ഒരു സെക്കന്റ് പോലും ചിന്തിക്കാൻ നിന്നില്ല; നമ്മുടെ സംസ്കാരത്തെ കളിയാക്കുന്ന സിനിമ; കാളിദാസിന് പ്രശംസ പ്രവാഹം!
ഒരു വലിയ ഇടവേളയ്ക്കുശേഷം ജയറാമും മകൻ കാളിദാസും ഒരുമിച്ച് അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമയായിരുന്നു ആശകൾ ആയിരം. ബാലതാരമായിരുന്നപ്പോഴാണ് അച്ഛൻ ജയറാമിനൊപ്പം കാളിദാസ് ഒരുമിച്ച് അഭിനയിച്ചത്. മുതിർന്നശേഷം നായകനായും സഹനടനായും നിരവധി സിനിമകൾ ചെയ്തുവെങ്കിലും അച്ഛനൊപ്പം അഭിനയിക്കാൻ ഒരു അവസരം കാളിദാസിന് കിട്ടിയിരുന്നില്ല.
ആശാ ശരത്തും ഇഷാനി കൃഷ്ണകുമാറുമായിരുന്നു ആശകൾ ആയിരത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തവർ. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടയിൽ ഇപ്പോഴിതാ അച്ഛനും മകനും പങ്കെടുത്ത ഒരു തമിഴ് അഭിമുഖം വൈറലാവുകയാണ്.

ആശകൾ ആയിരത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖമായിരുന്നു അത്. അവതാരകൻ ചോദിച്ച ചില ചോദ്യങ്ങൾ ഇരുവരും നൽകിയ മറുപടിയാണ് അഭിമുഖം വീണ്ടും വൈറലാകാൻ കാരണം. അടുത്തിടെ കണ്ടതിൽ ഏറ്റവും മോശം സിനിമ ഏതാണെന്ന ചോദ്യത്തിന് കാളിദാസ് നൽകിയ മറുപടിയാണ് വൈറലാകുന്നതിൽ ഒന്ന്.
ചോദ്യം ജയറാമിനോട് ആയിരുന്നുവെങ്കിലും തന്റെ ഊഴം വരുന്നതിന് മുമ്പ് തന്നെ കാളിദാസ് മറുപടി പറഞ്ഞു. ബോളിവുഡ് സിനിമ പരം സുന്ദരിയാണ് താൻ അടുത്തിടെ കണ്ടതിൽ ഏറ്റവും മോശം സിനിമ എന്നാണ് കാളിദാസ് പറഞ്ഞത്. കേരളത്തിന്റെ സംസ്കാരത്തെ ആ സിനിമയിൽ കളിയാക്കിയതുപോലെ തോന്നി എന്ന് നടൻ പറഞ്ഞു. അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മോശം സിനിമ ഏതാണെന്ന് ചോദിച്ചാൽ ഞാൻ ഉത്തരം പറയട്ടേ?.
പരം സുന്ദരി. വളരെ മോശം സിനിമ. ഞാൻ തുറന്ന് പറയുകയാണ്. കാരണം നമ്മുടെ കൾച്ചറിനേയും സംസ്കാരത്തേയും കോമഡിയാക്കി കളിയാക്കുന്നത് പോലെയാണ് ആ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഈയടുത്ത് കണ്ട ഏറ്റവും മോശം സിനിമയാണ് പരം സുന്ദരി. കേരളത്തെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്തവര്‍ ചെയ്തതുപോലെ.
അതുപോലൊരു മോശം സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്ന് കാളിദാസ് പറഞ്ഞു. ജാൻവി കപൂർ നായികയായ സിനിമയുടെ ടീസറും ട്രെയിലറുമെല്ലാം വലിയ രീതിയിൽ ട്രോൾ ഏറ്റുവാങ്ങിയിരുന്നു. ജാൻവിയുടെ തപ്പിതടഞ്ഞുള്ള മലയാളവും തെങ്ങ് കയറ്റവും എല്ലാം തന്നെയായിരുന്നു കാരണം. കാളിദാസിന്റെ മറുപടി വൈറലായതോടെ വീഡിയോ മലയാളികൾ ആഘോഷിക്കുകയാണ്.

ചോദ്യം കേട്ടയുടൻ തന്നെ ഉത്തരം വന്നു. ബ്രോ ഒരു സെക്കന്റ് പോലും ചിന്തിച്ചില്ല. മലയാളികളുടെ മനസറിഞ്ഞ് മറുപടി പറഞ്ഞതിന് അഭിനന്ദനങ്ങൾ എന്നായിരുന്നു നടനെ പ്രശംസിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾ. തന്റെ സീക്രട്ട് സെലിബ്രിറ്റി ക്രഷിനെ കുറിച്ചും താരം വെളിപ്പെടുത്തി. സീക്രട്ട് സെലിബ്രിറ്റി ക്രഷിൽ ഒന്ന് സിമ്രാൻ മാമും മറ്റൊന്ന് ശാലിനി മാമുമാണ്. കാരണം നമ്മളെല്ലാം നയന്റീസ് കിഡ്സ് അല്ലേ? എന്നാണ് കാളിദാസ് പറഞ്ഞത്.
ഏറ്റവും പ്രിയപ്പെട്ട നായികയെ കുറിച്ച് അഭിമുഖത്തിൽ ജയറാമും വാചാലനായി. ഒരുപാട് പേരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അവർക്കൊപ്പം ഞാൻ നായകനായി ഇരുപത്തിരണ്ടിന് അടുത്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടിയാണ്. അതിൽ നാലെണ്ണം കിട്ടിയത് എനിക്കൊപ്പം അഭിനയിച്ചപ്പോഴാണ്. നാഷണൽ അവാർഡും കിട്ടിയ നടിയാണ്.
ഇപ്പോൾ വർഷങ്ങൾക്കുശേഷം ഞങ്ങൾ വീണ്ടും ഒരുമിച്ച് നായകനും നായികയുമായി അഭിനയിക്കാൻ പോവുകയാണ്. ഇപ്പോൾ ഷൂട്ടിങ് നടക്കുകയാണ്. ഓരോ സീനിനും കുറഞ്ഞത് ഇരുപത് ടേക്ക് എങ്കിലും വേണം. കാരണം അഭിനയിക്കുന്നതിന് ഇടയിൽ ഞങ്ങൾ പരസ്പരം ചിരിച്ച് പോകും.
അത് മറ്റാരുമല്ല ഉർവശിയാണ് എന്നാണ് ജയറാം പറഞ്ഞത്. പഞ്ചതന്ത്രം മാത്രമല്ല. സാധിക്കുമെങ്കിൽ മലയാളത്തിൽ ഇവർ ചേർന്ന് അഭിനയിച്ച സിനിമകൾ കൂടി നിങ്ങൾ കാണണം. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്ന് കാളിദാസും കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











