മണിയുടെ അതുഗ്രൻ പെർഫോമൻസ്, ലക്ഷണമൊത്ത വില്ലൻ: ഛോട്ടാ മുംബൈ റീ-റിലീസിന് പിന്നാലെ വൈറലായി നടേശൻ
വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും തീയറ്ററിൽ എത്തിയിരിക്കുകയാണ് മോഹൻലാൽ നായകനായി അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ. പ്രതീക്ഷിച്ചത് പോലെ തന്നെ, 2007ൽ തീയറ്ററിലെത്തിയ ആക്ഷൻ കോമഡി ചിത്രത്തിന് അത്യുഗ്രൻ വരവേൽപ്പാണ് ഈ രണ്ടാം വരവിലും മലയാളി പ്രേക്ഷകർ ഒരുക്കിയത്. എന്നാൽ റീ-റിലീസിന്റെ ആദ്യ ദിവസം പിന്നിടുമ്പോൾ, മോഹൻലാലിന്റെ നായക കഥാപാത്രമായ വാസ്കോ എന്ന തലയെ പോലും പിന്തള്ളിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് കലാഭവൻ മണി അവതരിപ്പിച്ച വില്ലൻ, നടേശൻ.
സോഷ്യൽ മീഡിയ കീഴടക്കി കലാഭവൻ മണി
ഛോട്ടാ മുംബൈ വീണ്ടും തീയറ്ററിൽ എത്തുമ്പോൾ, പ്രേക്ഷകർക്ക് ലഭിച്ചത് മൺമറഞ്ഞവരും സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നവരുമായ ഒരുപാട് നടീ-നടന്മാരെ ഒരിക്കൽക്കൂടി കാണാനുള്ള അവസരമാണ്. അതിൽ ആദ്യമെത്തുന്ന പേരാണ്, കലാഭവൻ മണി. അതുവരെ മലയാളത്തിൽ കോമഡി വേഷങ്ങളിലും, ഇമോഷണൽ നായികനായും തിളങ്ങിയിരുന്ന അതുല്യ നടനെ പുനരവതരിപ്പിച്ച ചിത്രമാണ് ഛോട്ടാ മുംബൈ. മോഹൻലാൽ വാസ്കോ എന്ന തലയായി തീയറ്ററുകളെ ആവേശത്തിലാഴ്ത്തിയപ്പോൾ, സി.ഐ.നടേശൻ എന്ന ക്രൂരതയുടെ പര്യായമായ വില്ലനായി മണിയെത്തി.

അൻവർ റഷീദ് ചിത്രം റീ-റിലീസ് ചെയ്ത് ആദ്യ ദിവസം പിന്നിടുമ്പോൾ, മണിയുടെ നടേശൻ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. മോഹൻലാലിന്റെ തോളോട് തോൾ ചേർന്ന് നിന്ന വില്ലനെ ആഘോഷിക്കുമ്പോൾ തന്നെ, കലാഭവൻ മണി എന്ന നടന്റെ വേർപാട് മലയാള സിനിമയ്ക്ക് എത്ര വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് കൂടി ഓർക്കുകയാണ് പ്രേക്ഷകർ. ഇന്നും മണിക്ക് ഒരു പകരക്കാരൻ ഇല്ലെന്നും, ഛോട്ടാ മുംബൈയിലെ നടേശനെ, മലയാളത്തിലെ ലക്ഷണമൊത്ത വില്ലന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ പലരും മറക്കുന്നു എന്നും സോഷ്യൽ മീഡിയയിലെ സിനിമ പ്രേമികൾ ഓർമിപ്പിക്കുന്നു.
"10 വർഷങ്ങൾക്ക് ശേഷം മണി ചേട്ടൻ സ്‌ക്രീനിൽ," ആവേശത്തോടെ ഒരു ഫാൻ തന്റെ എക്സ് പോസ്റ്റിൽ കുറിച്ച്. "നടേശൻ - പീക്ക് വില്ലനിസം ബൈ മണി ചേട്ടൻ. കലാഭവൻ മണിയെ എന്നും പ്രേക്ഷകർ ഓർക്കും," മറ്റൊരു പ്രേക്ഷകൻ കുറിച്ചു. ഇതിനിടെ, ഛോട്ടാ മുംബൈ റിലീസ് ചെയ്ത കാലത്ത് മണി ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖവും, വീണ്ടും വൈറലാവുന്നുണ്ട്. നടേശനെ പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണം അൻവർ റഷീദാണെന്നും, സംവിധായകൻ പറഞ്ഞത് പോലെ അഭിനയിക്കുക മാത്രമാണ് താൻ ചെയ്തതെന്നും പറയുന്ന മണിയെ ഈ വിഡിയോയിൽ കാണാം.

ഛോട്ടാ മുംബൈ വീണ്ടും തരംഗമാവുന്നു
പതിനേഴ് വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ വീണ്ടുമെത്തി അൻവർ റഷീദ് ചിത്രത്തിന് അമ്പരപ്പിക്കുന്ന സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും കിട്ടികൊണ്ടിരിക്കുന്നത്. കേരളത്തിലെ പല പ്രമുഖ തീയറ്ററുകളിലും ഹൌസ്ഫുള്ളായി ഓടുകയാണ് ഛോട്ടാ മുംബൈ. ഇതിൽ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ഈ നില തുടർന്നാൽ, ഇതിന് മുൻപ് കേരളത്തിൽ ഉണ്ടായിട്ടുള്ള എല്ലാ റീ-റിലീസ് റെക്കോർഡുകളും മോഹൻലാൽ ചിത്രം തകർക്കുമെന്ന് ഉറപ്പാണ്.
മോഹൻലാലിനും കലാഭവൻ മണിക്കും ഒപ്പം ജഗതി ശ്രീകുമാർ, സായി കുമാർ, രാജൻ പി ദേവ്, ഭാവന, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ദിഖ്, ബിജു കുട്ടൻ, കൊച്ചിൻ ഹനീഫ, മണിയൻപിള്ള രാജു, മണിക്കുട്ടൻ, വിനായകൻ, മല്ലിക സുകുമാരൻ, വിജയകുമാരി, ശരണ്യ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്ന ചിത്രമാണ് ഛോട്ടാ മുംബൈ. രാഹുൽ രാജ് ആണ് മോഹൻലാൽ ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന സംഗീതം ഒരുക്കിയത്.


Click it and Unblock the Notifications











