ഇലക്ഷന്‍ ജയിക്കണം, ഒന്നു ചെരിച്ചാല്‍ മോഹന്‍ലാല്‍, ഷാജോണ്‍ മിമിക്രിയിലെത്തിയ കഥ
മിമിക്രിയിലൂടെ മലയാള സിനിമയിലേക്കെത്തുകയും തുടര്‍ന്ന് കൈയ്യടക്കത്തോടെ നിരവധി കഥാപാത്രങ്ങള്‍ അഭിനയിക്കുകയും ചെയ്ത നടനാണ് കലാഭവന്‍ ഷാജോണ്‍. നമ്മളിലെ പുലി ഗോപാലന്‍ എന്ന കഥാപാത്രം കലാഭവന്‍ ഷാജോണിന് അക്കാലത്ത് ബ്രേക്ക് നല്‍കിയ സിനിമയായിരുന്നു. മിമിക്രിയ്ക്കും സ്‌റ്റേജ് ഷോകള്‍ക്കും പുറമെ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കെയാണ് ഷാജോണ്‍ നമ്മളിലെ കഥാപാത്രം ചെയ്യുന്നത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൂടുതലും കോമഡി കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന ഷാജോണിന് അത്തരം കഥാപാത്രങ്ങളില്‍ നിന്ന് കിട്ടിയ ബ്രേക്ക് ആണ് ദൃശ്യത്തിലെ വില്ലന്‍കഥാപാത്രം. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയാണ്. ഈ കഥാപാത്രത്തിന് കേരള സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പരാമര്‍ശവുമുണ്ടായിരുന്നു.

മൈ ഡിയര്‍ കരടി എന്ന ചിത്രത്തിലൂടെയാണ് സിനിമ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഈ പറക്കും തളിക, എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലെത്തിയെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം അതിന് ശേഷം ലഭിക്കുന്നത് ബാംബൂ ബോയ്‌സിലെ എസ്.ഐ കഥാപാത്രമാണ്. തുടര്‍ന്നാണ് നമ്മളില്‍ അഭിനയിക്കുന്നത്. ഏറ്റവും ഒടുവില്‍ ഇറങ്ങിയ ആട്ടം സിനിമയിലെ ഹരി എന്ന കഥാപാത്രവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത ചിത്രമാണ്.
എന്നാല്‍ മിമിക്രിയിലൂടെ സിനിമയിലെത്തിയ ഷാജോണ്‍ ഒരു പഴയ അഭിമുഖത്തില്‍ എങ്ങനെയാണ് മിമിക്രി ചെയ്യാന്‍ തുടങ്ങിയതെന്ന അനുഭവം പങ്കുവെക്കുന്നുണ്ട്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ രസകരമായി അഭിനയിച്ച് കാണിച്ച കഥയും ഷാജോണ്‍ പങ്കുവെക്കുന്നു. മിമിക്‌സ് ആന്‍ഡ് സിനിമ ഫ്‌ളാഷ് ബാക്ക് എന്ന യൂട്യൂബ് ചാനലിലാണ് അഭിമുഖം നല്‍കിയിരിക്കുന്നത്.
'കോളേജില്‍ പഠിക്കുന്ന കാലത്ത് ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ആയിട്ട് മത്സരിച്ചിരുന്നു. കുട്ടികളെ കാന്‍വാസ് ചെയ്യാന്‍ വേണ്ടി ആ സമയത്ത് പല ക്രൂരതകളും കാണിക്കേണ്ടി വന്നിട്ടുണ്ട്. പാട്ട് പാടി, ഡാന്‍സ് ചെയ്തു, അന്ന് എനിക്ക് എതിരെ നില്‍ക്കുന്നത് എന്റെ തന്നെ സുഹൃത്തായ ജെമിനിയാണ്, നല്ല ഒരു പാട്ടുകാരന്‍ കൂടിയാണ്. അങ്ങനെ അവനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണം. അതിന് കണ്ടുപിടിച്ച അടവായിരുന്നു മിമിക്രി,' ഷാജോണ്‍ പറയുന്നു.
ധൈര്യമായി കയറി അങ്ങോട്ട് ചെയ്യുകയായിരുന്നു. കൈ കൊണ്ട് താഴെ കുത്തി കാണിച്ചാല്‍ മമ്മൂട്ടി, തോള് ചെരിച്ചാല്‍ മോഹന്‍ലാല്‍, അങ്ങനെയൊക്കെയാണ്. അല്ലാതെ ഇവരെ ഒന്നും ചെയ്യാന്‍ അറിയുകയൊന്നുമില്ല. പക്ഷെ കുട്ടികള്‍ നല്ല കൈയ്യടി ഒക്കെ തന്നു. അങ്ങനെ ജയിച്ചു. ആദ്യം അനുകരിച്ചത് മോഹന്‍ലാലിനെയാണ്. പക്ഷെ മോഹന്‍ ലാലിനെ അനുകരിക്കാന്‍ അന്നും ഇന്നും അറിയില്ലെന്നും ഷാജോണ്‍ പറയുന്നു.

മിമിക്രി കൊള്ളാം എന്ന് ആദ്യമായി തോന്നിയത് അങ്ങനെയാണ്. നല്ല പരിപാടിയാണ്. അന്ന് രക്തത്തില്‍ കയറിയതാണ് മിമിക്രി. ആദ്യം കോട്ടയത്ത് പ്രണവം എന്ന് പറഞ്ഞിട്ടൊരു ട്രൂപ്പ് ഉണ്ടായിരുന്നു. അവിടുന്ന് മംഗളം പത്രം ഒക്കെ നടത്തുന്ന ടീമിന്റെ തന്നെ മംഗളം എന്ന് പേരുള്ള ട്രൂപ്പിലേക്ക് എത്തി. അവിടെ ഒരു മൂന്ന് വര്‍ഷത്തോളം ഉണ്ടായിരുന്നു. അവിടെ മിമിക്രി ഒക്കെ ചെയ്ത് നില്‍ക്കുമ്പോഴാണ് മിമിക്രിയുടെ കുലപതി എന്നൊക്കെ പറയാന്‍ പറ്റുന്ന കലാഭവന്‍ റഹ്‌മാന്‍ എന്ന് പറഞ്ഞ വ്യക്തി എന്നെ എറണാകുളത്തേക്ക് ക്ഷണിച്ചത്.
കൊച്ചിന്‍ ജോക്‌സ് ഇന്ത്യ എന്ന ട്രൂപ്പ് ആയിരുന്നു അത്. അവിടെയും രണ്ട്- മൂന്ന് വര്‍ഷം നില്‍ക്കുന്ന സമയത്താണ് കലാഭവനിലേക്ക് വിളിക്കുന്നത്. കലാഭവനില്‍ നില്‍ക്കുന്ന കാലത്ത് ഒത്തിരി വേള്‍ഡ് ടൂര്‍ പരിപാടികള്‍ ഒക്കെ ഉണ്ടായിരുന്നു. 12 ഓളം രാജ്യങ്ങളില്‍ മൂന്നര മാസത്തോളം തുടര്‍ച്ചയായി പരിപാടികള്‍ അവതരിപ്പിക്കാന്‍ പോയിട്ടുണ്ടെന്നും ഷാജോണ്‍ പറയുന്നു.


Click it and Unblock the Notifications











