'ഞാൻ ഒറ്റപ്പെട്ടു, ആ സമയത്ത് എനിക്ക് ഒരു മരവിപ്പായിരുന്നു, വെറെ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നുണ്ട്'; രാഹുൽ
കഴിഞ്ഞ വർഷം വളരെ അപ്രതീക്ഷിതമായി കേരളക്കര കേട്ടൊരു മരണവാർത്തയായിരുന്നു നടിയും അവതാരകയുമെല്ലാമായ സുബി സുരേഷിന്റേത്. ആദരാഞ്ജലികൾ നേർന്ന് നടൻ ടിനി ടോം സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റ് സത്യമാണോ അല്ലയോയെന്ന് വിശ്വസിക്കാൻ പോലും പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല. എപ്പോഴും പുഞ്ചിരിയുമായി നിൽക്കുന്ന സുബിയുടെ മുഖമായിരുന്നു മലയാളികൾക്ക് സുപരിചിതം. അതുകൊണ്ട് തന്നെ സുബിയുടെ പെട്ടന്നുള്ള വേർപാട് ഉൾക്കൊള്ളാൻ ജനങ്ങൾക്കായില്ല.
സ്റ്റേജ് ഷോകളും ചാനൽ പരിപാടികളുമായി എപ്പോഴും ആളുകൾക്കിടയിൽ നിറഞ്ഞ് നിൽക്കുന്ന സുബിയുടെ ലോകം കുടുംബവും അമ്മയുമായിരുന്നു. കുടുംബത്തെ പോലെ സുബി സ്നേഹിച്ച മറ്റൊരാൾ സുഹൃത്തായ രാഹുലാണ്. വര്‍ഷങ്ങളായുള്ള പരിചയമാണ് രാഹുലുമായുള്ള വിവാഹം എന്ന തീരുമാനത്തിലേക്ക് സുബിയെ എത്തിച്ചത്. വിവാഹത്തിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങിയിരുന്നു. അതിനിടയിലായിരുന്നു സുബിയുടെ അപ്രതീക്ഷിത വിയോഗം.

ഇന്നും സുബിയുടെ വേർപാടും വിടവും ഉൾക്കൊള്ളാൻ കഴിയാതെയാണ് രാഹുൽ ജീവിതം തള്ളി നിൽക്കുന്നത്. ഒന്നും ഓർക്കാതിരിക്കാൻ വേണ്ടി തിരക്കുകളിൽ പെട്ട് ജീവിച്ചാലും എപ്പോഴെങ്കിലുമൊക്കെ ഒറ്റപെട്ട് പോകുമെന്നാണ് രാഹുൽ പറയുന്നത്. സുബിയുടെ വേർപാടിന് ഒരു വയസാകുമ്പോൾ കഴിഞ്ഞ ഒരു വർഷത്തെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് രാഹുൽ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ.
സുബിയുടെ മരണ വാർത്ത കേട്ടപ്പോൾ കരച്ചിലായിരുന്നില്ല ഒരു മരവിപ്പാണ് അനുഭവപ്പെട്ടതെന്നാണ് രാഹുൽ പറയുന്നത്. 'സുബിയെ പറ്റി എപ്പോഴും ആലോചിക്കും. സുബിയുടെ അമ്മയും സഹോദരനുമൊന്നും ആ വേർപാടിൽ നിന്ന് മുക്തി പ്രാപിച്ചിട്ടില്ല. കലാഭവന്റെ എല്ലാ പരിപാടികളും സുബി പങ്കെടുത്തിരുന്നതുകൊണ്ട് ആ ഓർമ വരും.'
'പരിപാടികൾക്കായി ഓരോ സ്ഥലത്ത് ചെല്ലുമ്പോൾ ആളുകൾ തിരിച്ചറിഞ്ഞ് വന്ന് സംസാരിക്കും. സുബിയുടെ കാര്യം പറഞ്ഞാണ് അവർ സംസാരിക്കാൻ വരുന്നത്. അതുകൊണ്ട് ദേഷ്യം തോന്നാറില്ല. സുബിയോടുള്ള ഇഷ്ടം കാരണം ആളുകൾക്ക് എന്നോടും ഇപ്പോൾ സ്നേഹമുണ്ട്. സുബി ഭക്ഷണം കഴിക്കാത്തതിൽ വിഷമം തോന്നിയിരുന്നു. പറഞ്ഞാലും ചിലപ്പോൾ കഴിക്കില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ ഞാൻ സുബിയെക്കാൾ കഷ്ടമാണ്.'
'സുബിയെപ്പോലെ സുബി മാത്രമെയുള്ളു. സുബിയുടെ വേർപാടിന്റെ വിഷമവും ഒറ്റപ്പെടലും കാരണം ഇപ്പോൾ വിഷമം ആസ്വദിക്കാൻ തുടങ്ങി. സുബിയുടെ മരണത്തോടെ ഞാൻ ഒറ്റപ്പെട്ടു. ചിലപ്പോൾ വല്ലാതെ വിഷമം വരും. പക്ഷെ അതിനെയൊക്കെ മറികടന്നല്ലേ പറ്റു. മരണം കേട്ടപ്പോൾ വിഷമമായിരുന്നില്ല ഒരു മരവിപ്പായിരുന്നു. പെട്ടന്ന് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ലല്ലോ.'

'സുബിക്ക് സിനിമ കിട്ടാഞ്ഞിട്ടല്ല. തിരക്ക് കാരണം സിനിമയിൽ അഭിനയിക്കാൻ പോകാതിരുന്നതാണ്. സുബിയുടെ വീട്ടുകാർ ആ മരണത്തിൽ നിന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സുബി തന്റേടിയാണെന്ന് തോന്നും പക്ഷെ വളരെ പാവമാണ്. തന്റേടം പുറത്ത് കാണിച്ച് നടന്നാലെ പിടിച്ചുനിൽക്കാൻ പറ്റൂവെന്ന് സുബി പറയാറുണ്ടായിരുന്നു. അതുപോലെ വേറൊരു കല്യാണം കഴിക്കാൻ സുബിയുടെ അമ്മയൊക്കെ ഭയങ്കരമായി നിർബന്ധിക്കുന്നുണ്ട്.'
'അതിനെ കുറിച്ച് പ്രേത്യകിച്ച് ഉത്തരമൊന്നും പറയാനില്ല. ഞാൻ അതേ കുറിച്ച് ആലോചിച്ചിട്ടില്ല. എല്ലാം അക്സപറ്റ് ചെയ്യുന്ന ഒരാൾ വരണമല്ലോ', എന്നാണ് സുബിയെ കുറിച്ച് സംസാരിച്ച് രാഹുൽ പറഞ്ഞത്. സുബിയുടെ ഓർമദിനത്തിൽ സുബിക്കൊപ്പമുള്ള ഒരു വിദേശ യാത്രയുടെ വീഡിയോയാണ് രാഹുൽ പങ്കിട്ടത്.
സുബിക്ക് വളരെ ഇഷ്ടപ്പെട്ടാണ് ഒരു പാട്ടാണ് വീഡിയോയ്ക്കൊപ്പം ചേർത്തിരുന്നത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 22നാണ് സുബി മരിച്ചത്. കരൾ മാറ്റിവെയ്ക്കാനുള്ള നിർദേശമുണ്ടായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. കഴിഞ്ഞ കുറച്ച് കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു.


Click it and Unblock the Notifications











