'മോനെ എനിക്ക് വിശ്വാസമാണ്, ഷാജോണിന്റെ മകൻ എന്ന പേരിൽ എവിടെയും സ്പെഷ്യൽ പ്രിവിലേജ് കിട്ടുന്നത് ഇഷ്ടമല്ല'
കലാഭവന്‍ മണിയുടെ ഡ്യൂപ്പായി സിനിമയില്‍ എത്തി കൊമേഡിയനായും സഹനടനായും വില്ലനായുമെല്ലാം മലയാള സിനിമയിൽ തിളങ്ങുന്ന പ്രതിഭയാണ് കലാഭവന്‍ ഷാജോണ്‍. മൈ ഡിയര്‍ കരടി എന്ന ചിത്രത്തില്‍ മുഖം കാണിക്കാന്‍ പറ്റാതെ പോയ ഷാജോണ്‍ പിന്നീട് മലയാള സിനിമയില്‍ നേടിയെടുത്ത വിജയം ആര്‍ക്കും പ്രചോദനം നൽകുന്നതാണ്. തിളക്കം, സദാനന്തന്റെ സമയം, സിഐഡി മൂസ, റണ്‍വേ, രസികന്‍ തുടങ്ങി തുടര്‍ച്ചയായി ദിലീപ് ചിത്രങ്ങളില്‍ വരാന്‍ തുടങ്ങിയതോടെയാണ് ഷാജോണിന്റെ കരിയറില്‍ വെളിച്ചം വന്ന് തുടങ്ങുന്നത്. എന്നാല്‍ ദൃശ്യം സിനിമിയിലെ വേഷത്തിലൂടെ കരിയര്‍ തന്നെ മാറി മറിഞ്ഞു.
ദൃശ്യം എന്ന സിനിമയിലെ അഭിനയത്തിന് നടന് സംസ്ഥാന പുരസ്‌കാരവും മറ്റ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും കിട്ടി. ഇപ്പോഴിതാ അച്ഛന്റെ വഴിയെ മകനും സിനിമയിലേക്ക് ചുവടുവെക്കുകയാണ്. റിലീസിന് തയ്യാറെടുക്കുന്ന സമാധാന പുസ്തകം എന്ന സിനിമയിലൂടെയാണ് ഷാജോണിന്റെ മകൻ യോഹാന്റെ സിനിമാ അരങ്ങേറ്റം. കാഴ്ചയിൽ മാത്രമല്ല കഴിവിലും സരസമായ സംസാരം കൊണ്ടും ഷാജോണിന്റെ തനിപകർപ്പാണ് മകൻ യോഹാൻ.

ഇരുവരും ഒരുമിച്ചുള്ള ഇൻസ്റ്റഗ്രാം റീലുകൾ നിരവധി മുമ്പ് വൈറലായിട്ടുണ്ട്. അന്നേ ആരാധകർ യോഹാന്റെ സിനിമാപ്രവേശനത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ അച്ഛനും മകനും ആദ്യമായി ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ട് പുതിയ സിനിമാ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ്. സൈന സൗത്ത് പ്ലസ്സിന് ഇരുവരും നൽകിയ അഭിമുഖം ശ്രദ്ധനേടി കഴിഞ്ഞു.
ഷാജോണിന്റെ മകൻ എന്ന പേരിൽ എവിടെയും സ്പെഷ്യൽ പ്രിവിലേജ് കിട്ടുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് യോഹാൻ പറയുന്നത്. അഭിനയത്തിന് മുമ്പ് പ്രിപ്പറേഷൻ നടത്തുന്ന കൂട്ടത്തിലാണ് മകനെന്ന് ഷാജോണും പറയുന്നു. മോൻ എന്നെപ്പോലെയാണ് കാണാൻ എന്നത് ഒരുപാട് സന്തോഷമാണ്. പണ്ട് മുതൽ ഞങ്ങളുടെ ഫോട്ടോകൾ കാണുമ്പോൾ എല്ലാവരും പറയാറുള്ള കാര്യമാണ് അത്. എന്റെയും മകന്റെയും കണ്ണുകളാണ് ഒരുപോലെ എന്നാണ് കൂടുതലും ആളുകൾ പറയാറുള്ളത്.
നമ്മുടെ മേഖലയിലേക്ക് മക്കളും വരണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഒരിക്കലും അതിനായി പ്രഷർ ചെയ്തിട്ടില്ല. പിന്നെ മകന് ഇഷ്ടമുള്ള മേഖലയാണ്. ഒരു ദിവസം പോലും മകന്റെ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഞാൻ പോയിട്ടില്ല. എന്റെ സാമീപ്യം കാരണം അവന് ബുദ്ധിമുട്ടുകൾ വരേണ്ടെന്ന് കരുതിയാണ് പോകാതിരുന്നത്. പിന്നെ സമാധാന പുസ്തകം സിനിമയുടെ സംവിധായകനെ വർഷങ്ങളായി എനിക്ക് പരിചയമുണ്ട്.
ചിത്രത്തിലേക്ക് ആദ്യം എന്നെ വിളിച്ചിരുന്നു. കഥ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് മകന് എന്തെങ്കിലും അവസരം കൊടുക്കാൻ പറ്റുമോയെന്ന് ചോദിച്ചത്. മാത്രമല്ല ഓഡീഷൻ ചെയ്തിട്ട് മാത്രം അവനെ എടുത്താൻ മതിയെന്നും ഞാൻ പറഞ്ഞിരുന്നു. അങ്ങനെ ഞാൻ സംവിധായകന് മോന്റെ ഫോട്ടോ അയച്ച് കൊടുത്തു. അവൻ അത് അറിഞ്ഞിരുന്നില്ല. ഓഡീഷനിലൂടെയാണ് തെരഞ്ഞെടുത്തത്.

മോൻ ഒരു മെയിൻ റോൾ തന്നെയാണ് ചെയ്യുന്നത്. എന്റെ ഭാര്യയാണ് മോന് അഭിനയിക്കുമ്പോൾ ടിപ്സൊക്കെ പറഞ്ഞ് കൊടുത്തത്. മോനെ എനിക്ക് വിശ്വാസമാണ്. കാരണം സീൻ ചെയ്യുന്നതിന് മുമ്പ് വീട്ടിൽ വന്ന് അവൻ പ്രിപ്പറേഷനൊക്കെ നടത്തുന്നുണ്ട്. അതുപോലെ ഷൂട്ട് തുടങ്ങും മുമ്പ് ക്യാംപുണ്ടായിരുന്നു ഇവനും സിനിമയിലെ മറ്റുള്ള താരങ്ങൾക്കുമായി.
പക്ഷെ ഞങ്ങളിൽ നിന്നും വേർപ്പെട്ട് നിൽക്കേണ്ടി വന്നതുകൊണ്ട് മോൻ ഫോൺ വിളിച്ച് കരച്ചിലായിരുന്നു ഷാജോൺ പറഞ്ഞു. പിന്നീട് ആദ്യ ഷൂട്ടിങ് സെറ്റ് അനുഭവം യോഹാനാണ് പങ്കിട്ടത്. സമാധാന പുസ്തകം എന്നാണ് സിനിമയുടെ പേര്. സിനിമയിൽ മുഴുവൻ പുതുമുഖങ്ങളാണ്. മേഘനാഥൻ സാർ, ലിയോണ ചേച്ചി, സിജു ചേട്ടൻ തുടങ്ങി നിരവധി സീനിയർ താരങ്ങൾ സിനിമയിലുണ്ട്.
നീ നിന്റെ സ്റ്റൈലിൽ അഭിനയിക്കൂ ആരെയും മിമിക്ക് ചെയ്യാൻ നോക്കേണ്ടെന്നാണ് ഞാൻ സിനിമയിലേക്ക് വന്നപ്പോൾ അപ്പ പറഞ്ഞത്. അതുപോലെ ഷാജോണിന്റെ മകൻ എന്ന പേരിൽ എവിടെയും സ്പെഷ്യൽ പ്രിവിലേജ് കിട്ടുന്നത് എനിക്ക് ഇഷ്ടമല്ല.
എന്റെ ഫ്രണ്ട്സ് പോലും അത്തരത്തിൽ എന്നോട് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അപ്പ സെറ്റിൽ വന്നാൽ എന്തായാലും എനിക്ക് അഡ്വൈസ് തരും. അതുകൊണ്ടാണ് അപ്പ വരാതിരുന്നത്. ക്യാമറ എനിക്ക് അധികം പേടിയില്ല. സെറ്റിൽ സീൻ ചെയ്യുമ്പോൾ ജീവിക്കുകയായിരുന്നു.
പലപ്പോഴും ക്യാമറ ഉണ്ടെന്നത് പോലും മറന്നു. അപ്പ ഭയങ്കര ഫ്രണ്ട്ലിയാണ്. സ്ട്രിക്ടാകേണ്ട സമയത്ത് സ്ട്രിക്ടാകും അത്രമാത്രം. അമ്മയാണ് കുറച്ച് കൂടി സ്ട്രിക്ട്. ഒന്നിന്റെ പേരിലും ഞങ്ങളെ പിടിച്ച് വെക്കുന്നയാളല്ല അപ്പയെന്നും യോഹാൻ പറഞ്ഞു.


Click it and Unblock the Notifications











