ഷൂട്ട് കഴിഞ്ഞ് രാത്രി രാജു എന്നെ വിളിച്ചു; അന്ന് പറഞ്ഞ കാര്യം മറക്കില്ല; കലാഭവൻ ഷാജോൺ
മലയാള സിനിമയിൽ ഇന്ന് സൂപ്പർ താരമായി അറിയപ്പെടുന്ന നടനാണ് പൃഥിരാജ്. റിയലിസ്റ്റിക് സിനിമകളുടെ തരംഗത്തിനിടയിലും മാസ് മസാല സിനിമകളിലൂടെ മലയാളത്തിൽ ഹിറ്റുകളിടുക്കുകയാണ് പൃഥിരാജ്. നേരത്തെ ചില പരീക്ഷണ സിനിമകളുടെ ഭാഗമായെങ്കിലും ഇപ്പോൾ കൊമേഴ്ഷ്യൽ സിനിമകൾക്കാണ് പൃഥിരാജ് പ്രാധാന്യം നൽകുന്നത്.
കടുവ, കാപ്പ തുടങ്ങിയ സിനിമകൾ ഇതിനുദാഹരണാണ്. നടൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറും കംപ്ലീറ്റ് കൊമോഴ്ഷ്യൽ സിനിമയായിരുന്നു. നടനെന്നതിനപ്പുറം പൃഥിരാജ് ഇന്ന് സിനിമയുടെ പിന്നണിയിലും പ്രബല സാന്നിധ്യമാണ്.

സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ തുടങ്ങി വിവിധ മേഖലകളിൽ പൃഥി കൈവെച്ചു. ഭാര്യ സുപ്രിയക്കൊപ്പം പൃഥിരാജ് പ്രൊഡക്ഷൻസ് എന്ന കമ്പനിയാണ് പൃഥിരാജ് നടത്തുന്നത്. ഇപ്പോഴിതാ പൃഥിരാജിനെക്കുറിച്ച് കലാഭവൻ ഷാജോൺ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
പൃഥിരാജിനെ വെച്ച് ബ്രദേഴ്സ് ഡേ എന്ന സിനിമ കലാഭവൻ ഷാജോൺ സംവിധാനം ചെയ്തിരുന്നു. ഇതേക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

'പൃഥിരാജിനെ വെച്ച് ഞാനൊരു സിനിമ സംവിധാനം ചെയ്തിരുന്നു. ആ സിനിമ സംവിധാനം ചെയ്യവെ രാജു എന്നെ വിളിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്. രാജു ജോയിൻ ചെയ്ത ദിവസം ഷൂട്ട് കഴിഞ്ഞ് രാജു എന്റെ ഫോണിൽ വിളിച്ചു. ചേട്ടാ ഞാൻ ഹാപ്പിയാണ്. ഇത് പോലെ തന്നെ ഷൂട്ട് ചെയ്താൽ മതി. ലൊക്കേഷനിൽ വന്നിട്ട് വെറുതെ ഒരു സൈഡിൽ കസേരയിൽ കാലും വെച്ചിരിക്കും'
'ചേട്ടന് ഈ സിനിമയുമായി ബന്ധപ്പെട്ട എന്ത് കാര്യമുണ്ടെങ്കിലും എന്നെ വിളിച്ച് പറഞ്ഞാൽ മതി. ഞാനത് ഹാൻഡിൽ ചെയ്യാം'
'ഈ മൂഡിൽ ഫുൾ ഷൂട്ട് ചെയ്യണം. എന്നൊരു കോൺഫിഡൻസ് തന്നു. ആദ്യമായി ചെയ്യുമ്പോൾ അത് പോലൊരാൾ നമ്മളെ വിളിച്ച് അങ്ങനെ പറയുന്നത് വലിയ എനർജിയാണ്. അതൊരിക്കലും മറക്കാനാവാത്ത കമന്റാണ്,' കലാഭവൻ ഷാജോൺ പറഞ്ഞു.

നിലവിൽ കരിയറിൽ ചെറിയൊരു താഴ്ചയിലാണ് പൃഥിരാജുള്ളത്. ഏറെ പ്രതീക്ഷകളോടെയെത്തിയ നടന്റെ രണ്ട് സിനിമകൾ പ്രേക്ഷകരെ നിരാശപ്പെടുത്തി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡിനായി ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്.
എന്നാൽ സിനിമ പൂർണ പരാജയമായി. വ്യാപക ട്രോളുകളും വന്നു. പൊതുവെ തന്റെ സിനിമകളെ പറ്റി ആധികാരികമായി സംസാരിക്കുന്ന പൃഥി പക്ഷെ ഗോൾഡിന്റെ കാര്യത്തിൽ മൗനം പാലിക്കുകയും ചെയ്തു. പിന്നീടിറങ്ങിയ കാപ്പ സംവിധാനം ചെയ്തത് ഷാജി കൈലാസായിരുന്നു.

മാസ് എന്റർടെയ്നറായെത്തിയ സിനിമ തിയറ്ററിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചെങ്കിലും ഒടിടിയിലെത്തിയതോടെ വ്യാപക ട്രോളുകൾ വന്നു. സിനിമയിലെ പല രംഗങ്ങളും സീരിയലിനോട് പ്രേക്ഷകർ താരതമ്യം ചെയ്തു.
അതേസമയം 2023 പൃഥിരാജിന്റെ മികച്ച വർഷമായിരിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും നടന്റെ പുതിയ സിനിമകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രഭാസിനൊപ്പമെത്തുന്ന സലാർ ആണ് തെലുങ്ക് ചിത്രം. സിനിമയിലെ പൃഥിയുടെ ക്യാരക്ടർ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഹിന്ദിയിൽ സെൽഫി എന്ന സിനിമയും പൃഥിയെ വെച്ച് ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ ആടുജീവിതമാണ് ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമ.


Click it and Unblock the Notifications











