സുബിയോട് ഇഷ്ടം വന്നത് അങ്ങനെയാണ്; ചിലപ്പോള്‍ അമ്മ പറഞ്ഞിട്ടാവും അവളെന്നെ ഇഷ്ടപ്പെട്ടതെന്ന് രാഹുല്‍
സിനിമാ ലോകത്തിന് കടുത്ത ആഘാതം നല്‍കി കൊണ്ടാണ് നടി സുബി സുരേഷ് അന്തരിച്ചത്. ഇന്നും നടിയുടെ ഓര്‍മ്മകളിലാണ് ആരാധകര്‍. അതേ സമയം സുബി വിവാഹത്തിന് തയ്യാറായി വരുന്നതിനിടയില്‍ വിധി തട്ടിയെടുത്തതിനെ ഓര്‍ത്താണ് ആരാധകരും വേദനിക്കുന്നത്. അതേ സമയം സുബിയെ ഇഷ്ടപ്പെടാനുണ്ടായ കാരണത്തെ കുറിച്ച് മനസ് തുറക്കുകയാണ് രാഹുല്‍.
അമ്മ പറഞ്ഞിട്ടാവും അവള്‍ തന്നെ ഇഷ്ടപ്പെട്ടിട്ടുണ്ടാവുക, എന്നാല്‍ തനിക്ക് ഇഷ്ടം വന്നതിനുള്ള കാരണങ്ങളെ കുറിച്ചാണ് മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറന്ന് സംസാരിക്കുകയായിരുന്നു രാഹുല്‍.
സുബിയും അമ്മയും അനിയനുമൊക്കെ പരസ്പരം വളരെ അറ്റാച്ചഡ് ആയിട്ടുള്ളവരാണ്. ചെറുപ്പം മുതലേ കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നു. റിച്ച് ആയി ജീവിച്ചിരുന്നവരാണ്. പെട്ടെന്നൊരു സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നോക്കം പോയി. പതിനെട്ടാമത്തെ വയസില്‍ അമ്മയെയും അനിയനെും കൊണ്ട് വന്ന് ശക്തമായൊരു പോരാട്ടമാണ് നടത്തിയത്. അതും ഒരു സ്ത്രീ കഴിവ് തെളിയിക്കാത്ത മേഖലയിലേക്ക് കടന്ന് വന്നിട്ടാണ് സുബി തന്റെ പോരാട്ടം തുടങ്ങിയത്. ഭയങ്കര ബ്രില്ല്യന്റും മിടുക്കിയുമായിരുന്നു.

ആഗ്രഹിച്ച് മോഹിച്ചാണ് ഒരു വീട് സ്വന്തമാക്കുന്നത്. എല്ലാ കാര്യങ്ങളും സെറ്റിലായി, എങ്കില്‍ പിന്നെ ഒരു കല്യാണം കഴിച്ചേക്കാമെന്ന് ചിന്തിച്ചെന്നേയുള്ളു. പ്രണയത്തിനും അവിടെ ഒരു സ്‌കോപ്പും ഇല്ലായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നു.
സുബിയ്ക്ക് എല്ലാം അമ്മയായിരുന്നു. അമ്മയും പ്രോഗ്രാം ചെയ്യുമായിരുന്നു. അമ്മ കഴിഞ്ഞിട്ടേ സുബിയ്ക്ക് എന്തുമുള്ളു. ചിലപ്പോള്‍ അമ്മ പറഞ്ഞിട്ടാവും അവളെന്നെ ഇഷ്ടപ്പെട്ടതെന്ന് ഞാന്‍ തന്നെ ചോദിച്ചിട്ടുണ്ട്. ആ രാഹുല്‍ കൊള്ളാം, നീ ഇഷ്ടപ്പെട്ടോ എന്ന് സുബിയോട് ചിലപ്പോള്‍ അമ്മ പറഞ്ഞിട്ടുണ്ടാവും. അന്നേരമായിരിക്കും സുബി എന്നോട് ഇഷ്ടത്തിലായിട്ടുണ്ടാവുക. അതല്ലാതെ അവള്‍ക്കൊരു തീരുമാനവും ഉണ്ടാവാറില്ല.
എന്റെ മകള്‍ പോയി, പക്ഷേ മകനായി രാഹുലിനെ കിട്ടിയെന്ന് അമ്മ പറഞ്ഞിരുന്നു. എനിക്കും അങ്ങനെ തന്നെയാണ്. അവരെ കെയര്‍ ചെയ്യണമെന്നുണ്ട്. എന്റെ വീട്ടില്‍ അമ്മയും ഞാനും മാത്രമേയുള്ളു. അതുകൊണ്ട് അവളുടെ അമ്മ അനുവദിക്കുകയാണെങ്കില്‍ ഞാന്‍ അവരെയും നോക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് രാഹുല്‍ പറയുന്നു.

സുബിയ്ക്ക സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതല്ല. അവള്‍ക്ക് വേണ്ടായിട്ടാണ്. നിര്‍ത്താതെ പരിപാടികള്‍ വന്ന് കൊണ്ടിരിക്കുന്നത് കൊണ്ട് സിനിമയില്‍ അഭിനയിക്കാന്‍ പോകാന്‍ എവിടെയാണ് സമയമെന്നാണ് അവള്‍ ചോദിക്കുക. സ്‌റ്റേജ് പ്രോഗ്രാമില്‍ കേരളത്തില്‍ ഇത്രയും തിരക്കുള്ള ഒരു സ്ത്രീ ഉണ്ടായിട്ടില്ല. സുബി ഇല്ലാത്ത സ്റ്റേജ് ഷോകളോ ഇന്റര്‍നാഷണല്‍ ഷോകളോ ഇല്ലായിരുന്നു.
നിര്‍ത്താതെ സംസാരിക്കും, അപ്‌ഡേറ്റായിട്ടിരിക്കും, വന്നപ്പോള്‍ എങ്ങനെയായിരുന്നോ അതുപോലെയാണ് മരിക്കുന്നത് വരെ നിന്നത്. ഞാനിഷ്ടപ്പെട്ടിരുന്ന ആളായത് കൊണ്ട് പറയുന്നതല്ല. സുബിയ്ക്ക് മുന്‍പും ശേഷവും അവളെ പോലൊരു ആള്‍ വന്നിട്ടില്ല.
സുബിയെ ഇഷ്ടപ്പെടാനുണ്ടായ കാരണത്തെ കുറിച്ച് രാഹുല്‍ പറയുന്നതിങ്ങനെയാണ്.. 'അവള്‍ ഭയങ്കര കെയറിങ്ങാണ്, ഒരു കാര്യത്തിലും നമ്മളെ പറ്റിക്കാന്‍ ഇഷ്ടമല്ല. മനസില്‍ പറയാന്‍ തോന്നുന്നതൊക്കെ അപ്പോള്‍ പറയും. അരമണിക്കൂര്‍ കഴിയുമ്പോള്‍ അതിന് സോറിയും പറഞ്ഞ് വരും. പാവങ്ങളോടൊക്കെ ഭയങ്കര സിംപതിയുള്ള ആളായിരുന്നു.

മറ്റുള്ളവരെ സഹായിക്കും. പക്ഷേ അതൊന്നും പുറത്ത് പറയില്ല. നല്ല സ്മാര്‍ട്ട് ആയത് കൊണ്ട് ഭയങ്കര പോസിറ്റീവ് എനര്‍ജിയാണ്. കാനഡ പ്രോഗ്രാമിന് ശേഷം നിര്‍ത്താമെന്ന് ഞാന്‍ പറഞ്ഞെങ്കിലും പ്രോഗ്രാം അല്ലേ രസമുള്ള കാര്യമെന്നാണ്', സുബി പറഞ്ഞത്.
ഇനിയും ഇരുപതോളം പരിപാടികള്‍ സുബിയുടെ ചെയ്യാനായി കിടപ്പുണ്ട്. അവിടെയൊക്കെ സുബിയുടെ ഫ്‌ളെക്‌സ് വരെ വെച്ചിട്ടുണ്ട്. ഇനി പകരം ആളെ അറേഞ്ച് ചെയ്യണമെന്നാണ് അവര്‍ പറയുന്നത്. എനിക്ക് മാത്രമല്ല അവളെ എല്ലാവരും ഇഷ്ടപ്പെടും. സുബിയ്ക്ക് ഒന്‍പത് പാസ്‌പോര്‍ട്ടോ മറ്റോ ഉണ്ട്. അത്രയും സീല്‍ ചെയ്യണമെങ്കില്‍ എത്രയോ യാത്ര പോയിട്ടുണ്ടാകും. ഞങ്ങള്‍ കൂടുതല്‍ സംസാരിക്കുന്നത് ഷോ യെ കുറിച്ചായിരിക്കുമെന്നും രാഹുല്‍ പറയുന്നു.


Click it and Unblock the Notifications











