്തരുകയായിരുന്നു. എപ്പോഴും ഒരു തണൽമരമായിരുന്നു മണിച്ചേട്ടൻ. അദ്ദേഹം നൽകിയ വിദ്യാഭ്യാസത്തിന്റെ ബലത്തിലാണ് ജനങ്ങൾക്ക് മുമ്പിൽ നിന്ന് സംസാരിക്കാൻ കഴിയുന്നത്. ചേട്ടൻ അച്ഛന്റെ പേരിൽ ഒരു കലാഗൃഹം സ്ഥാപിച്ചിരുന്നു. അവിടെ ഇപ്പോഴും ഞാൻ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.അദ്ദേഹം ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ എന്നെക്കൊണ്ട് കഴിയുന്ന തരത്തിൽ ചെയ്യാൻ ശ്രമിക്കുന്നു.ഞാനൊരു കലാകാരനാണ്. അധികം സാമ്പത്തിക സ്ഥിതിയെന്നുമില്ല. അദ്ദേഹത്തിന്റെ ഓർമകൾ നിലനിർത്തുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും രമകൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞു,.


Click it and Unblock the Notifications