ചില ആർട്ടിസ്റ്റുകൾ പരാതി പറയും; പക്ഷെ വീട്ടിലേക്കാൾ നല്ലതാണ്; അഭിനയിക്കവെ മരിക്കണം; കാലടി ഓമന
ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമാ, സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് കാലടി ഓമന. നാടകത്തിലാണ് കാലടി ഓമന തുടക്കം കുറിക്കുന്നത്. ഇന്ന് സീരിയൽ രംഗത്താണ് ഓമന കൂടുതൽ സജീവം. മലയാളത്തിന് പുറമെ തമിഴ് സീരിയലുകളും ചെയ്യുന്നു. അഭിനയ രംഗത്തേക്കുള്ള തന്റെ കടന്ന് വരവിനെക്കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് കാലടി ഓമന. സീരിയൽ ടുഡേ ചാനലുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ദരിദ്ര കുടുംബത്തിൽ നിന്ന് വന്ന താൻ ഉപജീവനമാർഗമായാണ്
അഭിനയത്തിലേക്ക് എത്തുന്നതെന്ന് ഓമന പറയുന്നു.
പയറ്റിത്തെളിഞ്ഞ് കരിയറിൽ നിന്നു. കല്യാണം കഴിഞ്ഞ് കുറേ നാൾ ഫീൽഡിൽ ഇല്ലായിരുന്നു. രണ്ട് കുട്ടികളായി. അവർക്ക് പത്താം ക്ലാസ് പഠനം കഴിഞ്ഞ ശേഷമാണ് അഭിനയത്തിലേക്ക് തിരിച്ച് വരുന്നത്. ഇടവേള എടുക്കുന്നതല്ല. അത് വന്ന് ഭവിക്കുന്നതാണ്. മക്കളുടെ വിവാഹവും പേരക്കുട്ടികളുടെ ജനനവുമെല്ലാം വന്നപ്പോൾ ഇടവേളയെടുത്തു. പിന്നീട് വീണ്ടും സജീവമാവുകയായിരുന്നു. ഭർത്താവ് അധ്യാപകനായിരുന്നു. സർവീസിൽ ഇരിക്കുമ്പോഴാണ് അദ്ദേഹം മരിച്ചത്.

ആ ജോലി ഇളയ മകൾക്ക് കിട്ടിയെന്നും കാലടി ഓമന വ്യക്തമാക്കി. കരിയറിൽ ഇന്നും തുടരുന്നതിനെക്കുറിച്ചും നടി സംസാരിച്ചു. രാവിലെ ആറരക്ക് വണ്ടി വരുമെങ്കിൽ 6.20 ന് ഞാൻ റെഡിയായി കാത്തിരിക്കും. ഞങ്ങളുടെ ചിട്ടയാണത്. അതൊക്കെ കൊണ്ടായിരിക്കാം ഇപ്പോഴും സജീവമായി നിൽക്കാൻ പറ്റുന്നത്. കാല് വയ്യ, മുട്ട് വയ്യ എന്ന് പറഞ്ഞ് കൊണ്ടിരുന്നാൽ എപ്പോഴും അസുഖമായിരിക്കും. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. പക്ഷെ അത് മൈൻഡ് ചെയ്യാറില്ല.
ജനിച്ചാൽ ഒരു മരണമുണ്ട്. ആ സമയത്ത് അത് നടക്കും. താൻ ഇടയ്ക്കിടെ ചെക്കപ്പിനൊന്നും പോകാറില്ലെന്നും കാലടി ഓമന പറയുന്നു. വീട്ടിലാണെങ്കിൽ മക്കളേ ചായ എന്ന് പറയണം. സെറ്റിലാണെങ്കിൽ ചാ എന്ന് പറയുമ്പോഴേക്കും ചായ എത്തും. എന്താ അമ്മേ വേണ്ടതെന്ന് അവർ ചോദിക്കും. എന്താണെങ്കിലും വീട്ടിനേക്കാളും സുഭിക്ഷമാണ് ലൊക്കേഷനിൽ. എന്നാലും ഉപ്പില്ല എന്നൊക്കെ ചില ആർട്ടിസ്റ്റുകൾ പരാതി പറയും.

നമ്മൾ എല്ലാവരും ജീവിക്കുന്നത് ഒരു ചാൺ വയറിന് വേണ്ടിയാണ്. ഇവിടെ കിട്ടുന്നത് സൗഭാഗ്യമാണെന്ന് തനിക്ക് തോന്നുമെന്നും കാലടി ഓമന പറയുന്നു. സിനിമാ സീരിയൽ രംഗത്ത് വന്ന മാറ്റത്തെക്കുറിച്ചും കാലടി ഓമന സംസാരിച്ചു. മുമ്പ് പഴയ ആളുകളെല്ലാം ഒരുമിച്ചിരുന്ന് ചിരിച്ച് കളിക്കും. ലളിത ചേച്ചിയും സുകുമാരിയമ്മയുമൊക്കെ ഉള്ളപ്പോൾ അങ്ങനെയായിരുന്നു. പക്ഷെ കാലം പോയപ്പോൾ കാരവാനൊക്കെ വന്നു. അഞ്ച് മിനുട്ട് കിട്ടിയാൽ മാെബൈൽ നോക്കും. പണ്ടത്തെ പോലെ ഇഴുകി ചേരുന്നില്ലെന്നും കാലടി ഓമന ചൂണ്ടിക്കാട്ടി.
സത്യൻ അന്തിക്കാട്, ഫാസിൽ, കെ മധു, ജോഷി, സിബി മലയിൽ തുടങ്ങിയ സംവിധായകരുടെ സിനിമകളിലെല്ലാം അഭിനയിച്ചു. ഇപ്പോൾ നായകൻമാർക്ക് അച്ഛനും ഇല്ല അമ്മയും ഇല്ല. ഇപ്പോൾ അയൽവക്കത്തുള്ളവരോ അകന്ന ബന്ധത്തിലെ അമ്മായിയൊക്കെ ആയേ സിനിമയിൽ റോളുള്ളൂ. സീരിയൽ ഒരുപാട് ചെയ്തു. ദൂരദർശൻ തുടങ്ങിയ കാലം മുതൽ അഭിനയ രംഗത്ത് ഞാനുണ്ട്. സിനിമയിന്ന് അഭിനയിച്ച് കൊണ്ട് മരിക്കണം എന്ന് തന്നെയാണ് ഇപ്പോൾ എന്റെ ആഗ്രഹം. എവിടെയെങ്കിലും കിടന്ന് നരകിക്കരുതെന്നുണ്ടെന്നും കാലടി ഓമന വ്യക്തമാക്കി.


Click it and Unblock the Notifications