'പോലീസ് സ്റ്റേഷന്റെ മുറ്റത്താണ്, ഇപ്പോഴും നിമ്മി മണിയുടെ പേരിൽ, കാര്യം അറിയാതെ കുറ്റപ്പെടുത്തരുത്'; വീഡിയോ!
നൊമ്പരങ്ങൾ സമ്മാനിച്ച് പ്രിയ നടൻ കലാഭവൻ മണി പോയി മറഞ്ഞിട്ട് ഏഴ് വർഷങ്ങൾ പിന്നിടുകയാണ്. രണ്ട് ദശാബ്ദം ആരാധകരെ ചിരിപ്പിച്ച, കരയിപ്പിച്ച, ചിന്തിപ്പിച്ച മണിയുടെ ഓർമകൾക്ക് പക്ഷെ മരണമില്ല.
മണി ഈ ലോകത്ത് ഇല്ലെന്ന കാര്യം ഇന്നും ആരാധകർ വിശ്വസിക്കാൻ തയ്യാറല്ല. മണ്ണിൽ നിന്ന് പോയാലും മനസിൽ നിന്ന് പോവില്ലെന്നാണ് താരത്തിന്റെ ആരാധകരും സഹപ്രവർത്തകരും സോഷ്യൽമീഡിയയിൽ കുറിക്കാറുള്ളത്. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്.
ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. മലയാളവും കടന്ന് അന്യഭാഷകളിലേക്കും ചേക്കേറി അഭിനയത്തിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്ത് വെച്ചു.

അതുകൊണ്ട് തന്നെയാണ് മണിയുടെ വേർപാട് ചാലക്കുടിക്കാർക്ക് ഉൾകൊള്ളാൻ കഴിയാത്തതിന് കാരണവും. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവൻ മണിയുടെ അരങ്ങേറ്റം.
സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങൾ മണിയെന്ന അസാമാന്യ പ്രതിഭയെ അടയാളപ്പെടുത്തിയ ചിത്രങ്ങളായി മാറി. സിനിമയിലെത്തിയ ശേഷമാണ് തനിക്ക് പ്രിയപ്പെട്ട എല്ലാം മണി സ്വന്തമാക്കി തുടങ്ങിയത്.
ഏറെ കഷ്ടപ്പാടിലൂടെയാണ് കലാഭവൻ മണി ജീവിച്ചിരുന്നത്. ഓട്ടോ ഓടിച്ചായിരുന്നു സിനിമയിലെത്തും വരെ ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. വാഹനങ്ങള്‍ ഏറെ ഇഷ്ടമായിരുന്ന മണിക്ക് ഒരുപാട് വണ്ടികളും സ്വന്തമായുണ്ടായിരുന്നു. അടുത്തിടെയാണ് മണിയുടെ പൊടി പിടിച്ചു കിടന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ഓട്ടോറിക്ഷ ആരാധകര്‍ ഏറ്റെടുത്ത് വൃത്തിയാക്കിയത്.
ഇതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മണിക്ക് പ്രിയപ്പെട്ട ഒരു വാഹനത്തിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കലാഭവൻ മണി ഉപയോഗിച്ചിരുന്ന ഒരു വാഹനം കാടുകയറി മോശമായ അവസ്ഥയിൽ വഴിയരുകിൽ കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

താരത്തിന്റെ വാഹനങ്ങളുടെയെല്ലാം നമ്പർ 100 എന്നായതിനാൽ ആരാധകർ മണിയുടെ വാഹനം എവിടെ കണ്ടാലും വേഗത്തിൽ തിരിച്ചറിയും. അങ്ങനെയാണ് മണിയുടെ ഈ വെളുത്ത നിറത്തിലുള്ള കാർ ആരാധകർ വഴിയരികിൽ നിന്നും കണ്ടെത്തിയത്. മണിച്ചേട്ടന്റെ കാറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ചേരാനല്ലൂർ സ്റ്റേഷനിലാണ് വാഹനം കാടുകയറി കിടക്കുന്നതെന്നാണ് റിപ്പോർട്ട്.
വാഹനത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. മണിച്ചേട്ടന്റെ കഷ്ടപ്പാടിന്റെ ഫലമാണ് കിടന്ന് ദ്രാവിക്കുന്നത്, ഇതെന്താ ഇങ്ങനെ കിടക്കുന്നത്... വിൽക്കാൻ പാടില്ലായിരുന്നോ?. കാലാഭവൻ മണി എന്ന മനുഷ്യനോട് ക്രേസ് ഉള്ള എത്ര പേരുണ്ട് അവർ വാങ്ങി സൂപ്പറായി കൊണ്ട് നടന്നേനെ എന്നൊക്കെയായിരുന്നു ചിലർ കുറിച്ചത്.
പ്രിയ കലാകാരന്റെ അധ്വാനത്തിൽ നിന്നും വാങ്ങിയ വാഹനം നശിക്കുന്നത് കാണുന്നതിന്റെ സങ്കടമായിരുന്നു ഏറെയും കമന്റുകളിൽ കണ്ടത്. എന്നാൽ ഈ വാഹനം 2018ലെ പ്രളയത്തിൽ നശിച്ചതിനാൽ മണിയുടെ കുടുംബം വിറ്റതാണെന്നാണ് ചാലക്കുടിക്കാരനായ ഒരാൾ കുറിച്ചത്. 'പ്രിയപ്പെട്ടവരെ ഞാൻ ഒരു ചാലക്കുടിക്കാരനാണ്.'
'ഈ വാഹനം 2018ലെ പ്രളയത്തിൽ അവരുടെ വീട്ടിൽ വെച്ച് വെള്ളത്തിൽ മുങ്ങിയതാണ്. പിന്നെ അവർ അത് മൊത്തം നഷ്ടത്തിൽ വിൽക്കുകയായിരുന്നു. വാഹനം വാങ്ങിച്ച ആളുകൾ ഇപ്പോഴും ആർസി ചേഞ്ച് ചെയ്യാതെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. നമ്മൾ സത്യം അറിയാതെ ആരെയും കുറ്റം പറയരുത്. ഈ വാഹനം പ്രളയ ശേഷം വിറ്റതാണ്.'
'പുതിയ ഉടമ ആർ സി മാറ്റാതെ ഉപയോഗിച്ചിരുന്നു. പിന്നീട് മറ്റൊരു കേസ് ആയത്രെ. ഇപ്പോൾ ചേരാനല്ലൂർ സ്റ്റേഷനിൽ. ഒരുപക്ഷെ സ്റ്റേഷനിൽ ലേലം ഉണ്ടാവുമ്പോൾ ചിലപ്പോൾ വേണേൽ വാങ്ങാൻ സാധിക്കും. അന്വേഷിച്ച് നോക്കുക', എന്നാണ് ഈ വീഡിയോയുടെ സത്യാവസ്ഥ വിവരിച്ച് പറഞ്ഞത്.


Click it and Unblock the Notifications