റിസപ്ഷൻ കഴിഞ്ഞതിന് പിന്നാലെ പറന്നു, കാളിദാസും തരിണിയും കുടുംബത്തോടൊപ്പം; മിഥുനം 2 ആണോയെന്ന് കമന്റ്
കഴിഞ്ഞ ഞായറാഴ്ചയാണ് നടൻ കാളിദാസ് ജയറാം വിവാഹിതനായത്. ഗുരുവായൂരമ്പലത്തിൽ വെച്ചാണ് കാളിദാസ് പ്രണയിനി തരിണി കലിംഗരായർക്ക് താലി ചാർത്തിയത്. കുറച്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മോഡലായ തരിണിയുടെ സ്വദേശം നീലഗിരിയാണ്. വിവാഹ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് കാളിദാസ്. വീട്ടിലേക്ക് പുതിയ അംഗമെത്തിയതിന്റെ സന്തോഷം ജയറാമിനും പാർവതിക്കുമുണ്ട്. മരുമകളല്ല, മകളാണ് തനിക്ക് തരിണിയെന്നാണ് ജയറാം പറഞ്ഞത്.
ഒരു വർഷത്തിനിടെ താര കുടുംബത്തിൽ നടന്ന രണ്ടാമത്തെ വിവാഹമാണിത്. ഈ വർഷം മെയ് മാസത്തിലായിരുന്നു കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം നടന്നത്. നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ ഭർത്താവിന്റെ പേര്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കാളിദാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഫിൻലന്റിൽ നിന്നുള്ള ഫോട്ടയാണ് കാളിദാസ് പങ്കുവെച്ചത്. ഒപ്പം ഭാര്യ തരിണിയും അച്ഛനും അമ്മയും മാളവികയും നവനീതുമുണ്ട്. വിവാഹം കഴിഞ്ഞ് ബുധനാഴ്ച നടന്ന റിസപ്ഷന് ശേഷം താര കുടുംബം ഫിൻലൻഡിലേക്ക് പറന്നിട്ടുണ്ട്. ഫിൻലന്റിലെ ലാപ്ലന്റിൽ നിന്നുള്ള ദൃശ്യങ്ങൾ തരിണിയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.
വിവാഹ ശേഷമുള്ള ഹണിമുൺ യാത്ര കുടുംബത്തോടൊപ്പമാക്കിയതിൽ കാളിദാസിന്റെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. മിഥുനം 2 എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകുന്ന ജയറാമിനെയും കാളിദാസിനെയും ആരാധകർ പ്രശംസിക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കാളിദാസ്-തരിണി വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

പിന്നാലെ ചെന്നെെയിൽ റിസപ്ഷനും നടന്നു. കാളിദാസിന്റെ വിവാഹ ശേഷം കുടുംബത്തോടൊപ്പം യാത്രയുണ്ടെന്ന് മാളവിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യാത്രയ്ക്കായുള്ള ആകാംക്ഷയിലാണ് താനെന്നും ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായാണ് യാത്രയെന്നും മാളവിക പറഞ്ഞിരുന്നു. കാളിദാസിന്റെ കുടുംബത്തെ പ്രണയ കാലത്തേ അടുത്തറിഞ്ഞതാണ്. തരിണി നേരത്തെ തന്റെ വീട്ടിലെ കുട്ടിയായി കഴിഞ്ഞെന്ന് ജയറാം വിവാഹ ശേഷം പറഞ്ഞിരുന്നു.
താലി കെട്ടി ഒരിക്കൽ കൂടി വീട്ടിലേക്ക് വരുന്നു എന്ന് മാത്രം. അവൾ നമ്മുടെ വീട്ടിലെ കുട്ടിയായി മാറിക്കഴിഞ്ഞു. താരു വന്ന ശേഷമാണ് കിച്ചു (നവനീത്) വീട്ടിലേക്ക് വന്നത്. ഞങ്ങൾ ആറുപേരായി ഇന്ന് കുടുംബം വലുതായി. അതിൽ സന്തോഷമുണ്ടെന്നും ജയറാം പറഞ്ഞു. കാളിദാസിന്റെയും തരിണിയുടെയും യാത്ര മൂന്ന് വർഷം മുന്നേ തുടങ്ങിയതാണ്. ശരിക്കും തന്റെ വിവാഹത്തേക്കാൾ എക്സെെറ്റഡ് കണ്ണന്റെ വിവാഹത്തിനായിരുന്നെന്നാണ് മാളവിക പറഞ്ഞത്.
ജയറാമും പാർവതിയും വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായത് ഗുരുവായൂരിൽ വെച്ചാണ്. അന്ന് സിനിമാ ലോകത്ത് ഇത് വലിയ വാർത്തയായിരുന്നു. പാർവതിയുടെ കുടുംബം ഈ ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം പാർവതിയുടെ കുടുംബം അകൽച്ച മാറ്റി വെച്ച് ജയറാമിനെ സ്വന്തം മകനായി കണ്ടു. കരിയറിനൊപ്പം കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്ന നടനാണ് ജയറാം.


Click it and Unblock the Notifications