ഒരു ഭാര്യയുടെ ഏറ്റവും വലിയ വിഷമം അതാണ്, പ്രസവിക്കാന്‍ പോയപ്പോള്‍ മണിച്ചേട്ടനില്ല! അന്ന് നടന്നതിനെ പറ്റി നിമ്മി
ഒന്‍പത് വര്‍ഷം മുന്‍പൊരു മാര്‍ച്ച് മാസത്തിലാണ് മലയാള സിനിമയ്ക്ക് നടന്‍ കലാഭവന്‍ മണിയെ നഷ്ടപ്പെടുന്നത്. അപ്രതീക്ഷിതമായിട്ടുണ്ടായ വേര്‍പാടില്‍ സഹപ്രവര്‍ത്തകരും ആരാധകരുമൊക്കെ ഞെട്ടിയെങ്കിലും ഭാര്യ നിമ്മിയും മകളും തീരാദുഃഖത്തിലേക്ക് വീഴുന്നത് അവിടം മുതലാണ്. സിനിമയ്‌ക്കൊപ്പം കുടുംബത്തെയും ഒരുപോലെ ചേര്‍ത്ത് പിടിക്കാന്‍ കലാഭവന്‍ മണിയ്ക്ക് സാധിച്ചിരുന്നു.
ഇത്രയും വലിയ അസുഖങ്ങളൊക്കെ തനിക്കുണ്ടെന്ന് പോലും ഭാര്യയെ അറിയിക്കാതെ കൊണ്ട് നടക്കുകയായിരുന്നു മണി. ആരും വിഷമിക്കരുത് എന്നാഗ്രഹിക്കുന്ന സ്വഭാവക്കാരനായിരുന്നു മണിച്ചേട്ടനെന്ന് പറയുകയാണ് നടന്റെ ഭാര്യ നിമ്മി. തങ്ങള്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ ഉണ്ടായ വലിയൊരു വിഷമത്തെ കുറിച്ചും നിമ്മി തുറന്ന് സംസാരിച്ചിരുന്നു.

മകള്‍ ജനിക്കുന്ന സമയത്തുണ്ടായ സംഭവത്തെ കുറിച്ചാണ് പ്രിയ ഷൈന്‍ എന്നൊരു യൂട്യൂബര്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നിമ്മി വെളിപ്പെടുത്തിയത്. തനിക്കും മണിച്ചേട്ടനും ഒരുപോലെ വിഷമം തോന്നിയൊരു സംഭവം ജീവിതത്തിലുണ്ടായത് അത് മാത്രമാണെന്നാണ് നിമ്മി പറഞ്ഞത്.
നിമ്മിയുടെ വാക്കുകളിങ്ങനെയാണ്... 'ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിനും എനിക്കും വിഷമമായ കാര്യം മകള്‍ ജനിക്കുന്ന സമയത്ത് ഉണ്ടായതാണ്. ഞാന്‍ ഗര്‍ഭിണിയായ ശേഷം പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ മണിച്ചേട്ടന്‍ കൂടെ ഇല്ലായിരുന്നു. ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളവും ആ സമയത്ത് ഭര്‍ത്താവ് കൂടെ ഉണ്ടാവണമെന്നുള്ളതാണ് ഏറ്റവും വലിയ ആഗ്രഹം. ഇല്ലെങ്കില്‍ വല്ലാത്ത വിഷമമാവും.
അന്നൊരു അവാര്‍ഡ് ഫങ്ഷന്‍ നടക്കുന്നുണ്ട്. പോവുന്നതിന് മുന്‍പ് ഞാന്‍ പോവട്ടെ, നിനക്ക് വയ്യെങ്കില്‍ ഞാന്‍ പോവില്ല. എത്ര വലിയ പരിപാടിയാണെങ്കിലും വേണ്ടെന്ന് വെക്കാം എന്നും മണിച്ചേട്ടന്‍ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് പ്രത്യേകിച്ച് വയ്യായ്മയോ ക്ഷീണമോ ഒന്നും തോന്നിയില്ല. അത്രയും വലിയൊരു പ്രോഗ്രാം കൂടിയായത് കൊണ്ട് കുഴപ്പമില്ല പോയിക്കോളാനാണ് ഞാനും പറഞ്ഞത്.

പക്ഷേ വൈകിട്ട് ആയപ്പോഴെക്കും എനിക്ക് വേദന വരാന്‍ തുടങ്ങി. ആ സമയത്ത് മണിച്ചേട്ടനെ വിളിച്ചെങ്കിലും പ്രോഗ്രാമിന്റെ തിരക്ക് കാരണം കിട്ടിയില്ല. ഡെലിവറിയ്ക്ക് കയറ്റിയപ്പോഴും മണിച്ചേട്ടന്‍ അടുത്തില്ലല്ലോ എന്നതിന്റെ സങ്കടമുണ്ടായിരുന്നു. പിന്നെ മകള്‍ ജനിച്ചതും അദ്ദേഹം അറിഞ്ഞില്ല. അതിന് ശേഷം മരിച്ച് പോയ ലോഹിതദാസ് സാറാണ് ഈ വിവരം അദ്ദേഹത്തെ അറിയിക്കുന്നത്.
എനിക്ക് ബോധം വന്ന സമയത്ത് മകളെ കാണുന്നതിനെക്കാളും മണിച്ചേട്ടന്‍ വന്നോ എന്നാണ് അന്വേഷിക്കുന്നത്. അതെല്ലാം കഴിഞ്ഞ് മണിച്ചേട്ടന്‍ എത്തി. എന്നെ വന്ന് കാണുകയും മകളെ കാണുകയുമൊക്കെ ചെയ്തു. പ്രസവം അടുക്കാറായതോടെ കുറേ ഷൂട്ടിങ്ങും മറ്റുമൊക്കെ വേണ്ടെന്ന് വെച്ച് എന്റെ കൂടെ തന്നെ മണിച്ചേട്ടന്‍ ഉണ്ടായിരുന്നു. എന്നിട്ടും ഒരു ദിവസം മാറിയപ്പോള്‍ തന്നെ ഇങ്ങനെ ഉണ്ടായല്ലോ എന്നോര്‍ത്ത് അദ്ദേഹത്തിന് വല്ലാത്ത വിഷമമായി. പിന്നെ മോളെ ഒക്കെ എടുത്തതിന് ശേഷമാണ് ആ വേദന മാറിയത്. ആ ഒരു കാര്യം മാത്രമാണ് ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒത്തിരി വിഷമമായ സംഭവമെന്നും,' നിമ്മി പറയുന്നു.
1992 സെപ്റ്റംബര്‍ 22 നായിരുന്നു കലാഭവന്‍ മണിയും നിമ്മിയും വിവാഹിതരാവുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ ദമ്പതിമാര്‍ ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം കൊടുക്കുകയും ചെയ്തു. മകള്‍ക്ക് ശ്രീലക്ഷ്മി എന്നാണ് പേരിട്ടത്. പിന്നീട് മകള്‍ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് നടന്‍ തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്. മണിയുടെ മരണത്തിന് ശേഷം ആകെ പകച്ച് പോയ മകളും ഭാര്യയും ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. മകളെ പഠിപ്പിച്ച് വലിയൊരു ഡോക്ടറാക്കണമെന്ന ആഗ്രഹം നടനുണ്ടായിരുന്നു. ആ ഒരു ലക്ഷ്യത്തിലാണ് താരപുത്രിയും.


Click it and Unblock the Notifications