'മണിയുടെ ജീവിതം കൈവിട്ട് പോയി; ആ മണ്ണിന്റെ പ്രത്യേകതയാണത്; ലോഹിതദാസിനും അത് തന്നെ സംഭവിച്ചു'
മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടനാണ് കലാഭവൻ മണി. സിനിമാ ലോകത്ത് ഇത്രയധികം ജനപ്രീതി നേടിയ അഭിനേതാക്കൾ ഇന്ന് വിരളമാണ്. സാധാരണക്കാർ നെഞ്ചേറ്റിയ കലാഭവൻ മണി ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം തുടങ്ങിയ സിനിമകളിൽ മി കലാഭവൻ മണി ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്.
മണിയുടെ കരിയറിലുണ്ടായ വീഴ്ച ഇന്നും ചർച്ചയാകാറുണ്ട്. അസാമാന്യ പ്രതിഭയായ നടന് കരിയറിന്റെ ഒരു ഘട്ടത്തിൽ തുടരെ പരാജയങ്ങൾ വന്നു. ഇതിനിടെ മണിയെക്കുറിച്ച് പല സംസാരങ്ങളും സിനിമാ ലോകത്തുണ്ടായി, മദ്യപാനം നടനെ വലിയ തോതിൽ ബാധിച്ചിരുന്നു. മരണത്തിന് കാരണമായതും മദ്യം തന്നെയാണ്. 2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി മരിച്ചത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

മണിയെക്കുറിച്ച് നിർമാതാവ് കെജി നായർ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മണിക്ക് സംഭവിച്ച വീഴ്ചയെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം മനസ് തുറന്നത്.
ചാലക്കുടിയിൽ പോയി മണിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാൽ ഓട്ടോക്കാരൻ പൈസ വാങ്ങില്ല. ഒരു സിനിമയുടെ ആവശ്യത്തിന് മണിയുടെ നാട്ടിൽ പോയപ്പോൾ ഒരുപാട് സ്ഥലങ്ങൾ കാണിച്ചു. ഇതൊക്കെ അച്ഛൻ ജോലി ചെയ്ത സ്ഥലമാണ്, അച്ഛന്റെ ശമ്പളം വാങ്ങാൻ ഞാനിവിടയൊക്കെ വന്ന് നിന്നിട്ടുണ്ട്, ദൈവം എനിക്കിതെല്ലാം വാങ്ങിക്കാൻ അവസരം തന്നു എന്ന് പറഞ്ഞു. പുള്ളിയുടെ ജീവിതവും കൈവിട്ട് പോയതാണ്. മണിയുടെ എന്നല്ല, ആ മണ്ണിന്റെ പ്രത്യേകതയാണത്.

ചാലക്കുടി കലാകാരനെ വളർത്തും. വളരുന്ന കലാകാരൻ കലയെ മറന്ന് ജീവിക്കുമ്പോൾ അതേ കല തന്നെ അവരെ കൊല്ലും. അതാണ് ലോഹിതദാസിനും സംഭവിച്ചത്. മദ്യം തന്നെയാണ് മണിയുടെ മരണത്തിന് കാരണമായത്. കുടിക്കരുതെന്ന് പറഞ്ഞിട്ടും കുടിച്ചാൽ എന്ത് ചെയ്യാൻ പറ്റും. അവനില്ലാത്ത അസുഖമുണ്ടായിരുന്നോ. അതിന് മുമ്പ് നേടാനുള്ള ശാപങ്ങളെല്ലാം നേടി. വളർച്ചയിൽ അസൂയ തോന്നിയവരുമായി തർക്കവും വഴക്കുമുണ്ടായി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കലാഭവൻ മണി സഹായങ്ങൾ ചെയ്തതെന്നും കെജി നായർ ആരോപിച്ചു.
അതേസമയം മണിയെക്കുറിച്ച് നല്ല ഓർമ്മകൾ പങ്കുവെച്ച സഹപ്രവർത്തകരും ഏറെയാണ്. മുമ്പൊരിക്കൽ സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. നിർമാതാവിനോ സംവിധായകനോ ബാധ്യത വരുത്തുന്ന താരമല്ല മണിയെന്ന് ഇദ്ദേഹം വ്യക്തമാക്കി. മണി യഥാർത്ഥത്തിൽ നല്ല കലാകാരനാണ്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് മണിയെ നമ്മൾ തിരിച്ചറിഞ്ഞതെന്ന് പറയേണ്ടി വരും.
താനുമായി അടുത്ത സൗഹൃദം കലാഭവൻ മണിക്കുണ്ടായിരുന്നു എന്നും ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞു. 45ാം വയസിലാണ് കലാഭവൻ മണി മരിച്ചത്. അപ്രതീക്ഷിതമായ മരണം അന്ന് പല അഭ്യൂഹങ്ങൾക്കും ഇട വരുത്തി. പോസ്റ്റ്മോർട്ടത്തിൽ മൃതദേഹത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. ഇത് കാരണം ആസൂത്രിതമായ കൊലപാതകമാണ് നടന്നത് എന്ന് വരെ ആക്ഷേപം ഉയർന്നു.
എന്നാൽ സിബിഐ ഈ വാദം തള്ളി. കരൾ രോഗം ബാധിച്ച ശേഷം മദ്യപിച്ചതിനാൽ മദ്യത്തിലെ വിഷാംശം ശരീരത്തിൽ അവശേഷിച്ചു. ഇതാണ് മരണ കാരണമായതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. മരിച്ച് വർഷങ്ങൾക്കിപ്പുറവും പ്രേക്ഷക മനസിൽ കലാഭവൻ മണി ഒരു ഓർമ്മയായി നിലനിൽക്കുന്നു.


Click it and Unblock the Notifications