ബ്രദേഴസ് ഡേ ഷൂട്ടിങ്ങ് തുടങ്ങി ആദ്യദിവസം പൃഥ്വിരാജ് വിളിച്ചു! നല്‍കിയ ഉപദേശം ഇങ്ങനെ!

പൃഥ്വിരാജ് സംവിധായകനായി മാറിയതിന് പിന്നാലെയായാണ് കൂടുതല്‍ താരങ്ങളോട് സംവിധാനത്തെക്കുറിച്ചുള്ള ചോദ്യമുന്നയിച്ച് ആരാധകരെത്തിയത്. യുവതാരങ്ങളില്‍ പലരും മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ലൂസിഫറിലൂടെയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ സംവിധായകനായി മാറിയത്. 200 കോടി ക്ലബില്‍ ഇടം നേടിയതുള്‍പ്പടെ ഗംഭീര വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. രണ്ടാം ഭാഗത്തിനുള്ള സാധ്യത അവശേഷിപ്പിച്ചായിരുന്നു ലൂസിഫര്‍ അവസാനിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി രണ്ടാം ഭാഗവുമായി എമ്പുരാനിലൂടെ എത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുമായാണ് ഇനി പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഓണത്തിന് സിനിമയെത്തുമെന്നുള്ള വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നത്. കൃത്യമായ റിലീസ് തീയതി പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ഷാജോണ്‍. പ്രശസ്ത സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഷാജോണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

സിനിമയിലേക്കുള്ള വരവ്

ഡ്യൂപ്പായി സിനിമയില്‍ തുടക്കം കുറിച്ചയാളാണ് കലാഭവന്‍ ഷാജോണ്‍. മൈ ഡിയര്‍ കരടിയില്‍ കരടി വേഷത്തിലെത്തിയത് ഷാജോണായിരുന്നു. കലാഭവന്‍ മണിയായിരുന്നു ചിത്രത്തിലെ നായകന്‍. ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു പിന്നീട് അദ്ദേഹത്തിന് ലഭിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ സഹദേവന്‍ എന്ന പോലീസുകാരനിലൂടെയാണ് താരത്തിന്‍രെ സിനിമാജീവിതം മാറി മറിഞ്ഞത്. ഹാസ്യം മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളും തന്നില്‍ സുരക്ഷിതമാണെന്ന് താരം തെളിയിക്കുകയായിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

കോമഡി ചിത്രമല്ല

മിമിക്രിയില്‍ നിന്നുമാണ് താന്‍ സിനിമയിലേക്ക് കടന്നുവന്നത്. അതിനാല്‍ത്തന്നെ ബ്രദേഴ്‌സ് ഡേ കോമഡി ചിത്രമാണോയെന്ന തരത്തിലുള്ള ചോദ്യം ഇതിനകം ഉയര്‍ന്നുവന്നിരുന്നുവെന്ന് ഷാജോണ്‍ പറയുന്നു. നിരവധി പേരാണ് തന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചത്. തമാശയുള്ള ഫാമിലി ത്രില്ലര്‍ ജോണറില്‍ വരുന്ന സിനിമയാണ് ഇത്. ഫൈറ്റും സെന്റിമെന്‍സും തമാശയും പാട്ടുമെല്ലാം ഈ ചിത്രത്തിലുമുണ്ട്. ഷാജോണ്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

പൃഥ്വിരാജിനോട് കഥ പറഞ്ഞപ്പോള്‍

നേരത്തെ തന്നെ സിനിമയുടെ ത്രഡ് മനസ്സിലുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് രാജുവിനോട് കഥ പറഞ്ഞത്. മറ്റാരെക്കൊണ്ടെങ്കിലും സംവിധാനം ചെയ്യിക്കാം എന്നായിരിന്നു ആ സമയത്ത് മനസ്സിലുണ്ടായിരുന്നത്. 3 വര്‍ഷം മുന്‍പായിരുന്നു രാജുവിനോട് സിനിമയെക്കുറിച്ച് പറഞ്ഞത്. കഥ കേട്ടതിന് ശേഷം രാജുവാണ് ഇത് ചേട്ടന് തന്നെ സംവിധാനം ചെയ്തൂടേയെന്ന് ചോദിച്ചത്.

സംവിധാനം ശരിയാവുമോ?

അഭിനയിക്കാനായി സിനിമകളൊക്കെ കിട്ടുന്നുണ്ട്. അതിനിടയില്‍ സംവിധാനം വേണോ, അത് ശരിയാവുമോയെന്ന് രാജുവിനോട് ചോദിച്ചപ്പോള്‍ ചേട്ടന്‍ തന്നെ സംവിധാനം ചെയ്താല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെയെങ്കില്‍ താന്‍ ഡേറ്റ് തരാമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇത്രയും നന്നായി വിവരിക്കാനറിയാവുന്ന ചേട്ടന്‍ തന്നെ ഈ സിനിമ ചെയ്യണമെന്നായിരുന്നു രാജുവിന്റെ നിലപാട്. അങ്ങനെയാണ് താന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതെന്നും ഷാജോണ്‍ പറയുന്നു.

പൃഥ്വിരാജിന്റെ ഇടപെടല്‍

ലൂസിഫറിന് ശേഷം പൃഥ്വിരാജ് ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ തന്നിരുന്നോയെന്ന തരത്തില്‍ പലരും ചോദിച്ചിരുന്നു. സംവിധാനത്തിലോ മറ്റ് കാര്യങ്ങളിലോ ഒന്നും രാജു ഇടപെട്ടിരുന്നില്ല. താന്‍ അങ്ങോട്ട് പറയുമ്പോഴാണ് എടുത്ത സീന്‍ പോലും അദ്ദേഹം കാണുന്നത്. രാജുവിന്‍രെ നിര്‍ദേശത്തിനായി താനും കാത്തിരുന്നുവെങ്കിലും ചേട്ടാ, ഞാനിത് എന്‍ജോയ് ചെയ്യാന്‍ വേണ്ടി വരുന്ന സിനിമയാണ്, ഇത് ചേട്ടന്‍ നന്നായി ചെയ്യുമെന്നറിയാം, ചേട്ടന്‍ ചേട്ടന്റെ ജോലി ചെയ്‌തോളൂയെന്നായിരുന്നു രാജു പറഞ്ഞത്.

ആദ്യത്തെ ദിവസം

ലൂസിഫര്‍ റിലീസിന് പിന്നാലെയായി അവധിയാഘോഷിക്കാനായി പോയ പൃഥ്വിരാജ് തിരിച്ചെത്തിയത് ബ്രദേഴ്‌സ് ഡേ ലൊക്കേഷനിലേക്കായിരുന്നു. 8 പേരടങ്ങുന്ന ഒരു രംഗമായിരുന്നു ആദ്യദിനത്തില്‍ ചിത്രീകരിച്ചത്. അന്ന് രാത്രി തന്നെ അദ്ദേഹം തന്നെ വിളിച്ച് ഒരു ഹാപ്പി ന്യൂസ് പറയാനുണ്ടെന്ന് പറഞ്ഞിരുന്നു. താന്‍ ഭയങ്കര ഹാപ്പിയാണെന്നും വിചാരിച്ചതിന്റെ നൂറുമടങ്ങ് മുകളില്‍ നിന്നുകൊണ്ട് ചേട്ടന്‍ ചെയ്യുന്നുണ്ട്. ഇനിയങ്ങോട്ടും ഇത് പോലെ തന്നെ പോയാല്‍ മതിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ആ വാക്കുകള്‍ നല്‍കിയ വിശ്വസം വളരെ വലുതായിരുന്നുവെന്നും ഷാജോണ്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X